മാവേലിക്കര ലോക്സഭാമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ രണ്ടാംഘട്ട പ്രചാരണം കുട്ടനാടന്‍ മേഖലയിലാണ്.
ഇടയ്ക്ക് ഒരുമൂത്രശങ്ക. കുടുംബയോഗം നടന്നിടത്ത് ബാത്ത്റൂം വീടിന് അകത്തായിരിക്കുമെന്ന ധാരണയില്‍ ഗൃഹനാഥനൊപ്പം നടന്നു. എന്നാല്‍, അടുക്കള പിന്നിട്ടിട്ടും ബാത്ത്റൂം കാണുന്നില്ല. അടുക്കള കടന്ന് പുറത്തെത്തിഴപ്പോഴാണ് പോകേണ്ട ബാത്ത്റൂം വെളിയിലാണെന്ന് മനസ്സിലായത്. ധൃതിയില്‍ അകത്തേക്ക് കയറിയ സ്ഥാനാര്‍ഥി അതേവേഗത്തില്‍ തിരിച്ചിറങ്ങി.
സന്ധ്യകഴിഞ്ഞനേരത്ത് മുറിയില്‍ വെട്ടമില്ല. വെളിച്ചത്തിനായി ചിറ്റയം ഒരുടോര്‍ച്ച് ആവശ്യപ്പെട്ടു. ' ഞങ്ങളുടെ സുഖത്തിലും, ദുഃഖത്തിലും അങ്ങ് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കിയതല്ലേ, ഇതൊക്കെ ഒരുബുദ്ധിമുട്ടാണോ 'എന്ന് ചിരിച്ചുകൊണ്ട് ഗൃഹനാഥന്റെ മറുപടി. നര്‍മം ഇഷ്ടമായ ചിറ്റയം ടോര്‍ച്ചില്ലാതെ അകത്തുകയറി. മാവേലിക്കരയില്‍ വികസനത്തിന്റെ വെളിച്ചമെത്തിച്ചശേഷം ഞാന്‍ വീണ്ടുമെത്തുമെന്ന മറുപടിയും നല്‍കിയാണ് ചിറ്റയം അവിടെനിന്ന് മടങ്ങിയത്.
സുഖത്തിലും ദുഃഖത്തിലും പങ്കാളിയാകുമെന്ന വാചകം പിന്തുടര്ന്ന് ഇപ്പോഴും മണ്ഡലത്തിലെ പല മേഖലകളില്‍നിന്നും സ്ഥാനാര്‍ഥിക്ക് ഫോണ്‍വിളികള്‍ വരുന്നുണ്ട്. വായ്പആവശ്യപ്പെട്ടുള്ള വിളികളാണ് അധികവും.
********
കുന്നത്തൂരില്‍ ശൂരനാട് ഭാഗത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥി തഴവ സഹദേവന് സ്വീകരണം. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്ന ചടങ്ങ് പുരോഗമിക്കുന്നു. തുടര്‍ന്നുള്ള വാക്കുകള്‍ : എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായ തഴവ സഹദേവന് ഒരു കെ.എസ്.ആര്.ടി.സി. ജീവനക്കാരനായിരുന്നു. എന്നാല്‍, അതിനുമെല്ലാം അപ്പുറം അദ്ദേഹം നിരവധി അംഗീകാരങ്ങള്‍ക്കും, സ്ഥാനമാനങ്ങള്‍ക്കും ഉടമയാണ്. പട്ടികജാതിവര്‍ഗ നേതാവാണ്, ഹിന്ദുസംഘടനകളുടെ ഭാരവാഹിയാണ്, കലാകായിക രംഗത്തെ പ്രമുഖനുമാണ്. സദസ്സില്‍ കൈയടി ഉയര്‍ന്നു. പരിചയപ്പെടുത്തിയ ആളുടെ ആവേശവും അല്‍പ്പമൊന്ന് ഉയര്‍ന്നു. മൈക്ക് മുറുകെ പിടിച്ച് അദ്ദേഹം തുടര്‍ന്നു. എന്നാല്‍, ഇതിനുമൊക്കെ മുകളിലാണ് തഴവ സഹദേവന്. ഇതിനുമെല്ലാം അപ്പുറം അദ്ദേഹം മികച്ചൊരു വാല്മീകിയാണ് '. സദസ്സ് നിശബ്ദം. വിശേഷണം സ്ഥാനാര്‍ഥിയെ പോലും ഞെട്ടിച്ചു. വാല്മീകി ആയി മാറ്റിയ സ്ഥാനാര്‍ഥി ഗ്ലാസില്‍നിന്ന് കുറച്ച് വെള്ളം കുടിച്ചു. മറുപടി പ്രസംഗത്തിനായി മൈക്കിനടുത്തേക്ക്...' അതേ ഞാന്‍ വാല്മീകിയാണ്. പക്ഷേ ഇതുവരെ ഒരു ചിതല്‍പ്പുറ്റ് ഇല്ലാഞ്ഞതിനാലാണ് എനിക്ക് പുറത്തിറങ്ങി വരാന്‍ കഴിയാതിരുന്നത്. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. മറുപടിയില്‍ സദസ്സില്‍നിന്നും ചിരിയും, കൈയടിയും. പിന്നീട് രാമായണവും, സാക്ഷാല്‍ വാല്മീകിയെയും കുറിച്ചും പറഞ്ഞ ശേഷമാണ് തഴവ വേദിവിട്ടത്.
*********
പത്തനാപുരം മേഖലയിലൂടെ മാവേലിക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പര്യടനം. റോഡരികില്‍ നിന്നവര്‍ക്ക് കൈ കൊടുക്കുന്നതിനിടെ സ്ഥാനാര്‍ഥിക്ക് പൂവ് നല്കുവാന് ഒരു എട്ടുവയസ്സുകാരന് അമ്മയ്ക്കൊപ്പം നില്ക്കുന്നു. വണ്ടി മെല്ലെ നിര്‍ത്തി സ്ഥാനാര്‍ഥി അവന്റെ കൈയില്‍നിന്നും പൂവ് സ്വീകരിച്ചു. ഒരു ഷാള്‍ അവനുനല്കിയശേഷം മോന് എന്നെ മനസ്സിലായോ എന്ന് കൊടിക്കുന്നില്‍ ചോദിച്ചു.
''എനിക്ക് അങ്കിളിനെ അറിയാം, അമ്മ പറഞ്ഞിട്ടുണ്ട്.'' പിന്നെ മറുപടി നല്‍കിയത് അവന്റെ അമ്മയാണ്.
''1989ല്‍ സര് ആദ്യമായി മത്സരിക്കുമ്പോള്‍ ഞാന്‍ അച്ഛന്റെ ഒപ്പം കാണാന്‍ വന്നിട്ടുണ്ട്. അന്ന് നാല് വയസ്സായിരുന്നു പ്രായം.''
Content Highlights: mavelikkara lok sabha constituency candidates interesting experiences