മലപ്പുറം: രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടി കൊണ്ടാണ് മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ കൂടി അരിക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി, വിദ്യാര്‍ഥി നേതാവ് തുടങ്ങിയ വിശേഷണങ്ങളോടെ സിപിഎം രംഗത്തിറക്കിയ വി.പി.സാനുവിന് പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന കേരള രാഷ്ട്രീയത്തിലെ അതികായനെ ഒരു പോറല്‍പോലുമേല്‍പ്പിക്കാനായില്ല. മുന്‍ഗാമിയായ ഇ.അഹമ്മദ് 2014-ല്‍ നേടിയ ചരിത്ര ഭൂരിപക്ഷവും മറികടന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തവണ നേടിയ ഭൂരിപക്ഷം 259414.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വന്‍ ലീഡുമായി മുന്നേറിയ കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ പോലും എതിരാളികളെ അടുത്തേക്ക് പോലും അടുപ്പിച്ചില്ല. മലപ്പുറത്തെ ഏഴ് നിമയസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു മുന്നേറ്റം. പെരിന്തല്‍മണ്ണ ഒഴികെ ആറ് നിയസഭാ മണ്ഡലങ്ങളിലും മുപ്പതിനായിരത്തിന് മുകളിലാണ് ലീഡ്. ഒരു പരിധിവരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരിന്തല്‍മണ്ണയിലും 25000 ഓളം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. സ്വന്തം മണ്ഡലമായ വേങ്ങരയാണ് ഏറ്റവുമധികം ഭൂരിപക്ഷം കൊടുത്തിരിക്കുന്നത്. അമ്പതിനായിരത്തിന് മുകളിലാണ് ഇവിടെ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം.

2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.ബി.ഫൈസല്‍ നേടിയ വോട്ടുകള്‍ പോലും വി.പി.സാനുവിന് പിടിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. അതേ സമയം ബിജെപിക്ക് ഇവിടെ വോട്ടുകള്‍ വര്‍ധിപ്പിക്കാനായി. 2014-ല്‍ 65,675 ഉം 2017-ലെ ഉപതിരഞ്ഞെടുപ്പില്‍ 647,705 ഉം വോട്ടുകളായിരുന്നു ബിജെപിക്ക് നേടാനായിരുന്നത്. എന്നാലിത്തവണ ബിജെപി സ്ഥാനാര്‍ഥി വി.ഉണ്ണികൃഷണന് എമ്പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ നേടാനായി. എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസി ഇരുപതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടി.

ന്യൂനപക്ഷ രാഷ്ട്രീയം പ്രധാനമായും ചര്‍ച്ച ചെയ്തായിരുന്നു മലപ്പുറത്തെ പ്രചാരണം. മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതും എസ്ഡിപിഐയുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയതും സിപിഎം മണ്ഡലത്തില്‍ പ്രചാരണായുധമാക്കിയിരുന്നെങ്കിലും അതൊന്നും വോട്ടിങില്‍ ഒട്ടും പ്രതിഫലിച്ചില്ല എന്നുവേണം കരുതാന്‍. 

ഏഴു തവണ എംഎല്‍എയും മൂന്നു തവണ മന്ത്രിയുമായിട്ടുള്ള കുഞ്ഞാലിക്കുട്ടി ഇത് രണ്ടാം തവണയാണ് മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്കെത്തുന്നത്. വേങ്ങരയില്‍ എംഎല്‍എ ആയിരിക്കെ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017-ല്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.

Name Party Vote
P.K. KUNHALIKUTTY IUML 587983
V.P. SANU CPM 328569
UNNIKRISHNAN BJP 82023
ABDUL MAJEED FAIZY SDPI 19082
N O T A NOTA NOTA 4456
NISSAR METHAR IND 3683
PRAVEEN KUMAR BSP 2276
SANU N.K IND 2192
ABDUL SALAM K.P IND 922

Content Highlights: malappuram lok sabha election result-P. K. Kunhalikutty-vp sanu