ആലപ്പുഴ: 'ഇത്തവണ വോട്ട് കുടത്തിനാണേല് ഇവിടെ കുടിവെള്ളം ഒഴുകും. കുടിവെള്ളത്തിനായി ഇങ്ങനെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകില്ല. ഞാന്‍ വാക്കുപാലിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്നെ ഈ വഴി വിടേണ്ട...' പെരിങ്ങാല ഗുരുമന്ദിരത്തിന് സമീപത്തെ മൈതാനത്തുള്ള ജലബൂത്തില്നിന്ന് കുടിവെള്ളമെടുക്കുന്ന വയോധികരടക്കമുള്ള പ്രദേശവാസികളോട് മാവേലിക്കര ലോക്സഭാ മണ്ഡലം എന്‍.ഡി.എ.സ്ഥാനാര്‍ഥി തഴവ സഹദേവന് ഒരു ചെറുചിരിയോടെ പറഞ്ഞു. അപ്പോള്‍ സമയം പത്തര പിന്നിട്ടുകാണും. പര്യടനത്തിനൊപ്പം വേനല്‍ച്ചൂടും ഉച്ചസ്ഥായിയിലാവുകയാണ്.
ഇനി മൂന്നുദിവസത്തിനുശേഷം മാത്രമേ ഇവിടേക്ക് വെള്ളമെത്തൂ. ഇതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മാവേലിക്കരയുടെ വികസനമെന്നുപറഞ്ഞ് തഴവ സഹദേവന് അവര്‍ക്കരികിലേക്ക്. കുടിവെള്ളലഭ്യതയെപ്പറ്റി അന്വേഷണം, ശേഷം സ്വയം പരിചയപ്പെടുത്തല്‍, എല്ലാവരുടെയും കൈപിടിച്ച് വോട്ടഭ്യര്‍ഥന. ഉറച്ച ശബ്ദത്തില്‍ ഇത്രയും പറഞ്ഞ് വോട്ടുതേടി സമീപത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക്. ഇതിനിടയില്‍ പ്രചാരണം എങ്ങനെയെന്നറിയാന്‍ സുഹൃത്തുക്കളുടെ ഫോണ്‍ കോള്‍. പ്രവര്‍ത്തനം ഉഷാറായി പോകുന്നു. നല്ല പ്രതികരണമെന്ന് മറുപടി.
രാവിലെ ഒന്‍പതരയോടെയാണ് തഴവ സഹദേവന്റെ പര്യടനം ചൊവ്വാഴ്ച തുടങ്ങിയത്. 'നിങ്ങളുടെയൊരു വിരല്‍സ്പര്‍ശം മതി നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരാന്‍. നാടിന്റെ കാവലാളാകാന്‍, മതവിശ്വാസത്തിന്റെയും രാജ്യസുരക്ഷയുടെയും കാവല്ക്കാരനാകാന്...'' ഉയര്‍ന്നുതുടങ്ങിയ പകല്‍ച്ചൂടിനൊപ്പം കത്തിക്കയറുകയാണ് എന്‍.ഡി.എ. മാവേലിക്കര സ്ഥാനാര്‍ഥി തഴവ സഹദേവന്റെ പ്രസംഗം. ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം തയ്യാറാക്കിയ വേദിയില്‍ സ്വീകരണ, പര്യടന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഉദ്ഘാടകനായ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ജി.രാമന് നായരടക്കമുള്ള നേതാക്കള്‍ വേദിയില്‍.
''മണ്ടപോയ തെങ്ങിന് വെള്ളം കോരുന്നതുപോലെയാണ് ഇടത്-വലത് മുന്നണികള്‍ക്ക് വോട്ടുചെയ്യുന്നത്. ലോക്സഭയില്‍ പോയി എന്തെങ്കിലും നേടിയെടുക്കണേല് എന്‍.ഡി.എ.സ്ഥാനാര്‍ഥി ജയിക്കണം. ജയിച്ചാല്‍ മന്ത്രിയാകാനും സാധ്യതയുള്ളയാളാണ് ഞാന്‍.' നര്‍മം കലര്‍ന്ന വാക്കുകളില്‍ കൈകളുയര്‍ത്തി അംഗവിക്ഷേപങ്ങളോടെയുള്ള സ്ഥാനാര്‍ഥിയുടെ പ്രസംഗം 20 മിനിറ്റോളം നീണ്ടു.
