ആലപ്പുഴ: ചുവന്ന കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ച താത്കാലിക വേദി. കടുത്ത ചൂടിലും കൈക്കുഞ്ഞുങ്ങളുമായിവരെ കാത്തുനില്ക്കുന്ന സ്ത്രീകളുള്‍പ്പെടെയുള്ള ജനക്കൂട്ടം. കൈകളില്‍ ചുവന്ന റിബണുകളും മാലയുമായി കുട്ടികളും വയോധികരും. തഴക്കര അരമന പോളച്ചിറയ്ക്കല്‍ കോളനിയാണ് വേദി.
ചൊവ്വാഴ്ച രാവിലെ 10.20-മുതല്‍ എല്‍.ഡി.എഫ്. മാവേലിക്കര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കാനായി കാത്തിരിക്കുകയാണ് ഇവര്‍.
സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടടുത്തു. ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടും പൊള്ളിപ്പടരുന്ന ചൂടിലും ആവേശം കൈവിടാതെ സ്ഥാനാര്‍ഥിക്കായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. വര്‍ഗീയതയ്ക്കെതിരായി പോരാടാന്‍, നാട്ടില്‍ സമാധാനം പുലരാന്‍ ഓരോ വോട്ടും ചിറ്റയത്തിന് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അകലെ അനൗണ്‍സ്മെന്റ് വാഹനത്തിന്റെ ഇരമ്പല്‍. തൊട്ടുപിറകെ ആര്.രാജേഷ് എം.എല്‍.എ.യുടെ വാഹനവും അതിനും പിന്നിലായി അലങ്കരിച്ച തുറന്ന ജീപ്പില്‍ കൈകള്‍വീശി ചെറുചിരിയുമായി തൂവെള്ള വസ്ത്രം ധരിച്ച് ചിറ്റയം ഗോപകുമാറും.
കാത്തിരിപ്പിന് വിരാമമിട്ട് സ്ഥാനാര്‍ഥിയെത്തിയതോടെ ആവേശത്തിന്റെ തിരതള്ളലില്‍ പ്രവര്‍ത്തകര്‍. 'പ്രിയ സഖാവിന് നൂറുചുവപ്പന്‍ അഭിവാദ്യങ്ങള്‍...' മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍. മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് കെ.രഘുപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരണം.
മാലയിടാനും ചുവന്ന റിബണ്‍ അണിയിക്കാനും പ്രവര്‍ത്തകരുടെ തിരക്ക്. ശേഷം സ്വീകരണത്തിന് നന്ദി അറിയിച്ച് ചിറ്റയത്തിന്റെ പ്രസംഗം. 'സ്നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരെ...' എന്ന ആമുഖത്തോടെ തുടക്കം. നാടിന്റെ നന്മയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ചുവര്‍ഷമായി അത് കൈമോശം വന്നിരിക്കുന്നു. അതു തിരിച്ചുപിടിക്കാന്‍ നിങ്ങള്‍ സഹായിക്കണം- ചുരുങ്ങിയ വാക്കുകളില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ ആഞ്ഞടിച്ച് ചിറ്റയം പ്രസംഗം അവസാനിപ്പിച്ചതോടെ സ്ഥാനാര്‍ഥിയുമായി സെല്‍ഫിയെടുക്കാനായി പ്രവര്‍ത്തകരുടെ തിരക്ക്. സ്വീകരണയോഗങ്ങള്‍ നിശ്ചയിച്ചതിലും വൈകിയിട്ടും ഓരോരുത്തര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ്ചെയ്ത് ചിറ്റയം അവരിലൊരാളായി. 25 മിനിട്ടില്‍ സ്വീകരണ പരിപാടികള്‍ അവസാനിപ്പിച്ച് മടക്കം.
തുറന്ന ജീപ്പില്‍ ഇരുവശങ്ങളിലും നില്‍ക്കുന്നവരെ കൈവീശി അഭിവാദ്യംചെയ്താണ് യാത്ര. കടുത്ത ചൂട് തളര്ത്തുന്നുണ്ടെങ്കിലും പ്രവര്‍ത്തകരുടെ ആവേശമാണ് കൈത്താങ്ങെന്ന് യാത്രയ്ക്കിടയില്‍ ചിറ്റയം പറഞ്ഞു. കൊറ്റാര്കാവിലാണ് അടുത്ത സ്വീകരണം. മുത്തുക്കുടകളാലാണ് ഇവിടെ വേദി അലങ്കരിച്ചിരിക്കുന്നത്.
