മലപ്പുറം: എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനുവിന് മങ്കട നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകി. മൂർക്കനാട് പഞ്ചായത്തിലെ പൊട്ടിക്കല്ലായിരുന്നു ആദ്യ സ്വീകരണകേന്ദ്രം. ഉച്ചയ്ക്ക് മുമ്പ് മൂർക്കനാട്, കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകളിലെ പതിനൊന്ന് സ്വീകരണകേന്ദ്രങ്ങൾ പൂർത്തിയാക്കി.

ഉച്ചകഴിഞ്ഞ് അങ്ങാടിപ്പുറം, കുറുവ, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലായി 21 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. വൈകീട്ട് അഞ്ചോടെ കരിഞ്ചാപ്പാടിയിൽ എത്തിയ സ്ഥാനാർത്ഥിയെ കുതിരപ്പുറത്തേറ്റിയാണ് ജനങ്ങൾ സ്വീകരിച്ചത്.

കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റയിലാണ് ഞായറാഴ്ചത്തെ പര്യാടനം സമാപിച്ചത്. സി.പി.എം. മങ്കട ഏരിയാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. ഷറഫുദ്ദീൻ, ജില്ലാ പഞ്ചായത്തഗം ടി.കെ. റഷീദലി, മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാൽ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ബലറാം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ. കേശവൻ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് രമണി, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായി.