പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷ് തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച 12 മണിയോടെ മുഖ്യ വരണാധികാരി കളക്ടര്‍ ഡി. ബാലമുരളിക്കുമുമ്പാകെയാണ് രാജേഷ് പത്രിക സമര്‍പ്പിച്ചത്. നാലുസെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.  മന്ത്രി എ.കെ. ബാലന്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, സംസ്ഥാന കമ്മിറ്റിയംഗം എന്‍.എന്‍. കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയായി  എസ്. സുഭാഷ് ചന്ദ്രബോസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

സ്‌നേഹത്തിന്റെ പൂച്ചെണ്ട് നല്‍കാന്‍

പത്രികസമര്‍പ്പണത്തിനുശേഷം പുറത്തെത്തിയ എം.ബി. രാജേഷിനെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചത് മറ്റൊരു അതിഥിയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ജെല്‍സണാണ് രാജേഷിന് പൂച്ചെണ്ടുനല്‍കി സ്വീകരിച്ചത്. മുന്‍പ് കുതിരാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ജെല്‍സണെ ഇതുവഴി വിവാഹച്ചടങ്ങിനായി പോയ എം.ബി. രാജേഷാണ് ആശുപത്രിയിലെത്തിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ ജെല്‍സണ്‍ കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുകയാണ്.

എം.ബി. രാജേഷിന് അരക്കോടിയുടെ ആസ്തി

പാലക്കാട്: പാലക്കാട് ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ കൈവശമുള്ളത് 5000 രൂപ. വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 30.79 ലക്ഷമാണ്. മൊത്തം ആസ്തി 50.95 ലക്ഷമാണ്. 29,4421 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് രാജേഷ് നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. സ്വന്തമായി 12 ലക്ഷം രൂപയുടെ വാഹനമുണ്ട്. ഭാര്യ നിനിതയുടെ കൈവശം 5,000 രൂപയുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 100 രൂപയുടെ ഓഹരി, 15000, 20,000 രൂപ വിലമതിക്കുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍, മൂന്നുലക്ഷം രൂപയുടെ സ്വര്‍ണം എന്നിവയടക്കം നിനിതയുടെ പേരില്‍ 14.61 ലക്ഷത്തിന്റെ വകകളുണ്ട്. കാടാങ്കോട്ടെ 15 സെന്റ് ഭൂമിയും 1950 ചതുരശ്രയടി വീടും ഭാര്യയുടെ പേരിലാണ്. 56,715 രൂപ നിനിതയ്ക്ക് ബാധ്യതയുണ്ട്.

Content Highlights: MB Rajesh, Loksabha Election 2019, The Great Indian War 2019