VK Sreekandanപാലക്കാട്: മലമ്പുഴ മണ്ഡലത്തിലായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍ ചൊവ്വാഴ്ച. ഉമ്മിണി സ്‌കൂളിനടുത്ത സ്വീകരണം ഉച്ചയ്ക്ക് ഒന്നിനായിരുന്നു നിശ്ചയിച്ചതെങ്കിലും പരിപാടി കഴിഞ്ഞ് സോപാനം ഓഡിറ്റോറിയത്തിലൊരുക്കിയ ഊട്ടുപുരയ്ക്കരികിലെത്തുമ്പോഴേക്കും സമയം രണ്ടേകാല്‍ കഴിഞ്ഞു. ഒന്നാംനിലയിലേക്കുള്ള കോണി വേഗത്തില്‍കയറി നേരെ പൈപ്പിനടുത്തേക്ക്. കൈയും മുഖവും കഴുകി പ്ലേറ്റും കൈയിലെടുത്ത് ഭക്ഷണം വാങ്ങാനുള്ള വരിയുടെ അറ്റത്ത് സ്ഥാനംപിടിച്ചു.
 
സ്ഥാനാര്‍ഥിക്ക് വരിവേണ്ട... പ്രവര്‍ത്തകര്‍ പറഞ്ഞുതുടങ്ങുമ്പോഴേക്കും ശ്രീകണ്ഠന്‍ ഓര്‍മിപ്പിച്ചു. ''ക്രമം ലംഘിക്കുന്നതല്ലല്ലോ ജനാധിപത്യം''. അച്ചാറും പാലക്കാടന്‍ രീതിയില്‍ ഉള്ളിയും മുളകും അരച്ചുപുരട്ടിയ ഉരുളക്കിഴങ്ങ്  മെഴുക്കുപുരട്ടിയും വാങ്ങി തൈര്‍ സാദത്തിനടുത്തെത്തി. വിളമ്പുകാരനായെത്തിയ ഐ.ടി.ഐ ജീവനക്കാരന്‍ ശ്രീകുമാര്‍ ഒരു ചട്ടുകം വിളമ്പിയപ്പോള്‍ വന്നു അടുത്ത കമന്റ്. ചൂടിന് ബെസ്റ്റാണ്. കുറച്ചുകൂടിയാവാം. ഇതിനകം പ്രവര്‍ത്തകര്‍ ചെറിയ മേശ സജ്ജീകരിച്ചു. ഭക്ഷണത്തിനിടെ ജില്ലയ്ക്ക് പുറത്തുനിന്ന് കാണാനെത്തിയ ചിലരോട് കുശലപ്രശ്‌നം. ഇരുന്നതിനേക്കാള്‍ വേഗത്തില്‍ ഭക്ഷണം കഴിച്ചുതീര്‍ന്നു. മേമ്പൊടിക്ക് ഒരല്പം കരിങ്ങാലിവെള്ളം. 

കറങ്ങുന്ന ഫാനിന് കീഴേക്ക് കസേരവലിച്ചിട്ട് ഒന്നിരുന്നു. അടുത്ത സ്വീകരണയോഗം നാലിനാണ്. അതിനുമുമ്പ് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലും പുതുശ്ശേരിയിലും ആളുകളെ നേരിട്ടുകാണണം. മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കോയക്കുട്ടി തിരക്കുകൂട്ടി. ഇതിനിടയില്‍ ശ്രീകണ്ഠന്‍ 'മാതൃഭൂമി'യോട് സംസാരിച്ചു. 

വോട്ടര്‍മാരോട് പറയാനുള്ളത് 

ദേശീയ ഐക്യവും മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍, ആയിരംദിവസം പിന്നിടുന്നതിനിടെ വിശ്വാസികളെ വെല്ലുവിളിച്ച് കേരളത്തില്‍ വിഭജനത്തിന്റെ മതില്‍ തീര്‍ത്ത പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍, രാഷ്ട്രീയ കൊലപാതകത്തിനും കൊലക്കത്തിരാഷ്ട്രീയത്തിനും അറുതിവരുത്തണമെന്ന അമ്മമനസ്സുകളുടെ പൊതുവികാരം സംരക്ഷിക്കാന്‍... ഇതൊക്കെ നോക്കിവേണം വോട്ടവകാശം വിനിയോഗിക്കാന്‍ എന്ന ഓര്‍മപ്പെടുത്തലാണ് വോട്ടര്‍മാരോട്.  

