പുതിയ തലമുറയ്ക്ക് ഇതുവരെ കേട്ടറിവ് മാത്രമായിരുന്ന വെള്ളപ്പൊക്കം അനുഭവിച്ചശേഷമെത്തിയ വേനലിന് ചൂടുകൂടുതലാണ്. അത് തിരഞ്ഞെടുപ്പ് രംഗത്തുമുണ്ട്.  സംസ്ഥാനത്ത് ബി.ജെ.പി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ ഉരുക്കുകോട്ടയായും കാണുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ്  യു.ഡി.എഫ്. കരുനീക്കം.
 
രാഷ്ട്രീയ യുദ്ധക്കളങ്ങളില്‍ വീറും വാശിയും കൂടുക സ്വാഭാവികമാണ്. അതിനൊപ്പം മത്സരരംഗത്ത്  സഹപാഠികളും സുഹൃത്തുക്കളുമായ  മൂന്നുപേര്‍-എം.ബി. രാജേഷ്(എല്‍.ഡി. എഫ്.), വി.കെ. ശ്രീകണ്ഠന്‍(യു.ഡി.എഫ്.), സി. കൃഷ്ണകുമാര്‍(എന്‍.ഡി.എ.) എത്തുമ്പോള്‍ മത്സരത്തിന്റെ ചൂട് സ്വാഭാവികമായും കൂട്ടുന്നുണ്ട്.  മത്സരം മാന്യതയുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നില്‍ക്കാന്‍ ഈ സൗഹൃദം വലിയൊരളവോളം സഹായിക്കുന്നുമുണ്ട്. വ്യക്തിപരമായ ആരോപണപ്രത്യാരോപണങ്ങളില്ലാതെയാണ് മത്സരം. ശക്തമായ ത്രികോണമത്സരത്തിനാണ് പാലക്കാട് ഇത്തവണ വേദിയൊരുക്കുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളെല്ലാം ചര്‍ച്ചാവിഷയമാവുന്നതിനൊപ്പം സി.പി.എമ്മിനെതിരേ  ഉയര്‍ന്ന മണ്ണാര്‍ക്കാട്ടെയും ചെര്‍പ്പുളശ്ശേരിയിലേയുമൊക്കെ പീഡനാരോപണങ്ങളും എതിര്‍കക്ഷികള്‍ പ്രചാരണരംഗം കൊഴുപ്പിക്കാന്‍  ഉപയോഗിക്കുന്നുണ്ട്.
 
ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേര്‍ന്നതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊര്‍ണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി  ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലം. തൊട്ടടുത്ത് കോങ്ങാട് മണ്ഡലം. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്.

വികസനം പ്രചാരണത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാവുമ്പോള്‍ മണ്ഡലത്തില്‍ എം.പി.ക്ക്  കൈവരിക്കാനായ കാര്യങ്ങള്‍ നിരത്തിയാണ് ഇടതുമുന്നണിയുടെ പ്രയാണം.  അതേസമയം, ഐ.ഐ. ടി. അടക്കമുള്ള കേന്ദ്രപദ്ധതികള്‍ സ്വന്തം പേരിലാക്കി  മേനിനടിക്കുകയാണെന്ന  വാദമാണ് എന്‍.ഡി.എ. ഉയര്‍ത്തുന്നത്. വ്യവസായ വികസനവും റെയില്‍വേ വികസനവുമെന്ന പോലെ കാര്‍ഷിക രംഗത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെല്ലാം ചര്‍ച്ചാവിഷയമാവുന്നുണ്ട്. പക്ഷേ, അതിനെയെല്ലാം ശക്തമായ സി.പി.എം. സംഘടനാ സംവിധാനം വഴി മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
 
2009-ല്‍ പാലക്കാട് ലോക്സഭാ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന്‌ശേഷം രണ്ടുതവണയും ഇടതുപക്ഷത്തോടൊപ്പമാണ് നിന്നത്.  രണ്ടുതവണയും എം.ബി. രാജേഷായിരുന്നു വിജയി. ആദ്യതവണത്തെ  1820 വോട്ടിന്റെ ഭൂരിപക്ഷം  രണ്ടാംതവണ 1,05,300 ആക്കി വര്‍ധിപ്പിച്ചു. 12,05,798 വോട്ടര്‍മാരില്‍ 9,09,060 പേരാണ് 2014 ല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്.   2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആകെ കിട്ടിയത് 4,30,953 വോട്ട്. യു.ഡി.എഫിന് 3,62,916. ഭൂരിപക്ഷം 68,037. ബി.ജെ.പിക്ക്  1,82,368. മലമ്പുഴയിലും പാലക്കാട്ടും ബി.ജെ.പി. ആണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാടും പാലക്കാടും മാത്രമാണ്  യു.ഡി.എഫിനൊപ്പം നിന്നത്.  

ടേണിങ് പോയന്റ്  

ആദിവാസി  ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്.  ഈ വിഭാഗങ്ങളുടെ വോട്ടിന്റെ ഗതിവിഗതികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാവുന്നതാണ്. 
വ്യവസായമേഖലയില്‍ നോട്ട് നിരോധനവും ജി.എസ്.ടി.യും സൃഷ്ടിച്ച പ്രശ്‌നങ്ങളെല്ലാം വോട്ടില്‍ പ്രതിഫലിക്കും.  ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പാലക്കാട് പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതുണ്ടാക്കിയ അടിയൊഴുക്കുകള്‍  ഇനിയും തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളൂ.


ശക്തി

യു.ഡി.എഫ്. : മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക്  പരിചയപ്പെടുത്തലുകള്‍ വേണ്ട. നാല്പതുവര്‍ഷത്തിനുശേഷം ജില്ലയില്‍ കോണ്‍ഗ്രസ് നടത്തിയ പദയാത്രയിലൂടെ പ്രവര്‍ത്തകരെ ഉണര്‍ത്തിയെടുക്കാനായി.
എല്‍.ഡി.എഫ്. : രണ്ടുതവണ എം.പി.യായിരുന്നു. മണ്ഡലത്തിലുടനീളം  വ്യക്തിബന്ധങ്ങള്‍. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനം.
എന്‍.ഡി.എ. : സ്ഥാനാര്‍ഥി പ്രവര്‍ത്തകര്‍ക്ക് സുപരിചിതന്‍,  വ്യക്തി ബന്ധങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ശക്തികേന്ദ്രമായ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തിയിരുന്നു. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനെന്ന നിലയിലുള്ള പ്രവര്‍ത്തനം. 

 

ദൗര്‍ബല്യം

യു.ഡി.എഫ്. : പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. പാര്‍ട്ടിക്കകത്ത് പുറമേകാണാത്ത  പടലപ്പിണക്കങ്ങള്‍.   
എല്‍.ഡി.എഫ്. : ജില്ലയില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍.  സി.പി.എമ്മും സി.പി.ഐ.യുമായി  നാലഞ്ച് കേന്ദ്രങ്ങളിലെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മ. 
എന്‍.ഡി.എ. : ബി.ജെ.പിയ്ക്ക് പാര്‍ട്ടിസംവിധാനമുണ്ടെങ്കിലും  എന്‍.ഡി. എ. സംവിധാനം ശക്തമല്ല.

palakkad

Content Highlights: Palakkad Loksabha Constituency, Loksabha Election 2019, The Great Indian War 2019