ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്‌ വി.പി.സാനു. ഒരു അട്ടിമറിയിലൂടെ മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ള മലപ്പുറം ചുവപ്പിക്കാന്‍ ഈ എസ്എഫ്‌ഐ നേതാവിന് കഴിയുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. സിറ്റിങ് എംപിയും ലീഗിന്റെ ഏറ്റവും പ്രബലനുമായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് പ്രധാന എതിര്‍ സ്ഥാനാര്‍ഥി. 1991-ല്‍ കുറ്റിപ്പുറത്ത് സാനുവിന്റെ പിതാവ് വി.പി.സക്കരിയ്യ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പിതാവിനെ പരാജയപ്പെടുത്തിയ അതേ സ്ഥാനാര്‍ഥിയോട് ഏറ്റുമുട്ടുകയാണ് സാനു. തിരഞ്ഞെടുപ്പ് മത്സരം രാഷ്ട്രീയ പകപോക്കലല്ലെന്നും അതേസമയം 2004 മഞ്ചേരിയില്‍ ടി.കെ.ഹംസയുടെ വിജയത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യം മലപ്പുറത്ത് നിലനില്‍ക്കുന്നുവെന്നും സാനു പറയുന്നു. എസ്എഫ്‌ഐ നേതാക്കളായിരുന്ന സമയത്ത് എ.വിജയരാഘവനും സുരേഷ് കുറുപ്പും നേടിയ ചരിത്ര അട്ടിമറി ജയം സാനുവിലൂടെയും ആവര്‍ത്തിക്കാമെന്ന് ഇടതുമുന്നണിയും കണക്ക്കൂട്ടുന്നു. തിരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍ സാനു mathrubhumi.com നോട് പങ്കുവെക്കുന്നു.

അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനാര്‍ഥിത്വമായിരുന്നോ സാനുവിന്റേത്...

11 വയസ് മുതല്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ രീതിയനുസരിച്ചുള്ള താഴെ തട്ടിലെ ഘടകങ്ങള്‍ മുതല്‍ ആലോചിച്ച ശേഷം തന്നെയാണ് സ്ഥാനാര്‍ഥിയായി എന്നെ പ്രഖ്യാപിച്ചത്. 

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എവിടംവരെയായി...

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അന്ന്മുതല്‍ പ്രചാരണ രംഗത്തേക്കെത്തിയിട്ടുണ്ട്. നിലവില്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയാക്കി. നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാന്‍ സഹാച്ചിട്ടുണ്ട്.

മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയില്‍ അവരുടെ ശക്തനായ നേതാവാണ് എതിര്‍സ്ഥാനാര്‍ഥിയെന്നതില്‍ ആശങ്കയുണ്ടോ...

ഉരുക്കുകോട്ട എന്ന് പറയുന്നതില്‍ കാര്യമില്ല. ലീഗിന് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന മഞ്ചേരി മണ്ഡലത്തില്‍ 2004-ല്‍ ടി.കെ.ഹംസയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2006-ല്‍ കുറ്റിപ്പുറം, പെരിന്തല്‍മണ്ണ, പൊന്നാനി, മങ്കട, തിരൂര്‍ എന്നിവടങ്ങളിലും ഇടതുമുന്നണി അട്ടിമറിജയം നേടിയിട്ടുണ്ട്. അങ്ങനെയുള്ള മലപ്പുറം എല്ലാ കാലത്തും ഒരാളെ തുണക്കുന്നു എന്ന് പറയുന്നത് ശരിയല്ല. എസ്.എഫ്.ഐ നേതാക്കളായിരുന്ന സമയത്ത് സുരേഷ് കുറുപ്പും,എ.വിജയരാഘവനും അട്ടിമറി ജയം നേടിയവരാണ്. അതിന് ശേഷവും ഇടതുമുന്നണിയിലെ യുവനേതാക്കള്‍ വലിയഭൂരിപക്ഷങ്ങള്‍ മറികടന്നിട്ടുണ്ട്.

പഴയ മഞ്ചേരിയല്ല ഇന്നത്തെ മലപ്പുറം, രാഷ്ട്രീയ സാഹചര്യങ്ങളും വ്യത്യസ്തമാണ്. മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും യുഡിഎഫിന്റെ കൈയിലാണ്. ഇതെല്ലാം മറികടക്കുമോ...

പഴയ മഞ്ചേരിയിലെ ഭൂരിപക്ഷം പ്രദേശവും ഇപ്പോഴും മലപ്പുറത്ത് തന്നെയാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കൃത്യമായ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. കേരള സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഗുണം ചെയ്യും. രാഷ്ട്രീയ സ്ഥിതിഗതികള്‍ എല്ലാംകൊണ്ടും ഇടത് മുന്നണിക്ക് അനുകൂലമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലപ്പുറത്തെ കോളേജുകളില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയങ്ങള്‍ നേടാനായിട്ടുണ്ട്. ഇവിടുത്തെ വിദ്യാര്‍ഥികള്‍ നന്നായി ഇടതുപക്ഷവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അവരിലൊരാളായിട്ടാണ് ഇപ്പോ എന്റെ പ്രചാരണം. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത് വലിയ ആവേശവും പ്രതീക്ഷയും നല്‍കുന്നുണ്ട്. 

എതിര്‍സ്ഥാനാര്‍ഥിയെ കുറിച്ച്...

കേരളരാഷ്രീയത്തില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള നേതാവാണ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ്. പക്ഷേ തിരഞ്ഞെടുപ്പ് മത്സരം എന്നത് വ്യക്തിപരമല്ല. മറിച്ച് രാഷ്ട്രീയ പോരാട്ടവും രാഷ്ട്രീയ സംവാദവുമാണ് നടക്കാന്‍ പോകുന്നത്. 

