വേങ്ങര: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു. വേങ്ങര അസംബ്ലി മണ്ഡലം എൽ.ഡി.എഫ്. കൺവെൻഷനിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകളെയും അവരെ സഹായിക്കുന്ന കേന്ദ്രഭരണത്തെയും വിമർശിക്കുന്നവരെ ബി.ജെ.പി. രാജ്യദ്രോഹികൾ എന്നുവിളിച്ച് ആക്ഷേപിക്കുന്നു. തങ്ങൾക്കിഷ്ടമില്ലാത്ത ഭരണഘടനപോലും കത്തിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സി.പി.ഐ. നേതാവ് കെ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ടി.എ. സമദ് അധ്യക്ഷനായി. സി.പി. അൻവർസാദത്ത്, വേലായുധൻ വള്ളിക്കുന്ന്, വി.ടി. സോഫിയ, ഹംസ പാലൂർ, സി.ടി. രാജു, എം. മുഹമ്മദലി, പി.പി. ബഷീർ, കെ.ടി. അലവിക്കുട്ടി, പി. പദ്‌മനാഭൻ എന്നിവർ പ്രസംഗിച്ചു.