അട്ടിമറി സ്വപ്‌നങ്ങളുമായാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായെത്തുന്നത്. ഏറെ ആവേശത്തോടെയാണ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരാവാദിത്വത്തെ കാണുന്നതെന്ന് വി.പി സാനു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വലിയൊരു മാറ്റത്തിനുവേണ്ടി മലപ്പുറം കാതോര്‍ക്കുകയാണ്. മലപ്പുറത്തെ ഇടത് വിജയം ബാലികേറാ മലയൊന്നുമല്ല. വിജയിക്കാന്‍ വേണ്ടിത്തന്നെയാണ് താന്‍ മത്സരിക്കുന്നതതെന്നും വി.പി സാനു പറഞ്ഞു. മുന്‍കാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ സംസ്ഥാനത്ത്‌ അട്ടിമറി വിജയം നേടിയിട്ടുണ്ടെന്നും സാനു ചൂണ്ടിക്കാട്ടി. 

മലപ്പുറം വളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. മുന്‍കാല എസ്.എഫ്.ഐ നേതാക്കന്മാരില്‍ നിന്ന് വ്യത്യസ്തമായി ഏറെ പെട്ടന്നാണ് സാനുവിനെ തേടി ഉയര്‍ന്ന സ്ഥാനങ്ങള്‍ എത്തിയത്.  എസ്.എഫ്.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് മുന്‍പുതന്നെ ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനുവിനെ നേരിട്ട് എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റാക്കിയിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയതോടെ സാനു ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി സാനു അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മാസങ്ങള്‍മാത്രമേ സാനു ആ സ്ഥാനത്ത് തുടര്‍ന്നുള്ളു. വൈകാതെ നടന്ന ദേശീയ സമ്മേളനത്തില്‍ സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ എസ്.എഫ്.ഐ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് സാനുവിനെ തേടി ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം എത്തുന്നത്. 

vp sanu

എ വിജയരാഘവന് ശേഷം മലപ്പുറത്ത് നിന്ന് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുന്ന എസ്.എഫ്.ഐ ദേശീയ പ്രസിഡന്റാണ് സാനു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ വി.പി സക്കറിയയാണ് സാനുവിന്റെ പിതാവ്. സാനുവിനെ പോലൊരു യുവ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ ചെറിയ മുന്നേറ്റമെങ്കിലും സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം ക്യാമ്പ്.

content highlights: vp sanu, CPIM, SFI, LDF, Malappuram