'ലോകത്തു വംശീയതയും, മതദേശീയതയും, ഫാസിസവും വ്യാപിച്ചു വരുന്ന കാലമാണ്. അതുകൊണ്ട് സാനു ജയിക്കണം.' പറയുന്നത് തുര്‍ക്കി സ്വദേശിയും Fight For $15 and fairness എന്ന സംഘടനയുടെ  നേതാവുമായ കാനാന്‍ ഷാഹിന്‍.

ലോകത്ത് ഒരു രാജ്യത്തു നടക്കുന്ന തിരഞ്ഞെടുപ്പും ആ രാജ്യത്തിന്റെ മാത്രമായി നിലനില്‍ക്കണമെന്നില്ല. മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ മുതല്‍ രാഷ്ട്രീയ നിരീക്ഷകര്‍ വരെ അതിനെ ഉറ്റുനോക്കിയെന്നു വരും. അഭിപ്രായങ്ങള്‍ പങ്കുവച്ചെന്നു വരും. സാധാരണ ജനങ്ങള്‍ക്ക് അതില്‍ ആകാംക്ഷയുണ്ടായെന്നു വരും. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളില്‍ പോലും അതിന്റെ അലയൊലികള്‍ ഉണ്ടാവാം എന്നത് കൊണ്ടുള്‍പ്പെടെ ആവാം അത്.

അസാധാരണമായി അതില്‍ ഒന്നുമില്ല. പക്ഷെ അന്താരാഷ്ട്ര ലോകത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ രാജ്യത്തെ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലേക്ക് ഉറ്റു നോക്കുന്നതില്‍ അസാധാരണമായി ചിലതുണ്ട്. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള സാമൂഹ്യപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥി നേതാക്കളും ഉറ്റു നോക്കുന്നുണ്ട്. 

കേരളവും അതില്‍ പ്രധാനമാണ്. മലപ്പുറം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി വി പി സാനുവിന് ആശംസ നേര്‍ന്നു കൊണ്ട് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും സംസാരിക്കുന്നത് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.

കാനാന്‍ ഷാഹിന് പുറമേ അക്കാദമിക്സ് ഫോര്‍ പീസ് എന്ന സംഘടനയുടെ നേതാവും, തുര്‍ക്കി സ്വദേശിയുമായ ഗയേ ഒനുറെര്‍, ,ബൊളീവിയന്‍ വിദ്യാര്‍ത്ഥി നേതാവ് അലെജാന്‍ഡ്രോ ബാസ്‌കോപ്പ് അലിപാസ്, 
കിങ്സ്റ്റണ്‍ പീസ് കൗണ്‍സിലിന്റെ സ്ഥാപക അംഗവും, കാനഡയിലെ ജടഅഇ 901 -ന്റെ വൈസ് പ്രസിഡന്റും ആയ ഡൗഗ്  ഇയര്‍വുഡ്, എന്നിവരും ഇതിനോടകം സാനുവിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന മത ദേശീയതക്കും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി തീരണം സാനുവിന്റെ വിജയം എന്ന് എല്ലാവരും ആശംസിച്ചു..

അന്താരാഷ്ട്ര നേതാക്കള്‍ക്ക് പുറമെ, ഷിംലയിലെ മുന്‍ ഡെപ്യൂട്ടി മേയര്‍ ടിക്കേന്ദര്‍ പന്‍വാര്‍ Oxford സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സാഹില്‍ ഖുറൈഷി,എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും സാനുവിന് വോട്ട് ചോദിച്ചു രംഗത്തെത്തിയിരുന്നു.