ശിങ്കാരിമേളത്തോടെ ചിറ്റയത്തിന് ഉശിരന്‍ വരവേല്‍പ്പ്. പൂക്കളും ചുവന്ന ഷാളുമായി കാത്തുനില്ക്കുന്നവരിലേറെയും സ്ത്രീകള്‍. അവര്‍ക്കിടയിലൂടെ നടന്നെത്തി ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ഥന. 'വികസനത്തിന്റെ പെരുമഴയ്ക്കായി മാവേലിക്കരയുടെ ശബ്ദമാകാന്‍ അവസരം തരൂ...'
അതിനിടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ജേക്കബ് ഉമ്മന്‍ നല്കിയ ഇളനീര് കുടിച്ചുകൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്. കണ്ടിയൂര്‍ കിഴക്കേ ആല്ത്തറമുക്കിലാണ് അടുത്ത സ്വീകരണം. കൈകള്‍ വീശിയും കൂപ്പുകൈകളുമായി വോട്ടര്‍മാരെ അഭിവാദ്യംചെയ്താണ് യാത്ര.
ആല്ത്തറമുക്കിലേക്കുള്ള റോഡിലേക്ക് വാഹനം കയറി. അല്പദൂരം പിന്നിട്ടപ്പോള്‍ പെട്ടെന്ന് റോഡിന് വശത്തെ കല്ലില്‍ കയറാതിരിക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിച്ചു. കൈകള്‍ വിട്ടുനിന്നിരുന്ന ചിറ്റയത്തിന്റെ നിലതെറ്റി. ജീപ്പിലെ കമ്പിയിലാണ് ചിറ്റയത്തിന്റെ നെഞ്ചിടിച്ചത്. വാഹനങ്ങള്‍ നിര്‍ത്തി ഓടിയെത്തിയ പ്രവര്‍ത്തകരോട് സാരമില്ല, കുഴപ്പമില്ല യാത്ര തുടരാമെന്ന് ചിറ്റയം.
ആശുപത്രിയില്‍ പോയിട്ട് യാത്ര തുടരാമെന്നായി പ്രവര്‍ത്തകര്‍. അതിനിടെ ദേഹാസ്വാസ്ഥ്യം തോന്നിയതോടെ തൊട്ടടുത്തുള്ള ശ്രീകണ്ഠപുരം ആശുപത്രിയിലേക്ക് ചിറ്റയത്തെ എത്തിച്ചു. തുടര്‍ന്ന് എക്സ്റേയടക്കമുള്ള പരിശോധനകളും പ്രാഥമിക ശുശ്രൂഷയും നല്കിയ ഡോക്ടര്‍മാര്‍ കുഴപ്പമില്ലെന്നറിയിച്ചു. 15 മിനിറ്റ് നിരീക്ഷണത്തിലിരുന്നിട്ടാകാം യാത്രയെന്ന് ഡോക്ടര്‍മാര്‍.
അരമണിക്കൂറിനുശേഷം രണ്ടുമണിയോടെ പഴയതിലും ഉഷാറായി ചിറ്റയമെത്തി. ഉച്ചഭക്ഷണം കഴിച്ചിട്ട് യാത്ര തുടങ്ങാമെന്ന നിര്‍ദേശവും സ്നേഹപൂര്‍വം തള്ളി. പത്തോളം കേന്ദ്രങ്ങള്‍ക്കപ്പുറം പാസ് ജങ്ഷനില്‍ ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്ന പ്രവര്‍ത്തകരുണ്ടെന്ന മറുപടിയോടെ ചിറ്റയം വീണ്ടും ജീപ്പിലേക്ക്. നാല്പതിലധികം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി അരണിത്തോട്ടത്തില് ചൊവ്വാഴ്ചത്തെ സ്വീകരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞിരുന്നു.
Content Highlights: mavelikkara loksabha candidate chittayam gopakumar campaign