തിരുവനന്തപുരം: കേരളത്തില്‍നിന്ന് ആര് കേന്ദ്രമന്ത്രിയാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ മുന്‍ മിസോറം ഗവര്‍ണറും തിരുവനന്തപുരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായിരുന്ന കുമ്മനം രാജശേഖരന്‍ ഡല്‍ഹിക്ക് തിരിച്ചു. രാവിലെ 6.05നുള്ള വിമാനത്തിലാണ് കുമ്മനം ഡല്‍ഹിക്ക് തിരിച്ചത്.

മന്ത്രിയാകുന്നത് സംബന്ധിച്ച സൂചന കിട്ടിയോ എന്നു വ്യക്തമല്ല. സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നാണ് രണ്ടുദിവസംമുമ്പ് കുമ്മനം പറഞ്ഞത്. യാത്രയെപ്പറ്റി പ്രതികരണം ആരായാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ല. എന്നാല്‍ നേതൃത്വം വിളിച്ച് ഡല്‍ഹിയിലെത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. 

കുമ്മനത്തെക്കൂടാതെ വി.മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, പി.സി. തോമസ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ കുമ്മനം, മുരളീധരന്‍, കണ്ണന്താനം എന്നിവര്‍ക്കാണ് ആദ്യപരിഗണന.

ആദ്യഘട്ടത്തില്‍ത്തന്നെ മന്ത്രിസഭയില്‍ കേരളത്തിന് പ്രതിനിധ്യം കിട്ടുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുള്‍പ്പെടെ പ്രമുഖനേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും.

Content Highlights:  Kummanam  rajasekharan, delhi