തിരഞ്ഞെടുപ്പ് ചൂട് ഉച്ചിയിലെത്തി നിൽക്കുമ്പോഴാണ് വിഷുവെത്തുന്നത്. മീനമാസ ചൂടിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടപ്പാച്ചിലിനിടെ വോട്ടിനൊപ്പം വിഷു ആശംസയും പറഞ്ഞാണ് വേദികളിൽനിന്ന് ഓരോ സ്ഥാനാർഥിയുടേയും മടക്കം.

കണിക്കൊന്ന നൽകിയാണ് സ്ഥാനാർഥികളെ എല്ലായിടത്തും സ്വീകരിക്കുന്നത്. ഈ സ്വീകരണം സ്ഥാനാർഥികൾക്കും സന്തോഷം.

കഠിനമായ ചൂട് പ്രചാരണത്തിനിറങ്ങുന്നവർക്ക് വില്ലനായി കഴിഞ്ഞു. ഉച്ചയ്ക്കുള്ള പരിപാടികൾ കുറവാണ്. ഇതിനിടയിൽ വിഷു ആശംസ എല്ലാവരേയും അറിയിക്കാൻ സമയം കിട്ടാതെയാകും. അതിനുള്ള ചുമതല നൽകിയിരിക്കുന്നത് സാമൂഹിക മാധ്യമ വിഭാഗം ടീമുകൾക്കാണ്.

സ്ഥാനാർഥികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പാർട്ടി പ്രവർത്തകരുടെ പേജുകളിലും ആശംസ ഇട്ടാണ് ആദ്യ അറിയിപ്പ് എത്തിയത്. പ്രത്യേകം ശ്രദ്ധിക്കുന്നവർക്കും ടാഗ് ചെയ്തവർക്കും മാത്രമേ ആശംസ ലഭിക്കൂ എന്നതിനാൽ വാട്‌സ്ആപ്പ് വഴിയാണ് കൂടുതൽ പ്രവർത്തനം. തിരഞ്ഞെടുപ്പിനായി ബൂത്ത് തലങ്ങളിൽവരെ പ്രധാന സ്ഥാനാർഥികൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. ഇതിലൂടെ കൂടുതൽ പേരിലെത്തിക്കാനാണ് സാമൂഹിക മാധ്യമ വിഭാഗം ടീമുകളുടെ തീരുമാനം. വിഷു പാച്ചിലിനിടയിൽ ആശംസാ പോസ്റ്ററുകളുടെ നീണ്ടനിരതന്നെ വരും ദിവസങ്ങളിൽ വാടസ്ആപ്പിൽ കാണാം.

’സമ്പദ് സമൃദ്ധിയുടേയും സഹോദര്യത്തിന്റേയും ഐശ്വര്യത്തിന്റേയും നല്ല നാളെയിലേക്ക് കൺതുറക്കാം’ എന്നതാണ് യു.ഡി.എഫ്. സ്ഥാനാർഥികളായ ഇ.ടി. മുഹമ്മദ് ബഷീറിന്റേയും പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും കാർഡിലെ വിഷു ആശംസ.

ഒറ്റവാക്കിൽ വിഷു ആശംസകൾ അറിയിച്ചാണ് എൽ.ഡി.എഫ്. സ്ഥാനാർഥികളായ പി.വി. അൻവറിന്റേയും വി.പി. സാനുവിന്റേയും പോസ്റ്ററുകൾ.

’കണിക്കൊന്നയും കണിവട്ടങ്ങളുമൊരുക്കുന്ന ആഘോഷ നിർഭരമായ വിഷുദിനം എന്നെന്നും ഐശ്വര്യം നിറഞ്ഞതാകട്ടെ ഏവർക്കും വിഷു-ഈസ്റ്റർ ആശംസകൾ’ എന്നു പറഞ്ഞാണ് എൻ.ഡി.എ. സ്ഥാനാർഥികളായ വി. ഉണ്ണികൃഷ്ണന്റെയും വി.ടി. രമയുടേയും പോസ്റ്ററുകൾ.