ഇ.അഹമ്മദിന്റെ നിര്യാണത്തോടെ പാര്‍ലമെന്റിലേക്ക് എത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ രണ്ടമങ്കത്തിനിറങ്ങുകയാണ്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം മണ്ഡലത്തിലേയും സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു. ഒപ്പം രാഷ്ട്രീയ ആരോപണങ്ങളെ സംബന്ധിച്ചും മണ്ഡലത്തിലെ വികസനത്തെ കുറിച്ചും mathrubhumi.com നോട് മനസ്സ് തുറക്കുന്നു...
മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ച; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത്...?
അതിനൊന്നും ഒരു പ്രസക്തിയുമില്ല. ചര്‍ച്ചയെ സംബന്ധിച്ചുള്ള മറുപടി പറഞ്ഞ് കഴിഞ്ഞതാണ്. ഗസ്റ്റ് ഹൗസില്‍ തമ്മില്‍ കണ്ടു പിരിഞ്ഞു എന്നതല്ലാതെ ഒരു പ്രസ്ക്തിയും അതിനില്ല. എസ്ഡിപിഐയുമായി കൂട്ട് കൂടിനില്‍ക്കുന്നത് ആരാണെന്ന് പഞ്ചായത്തുകള്‍ എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും. പൊതു സ്ഥലത്തുള്ള ഒരു ചര്‍ച്ച എന്നതിലുപരി അതിനെ വളര്‍ത്താന്‍ നോക്കിയിട്ട് ഒരു കാര്യവുമില്ല.
ലോക്സഭയിലെ സുപ്രധാന ചര്‍ച്ചകളില്‍ താങ്കളുടെ അസാന്നിധ്യം എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് എന്ത് മറുപടി പറയും....
ദുഷ്പ്രചരണം മാത്രമാണ് അത്. മുത്തലാഖില്‍ പ്രതിപക്ഷ ഏകീകരണം ഉണ്ടാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഞാനാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ളവരോട് ചര്‍ച്ച നടത്തി വിഷയത്തില്‍ പ്രതിപക്ഷത്തിന് ഒരു നിലപാട് ഉണ്ടാക്കിയതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിപിഎം ഇക്കാര്യത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. പൗരത്വ ബില്‍ ചര്‍ച്ചയില്‍ ദീര്‍ഘനേരം ഞാന്‍ പാര്‍ലമെന്റില്‍ സംസാരിച്ച വീഡിയോ വൈറലായതാണ്. സംവരണം വിഷയത്തില്‍ സിപിഎം എടുത്ത നിലപാട് പൊതുനയത്തിന് എതിരായിരുന്നു. ഞാനും ഇടിയും ഇതിനെതിരെ വോട്ട് ചെയ്തവരാണ്. പാര്‍ലമെന്റില്‍ ഞാനും ഇ.ടി മുഹമ്മദ് ബഷീറും ഫലപ്രദമായി പ്രവര്‍ത്തിച്ചു എന്നാണ് മണ്ഡലത്തിലെ വിലയിരുത്തല്‍. ഒരു ദിവസത്തെ അഭാവത്തിന് അവര്‍ ഉണ്ടാക്കാന്‍ നോക്കിയ വിവാദം ഒട്ടും വിലപോവില്ല.
ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം....
മൂന്നാം സീറ്റിന്റെ കാര്യത്തിലൊന്നും ഇനി പ്രസക്തിയില്ല. മൂന്നാം സീറ്റും കടന്ന് വടകരയിലെ ജയമാണ് ലീഗിന്റെ അണികള്‍ക്ക് വലുതെന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ചത്ത കുട്ടിയുടെ ജാതകം ഇനി നോക്കേണ്ടതില്ല. വടകര ഞങ്ങളുടെ സീറ്റാണ്. മുരളി ഞങ്ങളുടെ സ്ഥാനാര്‍ഥിയാണ്. 20 സ്ഥാനാര്‍ഥികളും ഞങ്ങളുടേതാണ്. വടകരയില്‍ ജയിക്കുക എന്നത് ലീഗിന്റെ ഏറ്റവും വലിയ ലക്ഷ്യമാണ്. ഞങ്ങളുടെ ഷുക്കൂറിന്റെ ഓര്‍മയുണ്ട് അവിടെ.
താങ്കളെ പൊന്നാനിയില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ച...
ആ ഘട്ടമൊക്കെ കഴിഞ്ഞു. പാണക്കാട് തങ്ങളുടെ തീരുമാനം വന്ന് കഴിഞ്ഞാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന ഘട്ടത്തിലുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു ഇത്.
പൊന്നാനിയിലെ യുഡിഎഫിനുള്ളിലെ തര്‍ക്കം....
പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ സഹകരണമുണ്ട്. ഇടത് മുന്നണിയിലാണ് പ്രശ്നമുള്ളത്. കോഴിക്കോടും വടകരയിലും ജനതാദള്‍ അടക്കമുള്ള ഘടകകക്ഷികള്‍ ഇടത് മുന്നണിയുടെ പ്രചാരണത്തിന് താത്പര്യം കാണിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ലീഗിന്റെ പങ്ക്....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. യുഡിഎഫിന്റെ മെറിറ്റില്‍ ലീഗ് അഭിപ്രായം പറയാറുണ്ട്. അത് കോണ്‍ഗ്രസ് മാനിച്ചിട്ടുണ്ട്. അക്കാര്യം ഞങ്ങള്‍ പരസ്യമാക്കിയതുമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷ...
