ഡല്‍ഹിയില്‍ നിന്നുള്ള തീപ്പാട്ടുസംഘം മലപ്പുറത്തുവന്ന് പാടുകയാണ്. പക്ഷേ, മലപ്പുറത്ത് അവരെ അടയാളപ്പെടുത്തുന്നത് സാനുവിന്റെ ചങ്ങാതിമാര്‍ എന്നാണ്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളെ ആവേശത്തോടെ നയിച്ച തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് മത്സരിക്കുമ്പോള്‍ ഇവിടെ വന്ന് പാടാതിരുന്നാല്‍ അത് തങ്ങളെ രാഷ്ട്രീയപരമായി അപ്രസക്തമാക്കിക്കളയുമെന്ന് അവര്‍ കരുതുന്നു. 

'ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും' എന്ന പാട്ടിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ തീപ്പാട്ടു സംഘം. പാട്ടിന്റെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍. ഫാസിസത്തിനെതിരെ പാട്ടും പറച്ചിലും പ്രകടനവും കൊണ്ട് പ്രതിരോധത്തിന്റെ രാഷ്ട്രീയം സൃഷ്ടിക്കാനാവും എന്ന അവരുടെ തിരിച്ചറിവാണ് 2015-ല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു തീപ്പാട്ടു സംഘം രൂപീകരിക്കാന്‍ ഇവര്‍ക്ക് പ്രചോദനമായത്. എന്നാല്‍ ഏതെങ്കിലും ഒരു ദേശത്തേക്ക് മാത്രമായി ഇവരുടെ തീപ്പാട്ട് ചുരുങ്ങുന്നില്ല. ലോകത്തെല്ലായിടത്തും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഒന്നാണ് എന്ന് പറയാനാണ് ഇവര്‍ ഈ പ്രകടനത്തിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഷ പോലും ഇവരുടെ പാട്ടുകള്‍ക്ക് അതിര്‍വരമ്പാവുന്നില്ല. നമ്മുടെ സ്വന്തം നാടന്‍പാട്ടും, മാപ്പിളപ്പാട്ടും മുതല്‍ ബാവുലും, സൂഫി കള്‍ട്ടും വരെയുണ്ട് അവരുടെ പാട്ടുകളില്‍. സാധാരണക്കാരായ കൂലിപ്പണിക്കാര്‍ മുതല്‍ പ്രൊഫഷണല്‍ സംഗീതജ്ഞര്‍ വരെയുണ്ട് അവരുടെ സംഘത്തില്‍. എങ്കിലും തങ്ങളുടേത് ഒരു സംഗീത ബാന്റല്ല എന്ന് സംസാരത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. പാട്ടിനോടൊപ്പം പറച്ചിലും കൂടി ഇടകലര്‍ത്തിയതാണ് തീപ്പാട്ടു സംഘത്തിന്റെ പ്രകടനം. 

'മൈക്കിള്‍ ജാക്‌സണെക്കാള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടത് ബോബ് മാര്‍ലി ആണ്' എന്ന ഒരൊറ്റ വാചകത്തില്‍ അവരുടെ രാഷ്ട്രീയം വ്യക്തമാണ്. ബോബിന്റെ സംഗീതം ഭരണകൂടത്തെ അത്രമേല്‍ അസ്വസ്ഥമാക്കിയിരുന്നു. പാട്ടിലൂടെ പ്രതിരോധത്തിന്റെ ഒരു സംസ്‌കാരം രൂപപ്പെടും എന്ന് തന്നെയാണ് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഡല്‍ഹിയിലെ കനത്ത വെയിലില്‍ വിയര്‍പ്പില്‍ കുളിച്ചുകൊണ്ടിരിക്കുമ്പൊഴും പാട്ട് നിര്‍ത്താതിരുന്നിട്ടുണ്ട്. ഭീഷണികളുണ്ടായപ്പോള്‍ അതില്‍ തളരാതെ പാടിക്കൊണ്ടിരുന്നിട്ടുണ്ട്. പ്രതിസന്ധികളുടെ ദിനങ്ങളിലും പ്രതിരോധത്തിന്റെ സംഗീതവും രാഷ്ട്രീയവും തളര്‍ന്നു പോവില്ല എന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് അവര്‍. 29 സംസ്ഥാനങ്ങളിലും സഞ്ചരിച്ച് അവിടുത്തെ ഫോക്ക് സംഗീതത്തെ പഠിച്ചു കൊണ്ടാണ് അവര്‍ തീപ്പാട്ടിനെ വിപുലമാക്കിയത് എന്നൊരു സവിശേഷത കൂടിയുണ്ട്.

mpm

സാനുവിന് വേണ്ടിയുള്ള പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യം അവരെ കൂടുതല്‍ ആവേശഭരിതരാക്കി. രാഷ്ട്രീയമെന്ന പോലെ വൈകാരികമാണ് മലപ്പുറത്തെ പ്രവര്‍ത്തനമെന്ന് അവര്‍ ഒരേ സ്വരത്തിലാണ് സാക്ഷ്യപ്പെടുത്തിയത്. വിരലിലെണ്ണാവുന്ന ആളുകളുമായി ഇതാരംഭിക്കുന്ന കാലം മുതല്‍ കരുത്തു പകര്‍ന്നും വിമര്‍ശിച്ചും തിരുത്തിയും തങ്ങളോടൊപ്പം ഉണ്ടായിരുന്ന ആളാണ് ഇവിടെ തിരഞ്ഞടുപ്പില്‍ മല്‍സരിക്കുന്നത്. പക്ഷേ അതു മാത്രമല്ല തങ്ങളെ മലപ്പുറത്തെത്തിച്ചതെന്ന് പാട്ടിലും പറച്ചിലിലും വ്യക്തമാക്കുന്നുണ്ട് അവര്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന എല്ലാ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെയും മുന്നില്‍ നിന്നു നയിച്ച ആളാണ് സാനു. അതിനാല്‍ അയാള്‍ ജയിച്ചു വരണമെന്ന് ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇവരുടെ അഭിപ്രായം. അപ്പോഴും പ്രത്യാശ പോലെ അവരുടെ പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു. 'അപ്പോള്‍ സാനു സ്റ്റാറാവും, സംഗതിയാകെ കളറാവും'. 

Content Highlights: theepattu song group election campaign for malappuram ldf candidate vp sanu