തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. 15 സീറ്റുമായി യു.ഡി.എഫ് മികച്ച വിജയം നേടും. എല്‍.ഡി.എഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു. 

കടുത്ത മത്സരം നടന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ എ സമ്പത്ത് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. 42ശതമാനം വോട്ടുകള്‍ സമ്പത്ത് നേടിയേക്കും. യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 39 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തും. എന്‍ ഡി എയുടെ ശോഭാ സുരേന്ദ്രന്‍ 16 ശതമാനം വോട്ടുകള്‍ നേടിയേക്കുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍. 48 ശതമാനം വോട്ട് നേടി വ്യക്തമായ വിജയമാണ് പ്രേമചന്ദ്രന്‍ വിജയിക്കുമെന്നാണ്‌ പ്രവചനം. കെ.എന്‍ ബാലഗോപാല്‍ 39 ശതമാനത്തിലേക്ക് ഒതുങ്ങുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സാബു വര്‍ഗീസ് 12 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

klm

ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയില്‍ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. 

ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ വീണാ ജോര്‍ജിന് 29 ശതമാനം വോട്ടുകളേ നേടാന്‍ സാധിക്കുകയുള്ളൂവെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.

മാവേലിക്കരയില്‍ കൊടിക്കുന്നല്‍ സുരേഷ് ഇത്തവണയും മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. 
യു.ഡി.എഫ്- 47%, എല്‍.ഡി.എഫ്- 39% എന്‍.ഡി.എഫ്- 9% ഫലം

യു.ഡി.എഫ് സിറ്റിങ് മണ്ഡലമായ ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫ് അട്ടിമറി വിജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ സര്‍വെ. 45 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരികമായ വിജയമാണ് ആരിഫ് നേടുകയെന്നാണ് പ്രവചനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ 42 ശതമാനം വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി 10 ശതമാനവും വോട്ട് നേടുന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 

alpy

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലം. തോമസ് ചാഴിക്കാടന്‍ 48 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍ 39 ശതമാനവും പി.സി തോമസ് 11 ശതമാനവും വോട്ട് നേടും.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിന് അടിപതറുമെന്ന് എക്‌സിറ്റ്‌പോള്‍. 47 ശതമാനം വോട്ടോട് കൂടെ ഡീന്‍ കുര്യാക്കോസ് മണ്ഡലം പിടിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ജോയ്‌സ് ജോര്‍ജ് 39 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ 12 ശതമാനം വോട്ട് നേടും.

എറണാകുളം പിടിച്ചെടുക്കാന്‍ ഇടത് മുന്നണിക്ക് കഴിയില്ലെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് 42 ശതമാനം വോട്ടോട് കൂടിയുള്ള വ്യക്തമായ വിജയമാണ് ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി പി രാജീവ് 34 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം 17 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം.

ekm

ചാലക്കുടിയില്‍ ബെന്നി ബെഹ്നാന് 46 ശതമാനം വോട്ടോട് കൂടിയുള്ള ആധികാരിക വിജയമാണ് എസ്‌കിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിന് 37 ശതമാനം വോട്ട് കിട്ടുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി 12 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. 

തൃശൂരില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്. 38 ശതമാനവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപനാണ് എക്‌സിറ്റ്‌പോള്‍ സാധ്യത കല്‍പ്പിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് 35 ശതമാനവും ബി.ജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 23 ശതമാനവും വോട്ട് നേടും.

 ഇടത് കോട്ടയായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ ഫലം. രമ്യ 48 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്‌സിറ്റ്‌പോളില്‍ പറയുന്നത്. 

പാലക്കാട് ഇടത് സ്ഥാനാര്‍ഥി എം.ബി രാജേഷ് വന്‍ വിജയം നേടുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.

പാലക്കാട്- എല്‍.ഡി.എഫ്- 41% ശതമാനം, യു.ഡി.എഫ്- 27%, എന്‍.ഡി.എ- 29%

മലപ്പുറത്തും പൊന്നാന്നിയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ്‌പോള്‍ ഫലം. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 49 ശതമാനവും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 48 ശതമാനവും വോട്ട് നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നത്. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ഥി വി.പി സാനു 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വി ഉണ്ണികൃഷ്ണന്‍ 8ശതമാനവും വോട്ടും പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ഥി 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വിടി രമ 11 ശതമാനവും വോട്ടും നേടുമെന്നും ഫലം പ്രവചിക്കുന്നു.

ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. എ പ്രദീപ് കുമാര്‍ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എന്‍ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാജ്യം ഉറ്റുനോക്കിയ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കൂറ്റന്‍ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. 51 ശതമാനം വോട്ട് രാഹുല്‍ നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ 33 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു.

  സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. ബി.ജെ.പിയ്ക്ക് 9 ശതമാനം വോട്ടാണ് എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്.

കണ്ണരിലും കാസര്‍കോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. രാജ്മോഹന്‍ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

content highlights​: mathrubhumi news geowide india exitpoll 2019