ഭാഗ്യക്കളിയാണ് രാഷ്ട്രീയം. എന്തുംആഗ്രഹിക്കാം. പക്ഷെ, കിട്ടണമെന്ന് വാശിപിടിക്കരുത്. ആശിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയത്കൊണ്ട് തൃപ്തിപ്പെടണം. അത് സീറ്റാണെങ്കിലും കസേരയാണെങ്കിലും. അതാണല്ലോ പ്രായോഗിക രാഷ്ട്രീയം. എങ്കിലും ആളറിയുന്ന പലരും മനക്കോട്ടകെട്ടിയ ചിഹ്നവും കിട്ടാത്തത് പരമ കഷ്ടമല്ലേ കൂട്ടരേ.

ഇക്കുറി വോട്ടുയന്ത്രത്തിലും ചില സ്ഥാനാർത്ഥികൾക്ക് ചതിക്കുഴികളുണ്ട്. പത്രികാ സമർപ്പണത്തിലെ അശ്രദ്ധയും ഭാഗ്യക്കുറവുമാണ് കാരണം. ഓട്ടപ്പാച്ചിലിനിടെ ചിലതങ്ങ് വിട്ടുപോയി. കാര്യങ്ങളും കൈവിട്ടു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഒരു കോളം ഒഴിച്ചിട്ട് പുലിവാല് പിടിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ സേഫാണ്. കൂടുതൽ പൊല്ലാപ്പായത് പി.വി. അൻവറിനാണ്. സ്വതന്ത്രനായതിനാൽ പാർട്ടിക്കാർക്കുള്ള പ്രത്യേക പരിഗണനകളൊന്നും കിട്ടിയില്ല. എന്തിനേറെ, ആവശ്യപ്പെട്ട പേരും ചിഹ്നവും വരെ സ്വന്തമാക്കാനായില്ല.

അതേപേരിൽ രണ്ട് അപരന്മാർകൂടി ഉള്ളതിനാൽ എല്ലാവരുടെയും പേരിനൊപ്പം കമ്മിഷൻ വീട്ടുപേരും ചേർത്തു. അങ്ങനെ ഇടത് സ്വതന്ത്രൻ വോട്ടുയന്ത്രത്തിൽ ’പി.വി. അൻവർ പുത്തൻവീട്ടിൽ’ എന്നായി. ഒന്നും രണ്ടും ചോയ്‌സായി ആവശ്യപ്പെട്ട ഓട്ടോറിക്ഷ, കപ്പും സോസറും എന്നീ ചിഹ്നങ്ങളും കിട്ടിയില്ല. മൂന്നാമതായി കൊടുത്ത കത്രിക കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പൊന്നാനിക്കാരുടെ ഖൽബിൽ ഇടംപിടിച്ച കപ്പും സോസറും കൊണ്ടുപോയതാകട്ടെ അപരനും. അതുവെച്ച് എതിരാളികൾ ’തരികിട’ തുടങ്ങിയിട്ടുണ്ട്.

വോട്ടുയന്ത്രത്തിലെ ഇരിപ്പിടത്തിലും പി.വി. അൻവറിന് പണി കിട്ടി. രണ്ട് അപരന്മാർക്ക് നടുവിലാണ് സ്ഥാനം. ഏതായാലും പുതിയ പേരും ചിഹ്നവും സ്ഥാനവുമെല്ലാം വോട്ടർമാരുടെ ഓർമയിൽ നിർത്താനുള്ള പരക്കംപാച്ചിലിലാണ് സ്ഥാനാർത്ഥിയും കൂട്ടരും.

ഇ.ടി. മുഹമ്മദ് ബഷീറിനെതിരെയും യന്ത്രത്തിൽ മൂന്ന് മുഹമ്മദ് ബഷീറുമാർ ഞെളിഞ്ഞിരിപ്പുണ്ട്.

ബി.ജെ.പി. സ്ഥാനാർത്ഥികളായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രൊഫ. വി.ടി. രമ എന്നിവർക്കുമുണ്ട് ചതിക്കുഴികൾ. മേപ്പടി പേര് വെച്ചാണ് പ്രചാരണമെങ്കിലും വോട്ടുയന്ത്രത്തിൽ ഇവരുടെ തലയും വാലും വെട്ടിപ്പോയി. ഉണ്ണികൃഷ്ണൻ, രമ എന്നുമാത്രമാണ് യന്ത്രത്തിലുണ്ടാവുക. ബാലറ്റിൽ എന്തുപേര് വെക്കണമെന്ന നിർദേശം സമർപ്പിക്കാത്തതാണ് ഇരുവർക്കും പാരയായത്.

തീർന്നില്ല. പി.ഡി.പി. സ്ഥാനാർത്ഥികൾ വോട്ടുയന്ത്രത്തിൽ സ്വതന്ത്രരാണ്. പാർട്ടി ബന്ധം കാണിക്കുന്ന ഫോറം എത്തിക്കാത്തതാണ് കുറ്റം. തൊപ്പിധരിക്കുന്ന എസ്.ഡി.പി.ഐയുടെ അബ്ദുൽമജീദ് ഫൈസിക്ക് യന്ത്രത്തിൽ തൊപ്പിയില്ലാ ഫോട്ടോ വെക്കാനേ വകുപ്പുള്ളൂ.