തെക്കൻ മണ്ഡലങ്ങളിൽ ദേശീയ രാഷ്ട്രീയപ്രശ്നങ്ങളിൽ ഊന്നിയാണ് പോരാട്ടം കടുക്കുന്നത്. ദേശസുരക്ഷയും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും വർഗീയ ചേരിതിരിവുകളും ആയുധമാക്കി മാറ്റം വന്നേ മതിയാകൂവെന്ന് യു.ഡി.എഫ്. പറയുന്നു. ബി.ജെ.പി.ക്കും കോൺഗ്രസിനും പകരമുള്ള മൂന്നാംമുന്നണി ലക്ഷ്യമാക്കി വോട്ട് തേടുകയാണ് എൽ.ഡി.എഫ്. മോദി ഭരണത്തിന്റെ തുടർച്ചയ്ക്ക് വോട്ടുതേടുന്ന ബി.ജെ.പി. ആചാരസംരക്ഷണം എന്ന മർമത്തിൽ പിടിച്ചാണ് പ്രചാരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കത്തുന്ന രാഷ്ട്രീയപോരാട്ടമാണ് തെക്ക്. ശബരിമലയെ ചുറ്റിപ്പറ്റി ഉണ്ടായ വാദപ്രതിവാദങ്ങൾ ഈ മണ്ഡലങ്ങളിൽ അടിയൊഴുക്കായുണ്ടെന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.
സാമുദായിക ചേരുവകൾ വേലി തീർക്കുന്ന മാവേലിക്കര
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാവേലിക്കര മണ്ഡലത്തിൽ രാഷ്ട്രീയ കാഴ്ചപ്പാടിനെ സ്വാധീനിക്കാവുന്ന തരത്തിൽ സാമുദായിക ഘടകങ്ങളും പ്രബലമാണ്. നായർ സർവീസ് സൊസൈറ്റി ആസ്ഥാനം, കത്തോലിക്കാ സഭയുടെ രൂപതകൾ, വിവിധ ക്രൈസ്തവസഭകളുടെ ഭദ്രാസനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, കേരള പുലയർ മഹാസഭയുടെ(കെ.പി.എം.എസ്.) ശക്തമായ യൂണിയനുകൾ തുടങ്ങി സാമുദായികസംഘടനകളുടെ പ്രഭാവം മണ്ഡലത്തിൽ ദൃശ്യമാണ്. മണ്ഡലം മുഴുവൻ അറിയാമെന്നതും മണ്ഡലക്കാർക്ക് മുഴുവൻ അറിയാമെന്നതുമാണ് നിലവിലെ എം.പി. യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷിെന്റ മെച്ചം. സ്ഥാനാർഥിത്വം എൽ.ഡി.എഫ്. നേരത്തേ പ്രഖ്യാപിച്ചതിന്റെ മെച്ചം മുതലാക്കി എം.എൽ.എ.യായ ചിറ്റയം ഗോപകുമാർ മണ്ഡലമാകെ നിറഞ്ഞു. എൻ.ഡി.എ.യിൽ തഴവ സഹദേവൻ ശക്തമായ സാന്നിധ്യം അറിയിച്ചു.
ശബരിമല പ്രശ്നമുണ്ടായപ്പോൾ ഏറ്റവുമധികം നാമജപ ഘോഷയാത്ര നടന്ന പ്രദേശങ്ങൾ ഇവിടെയാണ്. രാഷ്ട്രീയത്തിനപ്പുറം വികാരപരമായി നടന്ന ഘോഷയാത്രകളെ തുടർന്ന് ആളുകളുടെ രാഷ്ട്രീയ കൂറിൽ മാറ്റംവന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ ആർക്കനുകൂലമായി എന്നത് പ്രവചനാതീതമാണ്. കോൺഗ്രസും ബി.ജെ.പി.യും തങ്ങൾക്കനുകൂലമായ രാഷ്ട്രീയമാറ്റം പ്രതീക്ഷിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ഇടതുമുന്നണിക്ക് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇത് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ, സമാന സാഹചര്യമുള്ളപ്പോൾ തന്നെയാണ് ലോക്സഭയിലേക്ക് യു.ഡി.എഫ്. ജയിച്ചിട്ടുള്ളതെന്ന വസ്തുത അവർക്കും ആത്മവിശ്വാസം നൽകുന്നു. പ്രളയം മനുഷ്യനിർമിതമാണെന്ന റിപ്പോർട്ട് ചലനമുണ്ടാക്കുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. പ്രളയ ദുരിതാശ്വാസവും പുനരധിവാസ പ്രവർത്തനങ്ങളും നിരത്തി ഇടതുമുന്നണി ഇതിനെ നേരിടുന്നു. സർക്കാരിന്റെ നവോത്ഥാന സമിതിയുമായി സഹകരിച്ച കെ.പി.എം.എസ്. നിലവിൽ സമദൂരത്തിലാണെന്നതും ശ്രദ്ധേയം.
Content Highlight: A different poll game In Mavelikkara Lok Sabha Election 2019