’നാമൊന്നിച്ച് വോട്ടുകൾ ചെയ്തീടണം ഉണ്ണിക്കൃഷ്ണൻ മാസ്റ്റർക്ക്

താമരയിൽ വോട്ടുകൾ നൽകീടണം

എൻ.ഡി.എ.ക്ക് വിജയം നൽകേണം

മോദിക്ക് ഭരിക്കാൻ, ഭാരതത്തിൽ നന്മ വിരിയിക്കാൻ...’

കലാഭവൻ മണിയുടെ നാടൻപാട്ട് താളത്തിലുള്ള തിരഞ്ഞെടുപ്പ് ഗാനം തുവ്വക്കാട് കന്മനം ’വിളവിൽ’ വീട്ടിൽ നിർത്തിയിട്ട അനൗൺസ്‌മെന്റ് വണ്ടിയിൽനിന്ന് നാടെങ്ങും ഒഴുകിപ്പരക്കുന്നു. വിളവിൽ വീടിനിപ്പോൾ ഒരു പ്രത്യേകത കൈവന്നിട്ടുണ്ട്, അതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി വി. ഉണ്ണിക്കൃഷ്ണന്റെ വീട്. പാട്ടിനൊപ്പം താളംപിടിച്ച് നാട്ടുകാരുടെ ഉണ്ണിയേട്ടൻ കാറിൽക്കയറി. അപ്പോൾ സമയം 7.30.

വണ്ടി നേരെ വിട്ടത് കോഹിനൂരുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക്. പ്രവർത്തകരെക്കണ്ട് നിർദേശങ്ങൾ നൽകിയശേഷം ഇടിമൂഴിക്കൽ മഹാഗണപതിക്ഷേത്രത്തിൽ ദർശനം. ദിവസവും ഒരു ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടുക.

20 സ്വീകരണകേന്ദ്രങ്ങളിലാണ് പങ്കെടുക്കാനുള്ളത്. ആദ്യം പുല്ലിപ്പറമ്പിലും രാത്രി 8.30-ന് ചെനയ്ക്കലങ്ങാടിയിലുമാണ് സമാപനം. പരമാവധി ഒരിടത്ത് അഞ്ചുമിനിറ്റ് സംസാരിക്കും.

എന്തുകൊണ്ട് മലപ്പുറത്ത് എൻ.ഡി.എ., നിലവിലെ എം.പി. മണ്ഡലത്തിൽ ചെയ്യാത്ത കാര്യങ്ങൾ, ഹാജർനില കുറഞ്ഞ എം.പി., ഇടത് -വലത് മുന്നണികൾക്കെതിരായ ആക്രമണം തുടങ്ങിയ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉടനീളം.

11-ന് പടിഞ്ഞാറ്റിൻപടിയിൽ സ്ഥാനാർഥിയെത്തുമ്പോൾ പ്രാദേശിക നേതാവ് പ്രസംഗിച്ച് കത്തിക്കയറുകയാണ്. മോദിയുടെ അഞ്ചുവർഷത്തെ ഭരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ നാസിക് ദോൾ മുഴക്കം തുടങ്ങി. പിന്നാലെ അനൗൺസ്‌മെന്റും. മലപ്പുറത്തിന്റെ മനമറിഞ്ഞ് ഉണ്ണികൃഷ്ണൻ ഇതാ ഈ വാഹനത്തിനു തൊട്ടുപിന്നാലെ കടന്നുവരുന്നു. പ്രസംഗം നീട്ടിയില്ല. രണ്ടുമിനിറ്റ് മാത്രം. ഉടനെ ചായ കുടിച്ച് ജവാൻസ് നഗറിലേക്ക് ഒരോട്ടമായിരുന്നു.

ജവാൻസ് നഗർ എന്ന പേര് എങ്ങനെ വന്നുവെന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന പ്രവർത്തകൻ ഉത്തരംനൽകി. പണ്ടുകാലത്ത് ധാരാളം ജവാൻമാർ ഉള്ള നാടായതിനാലാണ് ഈ പേര് വീണത്. സ്ഥലത്തെത്തിയപ്പോൾ നിരവധി കുട്ടികളും അമ്മമാരും അടങ്ങുന്ന വലിയൊരു കൂട്ടം കാത്തുനിൽക്കുന്നു. അവർ നൽകിയ തണുത്തവെള്ളം കുടിച്ച് ചെറിയ പ്രസംഗം.

