തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.കെ രാഘവനെതിരെ കേസെടുക്കാന്‍ ഡി.ജിപിക്ക് നിയമോപദേശം. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. 

നേരത്തെ ഒരു ടി.വി ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് എം.കെ രാഘവനെതിരെ ഇപ്പോള്‍ കേസെടുക്കാനായി നിയമോപദേശം ലഭിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിക്ക് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുക്കാനായി കോഴ ആവശ്യപ്പെടുന്നതായിരുന്നു ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നത്. 

ആരോപണം എം.കെ രാഘവന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ വീഡിയോ ദൃശ്യങ്ങളുടെ പൂര്‍ണരൂപം പോലീസ്‌ പരിശോധിച്ച ശേഷമാണ് കേസെടുക്കാനാവശ്യമായ നിയമോപദേശം തേടിയിരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ നിയമോപദേശം ലഭിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. വീഡിയോയുടെ ഫോറന്‍സിക് പരിശോധന കൂടി നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

content highlights: police, Sting operation, MK Raghavan, kozhikode, UDF