തുടര്‍ന്ന് സമീപത്തുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും മൗനപ്രാര്‍ഥനയും. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.ഗോപകുമാറില്‍നിന്ന് എന്‍.ഡി.എ.ചിഹ്നമായ മണ്‍കുടം ഏറ്റുവാങ്ങിയശേഷം പ്രവര്‍ത്തകരുടെ സ്നേഹോഷ്മള സ്വീകരണം. അതിനിടയിലെത്തിയ ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ ചേര്‍ത്തുപിടിച്ച് കുശലാന്വേഷണവും ചിഹ്നം മറക്കരുതെന്ന ഓര്‍മപ്പെടുത്തലും.
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്... എന്ന ഗാനത്തിന്റെ ഈണത്തില്‍ തഴവ സഹദേവനായി ചിട്ടപ്പെടുത്തിയ പാട്ട് അനൗണ്‍സ്മെന്റ് വാഹനത്തില്‍നിന്ന് മുഴങ്ങിത്തുടങ്ങിയതോടെ സ്ഥാനാര്‍ഥിയും അണികളും വാഹനങ്ങളിലേക്ക്. ആദ്യ സ്വീകരണസ്ഥലമായ ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്കാണ് യാത്ര. കൈവീശിയും തൊഴുകൈകളോടെയും ഇരുവശത്തും നില്‍ക്കുന്നവരെ അഭിവാദ്യംചെയ്ത് തുറന്ന ജീപ്പില്‍ മുന്നോട്ട്.
കുങ്കുമ, ഹരിത വര്‍ണങ്ങള്‍ കലര്‍ന്ന ഷാളുകളുമായി സ്ഥാനാര്‍ഥിയെ കാത്ത് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍. കിഴക്കേനടയിലെ ഗംഭീര സ്വീകരണത്തിനുശേഷം മിത്രപ്പുഴക്കടവ് പാലവും പുത്തന്കാവും കടന്ന് പ്രളയം തകര്‍ത്ത ഇടനാട്ടിലേക്ക്. അരത്തകണ്ഠന്കാവ് മഹാദേവക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ വേദിയില്‍ പ്രളയ-പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗം.
സ്ത്രീകളുടെയും യുവാക്കളുടെയും ഊഷ്മള സ്വീകരണത്തിനുശേഷം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ചായയും ലഘുഭക്ഷണവും കഴിച്ച് വീണ്ടും വാഹനത്തിലേക്ക്.
സ്വീകരണകേന്ദ്രങ്ങള്‍ കടന്ന് പര്യടനം പുരോഗമിക്കുന്നതിനിടെ അകമ്പടിയായി മഴയുമെത്തി. വൈകീട്ട് ആറോടെ ചെന്നിത്തലയിലെത്തിയപ്പോഴാണ് പ്രചാരണച്ചൂടിന് കുളിരേകി മഴപെയ്തിറങ്ങിയത്. അരമണിക്കൂറില്‍ മഴ തോര്‍ന്നതോടെ വീണ്ടും പ്രാചാരണച്ചൂടിലേക്ക്. വൈകീട്ട് എട്ടിന് മാന്നാറില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും പങ്കെടുത്ത ഗംഭീരസ്വീകരണ യോഗം. ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് ശ്രീധരന്‍പിള്ളയുടെ തകര്‍പ്പന്‍ പ്രസംഗം. മുപ്പതോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി പത്തുമണിയോടെ കല്ലിശ്ശേരിയില്‍ യാത്ര സമാപിക്കുമ്പോഴും ആവേശം കെട്ടടങ്ങാതെ ഫുള്‍ച്ചാര്‍ജില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും.
Content Highlights: thazhava sahadevan mavelikkara candidate