കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടുയരുന്നത് ഇരുപത് മണ്ഡലങ്ങളില്‍ മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും അടക്കമുള്ള സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് പോരാട്ടം  തീപാറുകയാണ്. ഒരുപക്ഷേ, സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. ചുവരെഴുത്തും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമെല്ലാം പുതിയ രൂപംപ്രാപിച്ച് വോട്ടര്‍മാരിലേയ്ക്ക് എത്തുകയാണ്.

ട്രോളുകള്‍ അരങ്ങുവാഴുന്ന സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ട്രോളുകളുടെ ചുവടുപിടിച്ച് തന്നെയാണ് തുടക്കംകുറിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും ഉയര്‍ത്തിക്കാട്ടാനും പ്രതിച്ഛായ സൃഷ്ടിക്കാനും ട്രോളുകളെയാണ് പാര്‍ട്ടികളെല്ലാം ഉപയോഗിക്കുന്നത്. എതിര്‍ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും പരിഹസിക്കാനും തുറന്നുകാട്ടാനും ട്രോളുകള്‍ ഉപയോഗിക്കുന്നു. വോട്ടര്‍മാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള ശേഷി തിരിച്ചറിഞ്ഞാണ് പുതിയ പരീക്ഷണങ്ങളുമായി പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കച്ചകെട്ടി സൈബര്‍ ഇടത്തിലേയ്ക്കിറങ്ങുന്നത്.

ട്രോളുകളുടെ പതിവ് രീതിയായ സിനിമാ മീമുകള്‍ക്കൊപ്പം കാര്‍ട്ടൂണുകളും പുതിയ സിനിമകളുടെ പോസ്റ്ററുകളും സിനിമാ പേരുകളുമെല്ലാം ട്രോളുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, വി. പി സാനു, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ പേരുകളിലെല്ലാം ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. പുലിമുരുകന്‍, ഞാന്‍ പ്രകാശന്‍, മധുരരാജ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തും മീമുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ലക്ഷ്യമിട്ട് പുതിയ നിരവധി പേജുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ, ധാരാളം ലൈക്കുകളുള്ള പഴയ പേജുകള്‍ പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും നിഷ്‌ക്രിയമായിരുന്ന പേജുകള്‍ സജീവമാകുകയും ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കായി പ്രത്യേക പബ്ലിക് റിലേഷന്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് പല ട്രോളുകളും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

murali

murali

ET

E T

murali

sanu

modi

Cotent Highlights: lok sabha election 2019, election campaign in social media, facebook trolls