യുഡിഎഫിന് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തിരഞ്ഞെടുപ്പ് സര്‍വേകള്‍ തുടക്കം മുതല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഇപ്പോള്‍ ജനകീയരായ സ്ഥാനാര്‍ഥികള്‍ കൂടി വന്നതോടെ സര്‍വേകള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. പ്രവര്‍ത്തകര്‍ക്ക് അതിരില്ലാത്ത ആവേശമുണ്ട്. 20 സീറ്റുകളിലും യുഡിഎഫ് ജയിച്ചാല്‍ അതിശയിക്കേണ്ടതില്ല.
പിഡിപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് സംബന്ധിച്ച്...
പിഡിപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കൂടെയായിരുന്നു. ഇത്തവണ അവര്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് ഒരു ഭീഷണിയും ഉണ്ടാക്കാന്‍ പോകുന്നില്ല. അതിനെ കുറിച്ച് എല്‍ഡിഎഫുകാരാണ് മറുപടി പറയേണ്ടത്.
താങ്കള്‍ എംപിയായ ശേഷം മലപ്പുറത്തിന്റെ വികസനം. ഇനി എന്തൊക്കെ...
നിശ്ചലമായി കിടന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തിരികെ കൊണ്ടുവരാനായതാണ് ഏറ്റവും വലിയ നേട്ടം. എം.കെ.രാഘവന് എംപിയും ഇതിന് ഏറെ സഹായിച്ചു. ഇ.അഹമ്മദ് സാഹിബ് തുടങ്ങിവെച്ച പദ്ധതികള്‍ ഇപ്പോഴും തുടരുകയാണ്.
എതിര് സ്ഥാനാര്‍ഥികളെ കുറിച്ച്...
സ്ഥാനാര്‍ഥികളെ വ്യക്തിപരമായി നേരിടില്ല. എതിര് സ്ഥാനാര്‍ഥിയെ മാന്യമായി നേരിടും. പറയാനുള്ള വിഷയങ്ങള്‍ പറയാം. നിലപാടുകള്‍ക്കാണ് പ്രസക്തി. എല്‍ഡിഎഫിന് ഒരു പ്രസക്തിയുമില്ല. മൂന്നോ നാലോ സീറ്റ് കൊണ്ട് അവര്‍ക്ക് ബിജെപിയെ ഒന്നും ചെയ്യാനാവില്ല.
തമിഴ്നാട്ടില്‍ സിപിഎം ഉള്‍പ്പെട്ട മുന്നണിയിലാണ് ലീഗ്...
സിപിഎമ്മിന് ഒരു സംസ്ഥാനത്തും വല്യ പ്രസക്തിയില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസിനാണ് പ്രസക്തിയുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസിനോട് സിപിഎം മത്സരിക്കുന്നതിലും അര്‍ത്ഥമില്ല.
രാജ്യത്ത് യുപിഎയുടെ സാധ്യത...
ഇത്തവണ യുപിഎക്ക് വലിയ വിജയം ഉണ്ടാകും. കോണ്‍ഗ്രസിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം രാജ്യത്തുണ്ടാകുമെന്നതില് ഒരു സംശയവും വേണ്ട.
കേരളത്തിലെ ബിജെപിയുടെ സാന്നിധ്യം...
ബിജെപിക്ക് കേരളത്തില്‍ പ്രസക്തിയുണ്ടെന്ന് പറഞ്ഞ് പൊലിപ്പിച്ചിരുന്നതൊന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കാണുന്നില്ല. വലിയ സാധ്യത കല്‍പ്പിച്ചിരുന്ന തിരുവനന്തപുരം സീറ്റില്‍ പോലും അവരെ കുറിച്ച് ആരും പറയുന്നില്ല. എല്‍ഡിഎഫും യുഡിഎഫും തന്നെയാണ് കേരളത്തിലെ പ്രധാന മത്സരം. കുറച്ച് വോട്ടുകള്‍ അവര്‍ നേടുമെന്നതൊഴിച്ചാല് വിജയത്തിന്റെ കഥയൊന്നും അവര്‍ക്കുണ്ടാകില്ല.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പോലും മാറി നില്ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ലീഗ് യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തത് എന്ത് കൊണ്ട്....
പാര്‍ലമെന്റില്‍ രണ്ട് സീറ്റുകളേ ലീഗിനുള്ളൂ. അത് എല്ലാ കാലത്തും മുതിര്‍ന്ന നേതാക്കളാണ് മത്സരിക്കാറുള്ളത്. ആ പാരമ്പര്യം മോശമാണെന്ന് ലീഗിന് തോന്നിയിട്ടില്ല. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും ലീഗ് യുവജനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ട്.
യുപിഎ അധികാരത്തിലെത്തിയാല്‍ മന്ത്രിയാകുമോ...
മന്ത്രി ആകുമോ ഇല്ലയോ എന്നതല്ല വലിയ പ്രധാന്യം. അതിനെ കുറിച്ച് ഇത് വരെ ചിന്തിച്ചിട്ടില്ല. യുപിഎ അധികാരത്തില്‍ വരുന്നതിനാണ് പ്രാധാന്യം.
ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ചെറുതായി കുറഞ്ഞിരുന്നു, ഇത്തവണ എത്ര പ്രതീക്ഷിക്കും.
പൊതു തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പുകളില്‍ ലഭിക്കില്ല. ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം പൊതു തിരഞ്ഞെടുപ്പിലായിരുന്നു. ഇത്തവണ അതിനപ്പുറത്തേക്ക് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
Content Highlights: talk with pk kunhalikutty malappuram udf candidate- pk kunhalikutty interview