ഉച്ചഭക്ഷണം ദുർഗാപുരത്ത് പാർട്ടിപ്രവർത്തകന്റെ വീട്ടിൽ. ചൂടായതിനാൽ ഭക്ഷണത്തിന് ചില നിയന്ത്രണങ്ങളുണ്ട്. ഇടയ്ക്കിടക്ക് ചായ കുടിക്കുന്ന ശീലമുണ്ട്. അതിനാൽ പരിപാടികൾക്കിടയിൽ ചായ നിർബന്ധമാണ്.

ചൂടോ? അത് വകവെക്കുന്നില്ല

ചൂട് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് ചൂട് കൂടിയതിനാൽ ഈ ചൂട് വകവെക്കുന്നില്ലെന്നായിരുന്നു മറുപടി. പകൽ സമയത്ത് കാറിൽത്തന്നെയാണ് യാത്ര. വൈകീട്ട് തുറന്ന വാഹനത്തിൽ വോട്ട് തേടും. ഇതിനിടയിൽ വിശ്രമിക്കാനൊന്നും സമയം കണ്ടെത്താറില്ല.

ശരിക്കും പഠിച്ചിട്ടുണ്ട്

മലപ്പുറം മണ്ഡലത്തെക്കുറിച്ച് ശരിക്കും പഠിച്ചിട്ടു തന്നെയാണ് ഉണ്ണികൃഷ്ണൻ ഇറങ്ങിയിരിക്കുന്നത്. നിലവിലെ എം.പി. ആദർശഗ്രാമം പദ്ധതി ഏറ്റെടുക്കാത്തതിൽ സ്ഥാനാർഥിക്ക് പ്രതിഷേധമുണ്ട്. കായികവികസനത്തിൽ പ്രത്യേകം താത്പര്യം കാണിക്കുമെന്ന് തറപ്പിച്ചു പറയുന്നു. പയ്യനാട് സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ മാറണം. മൈതാനം നശിക്കുകയാണ്. ധാരാളം കാൽപ്പന്തു പ്രതിഭകൾ ജനിച്ച മണ്ണിന് ഇത്രപോര. ഓരോ നിയോജകമണ്ഡലത്തിലും സ്റ്റേഡിയം കോപ്ലക്സും യോഗ സെന്ററും സ്ഥാപിക്കും.

ജലം എങ്ങനെ വിനിയോഗിക്കണമെന്ന് ഇനിയും നമ്മൾ പഠിച്ചിട്ടില്ല. ജലസ്രോതസ്സുകൾ സംരക്ഷിച്ച് തടയണകൾ സ്ഥാപിക്കും. ആരോഗ്യരംഗം, പ്രവാസിക്ഷേമ പദ്ധതികൾ എന്നിവ എങ്ങനെ നടത്തണമെന്ന് കൃത്യമായ ധാരണയുണ്ട്.

മുത്തലാഖ് ഗുണംചെയ്യും

ശബരിമല ആചാരലംഘനത്തിനെതിരേയും മനുഷ്യാവകാശ ലംഘനത്തിനെതിരേയും എല്ലായിടത്തും ഉണ്ണികൃഷ്ണൻ പറയുന്നുണ്ട്. നിരപരാധികളായ ഭക്തരെയാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്.

മുസ്‌ലിംസ്ത്രീകൾ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിക്കഴിഞ്ഞു. വാർത്തകൾ അവരുടെ വിരൽത്തുമ്പിൽ ലഭിക്കുന്നു. മുത്തലാഖ് നിയമം തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്ക് ഗുണംചെയ്യും. നിരവധി പദ്ധതികളാണ് മോദി ന്യൂനപക്ഷങ്ങൾക്കായി നടപ്പാക്കിയത്.

ആ ക്ഷീണം മാറും

കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം എൻ.ഡി.എ.യ്ക്ക് ഉണ്ടായില്ല. പൊതുതിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും രണ്ട് പ്രവണതകളാണ്. ഉപതിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ എൻ.ഡി.എ.ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴത്തെ ട്രെൻഡ് വിഭിന്നമാണ്. ഇത് മോദിക്കും എൻ.ഡി.എ.ക്കും ചരിത്രം കുറിക്കാനുള്ള സമയമാണ്.

മേഖലാസെക്രട്ടറി എൻ. പ്രേമൻ, ജില്ലാസെക്രട്ടറി പി. സുബ്രഹ്മണ്യൻ, പീതാംബരൻ പാലാട്ട്, എൻ. അരവിന്ദൻ, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി. ജയനിദാസ്, മഹിളാമോർച്ച പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ തങ്ങളുടെ പ്രിയസ്ഥാനാർഥിക്കൊപ്പം കൂടെയുണ്ട്. ഒാരോയിടത്തും ചെയ്യേണ്ട നിർദേശങ്ങൾ ഈ സംഘം ഭംഗിയായി നിർവഹിക്കുന്നു.