പൊള്ളയായ അവകാശവാദങ്ങള്‍

ജനസമക്ഷം ഏന്ന പേരിലവതരിപ്പിച്ച പാലക്കാട്ടെ എം.പി.യുടെ അവകാശവാദങ്ങള്‍ പൊള്ളയാണ്. കാര്‍ഷികമേഖലയായ പാലക്കാട്ട് കുട്ടനാട് പാക്കേജുപോലെ ഒരു പാക്കേജ് കര്‍ഷകര്‍ക്കായി കൊണ്ടുവരാനാവാത്തത് എന്തുകൊണ്ടാണെന്ന് എം.പി. പറയണം. കഞ്ചിക്കോട് വ്യവസായമേഖലയില്‍ ഒട്ടേറെ കമ്പനികള്‍ അടച്ചുപൂട്ടലിന്റെ വക്കത്താണ്. 7000-ത്തിലേറെ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പാലക്കാട് ലോക്സഭാമണ്ഡലത്തിലും മലമ്പുഴ നിയമസഭാമണ്ഡലത്തിലും ഇടതുപക്ഷ പ്രതിനിധികളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ തൊഴിലാളികള്‍ക്കനുകൂലമായി ഇടപെട്ടുവെന്ന് ഇരുവര്‍ക്കും പറയാനാവുമോ? സംസ്ഥാനം ഇന്‍സ്ട്രുമെന്റേഷന്‍സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍തമ്മില്‍ ധാരണാപത്രം ഒപ്പിടുവിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ.ഐ.ടി. വൈകിച്ചതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് പറയുന്ന എം.പി.ക്ക് കാലാവധി അവസാനിക്കാറായപ്പോഴും െഎ.െഎ.ടി.യുടെ സ്വന്തം കാമ്പസ് പൂര്‍ത്തീകരിക്കാന്‍ ഇടപെടാനായില്ല. കോച്ച് ഫാക്ടറി ഇനി രാജേഷ് ജയിച്ചാലും നടപ്പാക്കിയെടുക്കാനുമാവില്ല. കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കിയ എം.പി.ക്ക് വോട്ടുചെയ്യുകയെന്ന് കഴിഞ്ഞതവണ ഫ്‌ളെക്‌സടിച്ച ഡി.വൈ.എഫ്.ഐ.ക്കാരും മറുപടി പറയണം. പൊള്ളാച്ചിപ്പാത തുറന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും അതിലേ മുന്‍പോടിയിരുന്ന പാസഞ്ചര്‍ വണ്ടിപോലും പുനഃസ്ഥാപിക്കാന്‍ എം.പി.ക്കായില്ല. എം.പി. ഫണ്ട് വിനിയോഗത്തിലും രാഷ്ട്രീയപക്ഷപാതം കാണിച്ചു.

എന്തുകൊണ്ട് ശ്രീകണ്ഠന് വോട്ടുചെയ്യണം 

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചറിയാം. നാടിന്റെ അവസ്ഥയുമറിയാം. കാല്‍നൂറ്റാണ്ടിനടുത്തായി ജില്ലയില്‍ നിലനില്‍ക്കുന്ന വിവേചനത്തില്‍നിന്ന് മോചിപ്പിക്കാന്‍ ഒരുവോട്ട്. ഐക്യജനാധിപത്യ മുന്നണി മണ്ഡലം തിരിച്ചുപിടിക്കും. 

എന്താണ് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം 

40- വര്‍ഷത്തിനിപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പദയാത്രയില്‍ 400-ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് ജനങ്ങള്‍ക്കടുത്തെത്തി. പാര്‍ട്ടിക്കകത്തും മുന്നണിയിലും അപസ്വരങ്ങളില്ല. യു.ഡി.എഫിന്റെ യുവജനവിഭാഗം പ്രവര്‍ത്തകരും പോഷകസംഘടനാപ്രവര്‍ത്തകരും ആവേശത്തോടെ രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മൊത്തത്തില്‍ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍മാരില്‍ ആവേശം പകരുന്നുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ടാല്‍

ജില്ലയുടെ സമഗ്രപുരോഗതിക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രായോഗികപദ്ധതി തയ്യാറാക്കും. 

രണ്ടേമുക്കാലാവുന്നു. പുതുശ്ശേരിയില്‍ ഉത്സവസ്ഥലത്തൊന്നുപോണം. വൈകുന്നു.. ഓര്‍മപ്പെടുത്തലുമായി മലമ്പുഴ മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ എസ്.കെ. അനന്തകൃഷ്ണനും കണ്‍വീനര്‍ ശിവരാജേഷും എത്തി. പുറത്ത് വാഹനം പുറപ്പെടാന്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.

ബി.ജെ.പി.ക്ക് കേരളത്തോട് ഇരട്ടത്താപ്പാണ്. ഇതിനെതിരേ പോരാടേണ്ട എം.പി.  ചോദ്യങ്ങള്‍ ഉന്നയിക്കുകയും  മറുപടികള്‍ കേട്ട് മിണ്ടാതിരിക്കുകയും ചെയ്തുവെന്ന് വി.കെ. ശ്രീകണ്ഠന്‍

Content Highlights: Interview with V.K.Sreekandan, Loksabha Election 2019, Palakkad Loksabha Constituency