കൊടിക്കുന്നിലിന് വീണ്ടും വിജയത്തിന്റെ കൊടിയേറ്റം. യുഡിഎഫ് തരംഗത്തില്‍ തിളക്കമാര്‍ന്ന വിജയത്തോടെ കൊടിക്കുന്നില്‍ മാവേലിക്കരയില്‍ ഹാട്രിക് തികയ്ക്കുകയും ചെയ്തു. 61138 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സിപിഐയുടെ സിറ്റിങ് എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്തിയത്. 440415 വോട്ടുകള്‍ കൊടിക്കുന്നിലിന് ലഭിച്ചപ്പോള്‍ 379277 വോട്ടുകളോടെ ചിറ്റയം ഗോപകുമാര്‍ രണ്ടാംസ്ഥാനത്തും 133546 വോട്ടുകളോടെ എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന് മൂന്നാം സ്ഥാനത്തുമെത്തി. 2009ല്‍ പതിനഞ്ചാം ലോക്സഭയിലേക്കും 2014ല്‍ പതിനാറാം ലോക്സയഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് വിജയിച്ചത്.
വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് ചിറ്റയത്തിന്റെയും കൊടിക്കുന്നിലിന്റെയും ലീഡ് നില മാറിമറിഞ്ഞിരുന്നുവെങ്കിലും പകുതിയായപ്പോഴേക്കും കൊടിക്കുന്നില്‍ വ്യക്തമായ ലീഡ് തിരിച്ചുപിടിച്ചു. ഏഴു നിയമസഭാ മണ്ഡലങ്ങളിലും കൊടിക്കുന്നില്‍ തന്നെയാണ് മുന്നിട്ടു നിന്നത്, കുട്ടനാട് മാത്രമാണ് ചിറ്റയം ഗോപകുമാര്‍ തുടക്കത്തില്‍ കരുത്ത് തെളിയിച്ചത്.
ചങ്ങനാശ്ശേരിയില്‍ 23410, കുട്ടനാട് 2623, മാവേലിക്കര 969, ചെങ്ങന്നൂര്‍ 9839, കുന്നത്തൂര്‍ 7173, കൊട്ടാരക്കര 2754, പത്തനാപുരം 14732 എന്നിങ്ങനെയാണ് കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം. 2009ല്‍ 48,048 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയമെങ്കില്‍ 2014ല്‍ ഭൂരിപക്ഷം 32,737 ആയി കുറഞ്ഞു. മൂന്നാമങ്കത്തില്‍ കേരളമാകെ അലയടിച്ച യുഡിഎഫ് തരംഗത്തില്‍ കൊടിക്കുന്നില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലത്തെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. 13,07,801 വോട്ടര്‍മാരാണ് മാവേലിക്കരയില്‍ വിധിയെഴുതിയത്. അമ്പതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിജയിക്കുമെന്ന് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കുമെതിരായ മറുപടി ആകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് യുഡിഎഫ് യോഗത്തില്‍ വിലയിരുത്തിയിരുന്നത്.
നാല്പത്തിനാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചിറ്റയം ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ചങ്ങനാശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷം ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു എല്‍ഡിഎഫിന്. ഒന്നരലക്ഷത്തിനടുത്ത് വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന് നേടുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. പോളിങ് ശതമാനം വര്‍ധിച്ചത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനും എന്ഡിഎയ്ക്കുമുണ്ടായിരുന്നു.
ദേശസുരക്ഷയും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും വര്‍ഗീയ ചേരിതിരിവുകളുമായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധങ്ങള്‍. ആചാരസംരക്ഷണം എന്ന മര്മത്തില് പിടിച്ചാണ് ബി.ജെ.പി. പ്രചാരണം ചിട്ടപ്പെടുത്തിയിരുന്നത്. ശബരിമലയെ ചുറ്റിപ്പറ്റി ഉണ്ടായ വാദപ്രതിവാദങ്ങള്‍ ഈ മണ്ഡലങ്ങളില്‍ അടിയൊഴുക്കായുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും.
മാവേലിക്കര മണ്ഡലത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടിനെ സ്വാധീനിക്കാവുന്ന തരത്തില്‍ സാമുദായിക ഘടകങ്ങളും പ്രബലമായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനം, കത്തോലിക്കാ സഭയുടെ രൂപതകള്‍, വിവിധ ക്രൈസ്തവസഭകളുടെ ഭദ്രാസനങ്ങള്‍, വിശ്വകര്‍മസഭയുടെ ആസ്ഥാനം, കേരള പുലയര്‍ മഹാസഭയുടെ(കെ.പി.എം.എസ്.) ശക്തമായ യൂണിയനുകള്‍ തുടങ്ങി സാമുദായിക സംഘടനകളുടെ പ്രഭാവം മണ്ഡലത്തില്‍ ദൃശ്യമാണ്. മണ്ഡലം മുഴുവന്‍ അറിയാമെന്നതും മണ്ഡലക്കാര്‍ക്ക് മുഴുവന്‍ അറിയാമെന്നതുമായിരുന്നു എം.പി. കൂടിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ മെച്ചം.
നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ഇടതുമുന്നണിക്ക് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്, ഇത് എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍, സമാന സാഹചര്യമുള്ളപ്പോള്‍ തന്നെയാണ് ലോക്സഭയിലേക്ക് യു.ഡി.എഫ്. ജയിച്ചിട്ടുള്ളതെന്ന വസ്തുത അവര്‍ക്കും ആത്മവിശ്വാസം നല്‍കിയിരുന്നു. പ്രളയം മനുഷ്യനിര്‍മിതമാണെന്ന റിപ്പോര്‍ട്ട് ചലനമുണ്ടാക്കുമെന്നു യു.ഡി.എഫ്. പ്രതീക്ഷിച്ചിരുന്നതാണ്. പ്രളയ ദുരിതാശ്വാസവും പുനരധിവാസ പ്രവര്‍ത്തനങ്ങളും നിരത്തി ഇടതുമുന്നണി ഇതിനെ നേരിടുകയും ചെയ്തിരുന്നു.
ഏറെക്കാലം യു.ഡി.എഫിനോട് ചായ്വ് പ്രകടിപ്പിച്ച പാരമ്പര്യമാണ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിനുള്ളത്. 1977-നുശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ രണ്ടുതവണമാത്രമാണ് ഈ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1984-ല്‍ തമ്പാന് തോമസും 2004-ല്‍ സി.എസ്. സുജാതയും വിജയിച്ചതൊഴിച്ചാല്‍ മറ്റുമത്സരങ്ങളില്‍ ജേതാക്കള്‍ യു.ഡി.എഫ്. ആയിരുന്നു. അതില്‍ത്തന്നെ അഞ്ചുതവണ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. പി.ജെ. കുര്യനാണ് ഏറെക്കാലം മാവേലിക്കരയെ പ്രതിനിധീകരിച്ചത്. 2009-ല്‍ മാവേലിക്കരയെ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതുമുതല്‍ ഇവിടെ നിന്നുള്ള എം.പി. കൊടിക്കുന്നില്‍ സുരേഷാണ്.
Content Highlights: kodikunnil suresh hat trick win in mavelikara