പാര്‍ലമെന്റിലെ സിറ്റിങ് എംപിയുടെ പ്രകടനം ചര്‍ച്ച ചെയ്യപ്പെടും. ചര്‍ച്ചയില്‍ നിന്ന് ഓടിയൊളിക്കുമോ എന്ന് എന്നോട് പ്രചാരണത്തിനിറങ്ങുമ്പോള്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നെ ആ ചുമതല ഏല്‍പ്പിച്ചാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഞാന്‍ ഉണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുന്നു.

മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ കുറിച്ച്...

ഒറ്റയ്ക്ക് ജയിക്കാന്‍ സാധിക്കുമെന്ന് മേനി നടിച്ചിരുന്ന ആളുകളാണ് ഇപ്പോള്‍ എസ്ഡിപിഐയുമായിട്ട് രഹസ്യമായും പരസ്യമായും ചര്‍ച്ച നടത്തുന്നത്. പരാജയഭീതിയാണ് ലീഗിന്. മലപ്പുറത്തേയും പൊന്നാനിയിലേയും ഇടതുമുന്നണിയുടെ വിജയമാണ് ലീഗിനെ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തേണ്ടി വന്ന സാഹചര്യത്തിലെത്തിച്ചത്. ലീഗിനെ ഭയം പിടികൂടിയിരിക്കുന്നു. ലീഗ്-എസ്ഡിപിഐ രഹസ്യധാരണ വോട്ടെണ്ണി കഴിയുമ്പോള്‍ മനസ്സിലാകും.

പിഡിപിയടക്കമുള്ള സംഘടനകളുടെ പിന്തുണ സാനുവിനുണ്ടോ...

നിലവില്‍ പിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐയെ പോലെ പിഡിപിയെ കാണാനാവില്ല. തീവ്രവാദ അക്രമകേസുകളിലൊന്നും അടുത്തകാലത്ത് പിഡിപി പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടില്ല. എസ്ഡിപിഐയും ആര്‍എസ്എസുമാണ് അത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.

മതനേതാക്കളുമായി ചര്‍ച്ച നടത്തിയോ....

എല്ലാ മതനേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. പിന്തുണ തേടിയിട്ടുണ്ട്. പലരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ഡിപിഐയും ആര്‍എസ്എസുമല്ലാത്ത എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തുകയും നേരില്‍ കാണുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് എന്താണ് വാഗ്ദാനം നല്‍കുന്നത്...

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള ജില്ലയായ മലപ്പുറത്ത് ഒരു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലോട് കൂടി കൊണ്ടുവന്ന അലീഗഢ് ഓഫ് ക്യാമ്പസ് മാത്രമാണ് മലപ്പുറത്തുള്ളത്. കുടിവെള്ളമാണ് മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ജയിച്ചാല്‍ അതിനുള്ള ഒരു വലിയ പദ്ധതി കൊണ്ടുവരും. ടൂറിസം മേഖലയില്‍ വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. അത് പരാമവധി ഉപയോഗപ്പെടുത്തും.യുവാക്കള്‍ക്ക് ഇതിലൂടെ വലിയ ജോലിസാധ്യത കാണുന്നുണ്ട്. കുടുംബശ്രീ-സഹകരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് പലിശരഹിത വായ്പ ലഭ്യമാക്കുന്ന പദ്ധതി, പുറത്ത് ജോലി ചെയ്യുന്ന മലപ്പുറത്തെ ഐടി മേഖലയിലുള്ളവര്‍ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്യാനാകുന്ന അവസരമൊരുക്കും.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം

നയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും വ്യത്യാസമില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ ബിജെപി തീവ്രമായി നടപ്പാക്കുന്നു എന്ന് മാത്രം. രാമക്ഷേത്രത്തെ സംബന്ധിച്ചും ഗോ വധത്തെ കുറിച്ചുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍ ശ്രദ്ധിക്കണം. 

ഈ നയങ്ങളുള്ള കോണ്‍ഗ്രസുമായി പല സംസ്ഥാനങ്ങളിലും സിപിഎം സഹകരിക്കുന്നുണ്ടല്ലോ..

ഏറ്റവും വലിയ വിപത്ത് വര്‍ഗീയ ഫാസിസമാണ്. അതിനെ തടഞ്ഞുനിര്‍ത്തുന്നതിനാണ് 2004-ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. ഈ സമയത്ത് അവരുടെ നയങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നത് തടഞ്ഞ് നിര്‍ത്താന്‍ സിപിഎമ്മിനായിരുന്നു. ബംഗാളില്‍ തൃണമൂലും ബിജെപിയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന നിലക്കാണ് സഹകരണത്തിന് ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ കൂടെയാണ് സിപിഎം. അത് നേരത്തെയുമുണ്ടായിരുന്നു. അതില്‍ കോണ്‍ഗ്രസ് ചേര്‍ന്നു എന്ന് മാത്രം. 

പിതാവിനെ 1991-ല്‍ പരാജയപ്പെടുത്തിയതിന് കുഞ്ഞാലിക്കുട്ടിയോട് പകരംവീട്ടുമോ...

ഇതൊരു രാഷ്ട്രീയ പോരാട്ടം മാത്രമാണ്. പക വീട്ടലോ പകരം ചോദിക്കലോ അല്ല. പിതാവ് മത്സരിച്ച അന്ന് രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നില്ല. ഇന്ന് അനുകൂലമാണ്. രാഷ്ട്രീയ പോരാട്ടത്തിന് പ്രായം നോക്കേണ്ടതില്ല. എന്നാല്‍ യുവാക്കള്‍ക്ക് അവസരം നല്‍കുക എന്നത് ഒരു മര്യാദ കൂടിയാണ്.

Content Highlights: Talk with vp sanu malappuram ldf candidate, vp sanu interview