മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനമുണ്ടായ യുഡിഎഫ് തരംഗത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായി മത്സരിച്ച് രാഹുല്‍ ഗാന്ധിയും പി.കെ.കുഞ്ഞാലിക്കുട്ടിയും. 2014-ല്‍ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ 194739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള കേരളത്തിലെ റെക്കോര്‍ഡ്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഇതിനോടകം തന്നെ ഈ ഭൂരിപക്ഷം മറികടന്ന് കഴിഞ്ഞു.

വയനാട്ടില്‍ 56.78 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാഹുല്‍ 239537 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് 72.24 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയ 202510 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 171023 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങിളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരിടത്ത് പോലും രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ഥി വി.പി.സാനുവിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. മൂന്നാം സ്ഥാനാത്തുള്ള ബിജെപി സ്ഥാനാര്‍ഥി വി.ഉണ്ണികൃഷ്ണന്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവരേക്കാള്‍ ഏറെ പിന്നിലാണ്. 56875 വോട്ടുകള്‍ മാത്രമാണ് ഉണ്ണികൃഷ്ണന് ഇതുവരെ നേടാനായിട്ടുള്ളൂ. 65675 വോട്ടുകളായിരുന്നു 2014-ല്‍ ബിജെപിക്ക് ഇവിടെ ഉണ്ടായിരുന്നത്. 

Content Highlights: pk kunhalikutty-rahul gandhi going record majority in kerala