കോട്ടയം: വലതുകോട്ടയെന്നറിയപ്പെടുന്ന കോട്ടയത്ത് പഴയ വിജയഗാഥ ആവര്‍ത്തിക്കാനുറച്ച് സി.പി.എം. ഇക്കുറി ജില്ലാസെക്രട്ടറിയെ തന്നെ രംഗത്തിറക്കിയ പാര്‍ട്ടി, എതിരാളികള്‍ക്ക് നല്‍കുന്ന സന്ദേശം വ്യക്തം. ജയത്തില്‍ കുറഞ്ഞതൊന്നും കോട്ടയത്ത് സി.പി.എം. ആഗ്രഹിക്കുന്നില്ല.  കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മലരികളും ചുഴികളുമാണ് മണ്ഡലത്തില്‍ പോരിനിറങ്ങാന്‍ സി.പി.എമ്മിനെ ആദ്യമേ േ്രപരിപ്പിച്ചത്. 

സ്ഥാനാര്‍ഥിയായി വി.എന്‍. വാസവനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുമുന്നണി പ്രചാരണത്തിനും തുടക്കമായി. കഴിഞ്ഞ 11 തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ കോട്ടയം ചുവപ്പണിഞ്ഞു. കെ. സുരേഷ് കുറുപ്പാണ് നാലുവട്ടവും ചെങ്കൊടി പാറിച്ചത്. 2006-ല്‍ കോട്ടയം എം.എല്‍.എയായിരുന്നു വി.എന്‍. വാസവന്‍. 2011-ല്‍ മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് തലനാരിഴയ്ക്ക് തോറ്റു. വാസവനെ പിന്നെ കാത്തിരുന്നത് പാര്‍ട്ടിയുടെ നേതൃസ്ഥാനമായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ സി.പി.എം. ജില്ലാസെക്രട്ടറിയായി. 

കെ. സുരേഷ് കുറുപ്പിന്റെ ഉള്‍പ്പെടെ പേരുകള്‍ ഇക്കുറി പരിഗണനയ്ക്ക് വന്നെങ്കിലും സംസ്ഥാന നേതൃത്വം വാസവനെയാണ് പിന്തുണച്ചത്. പല മണ്ഡലങ്ങളിലും എം.എല്‍.എമാരെ രംഗത്തിറക്കിയ സി.പി.എം. കോട്ടയത്ത് അതിന് തയ്യാറായില്ലെന്നതും ശ്രദ്ധേയം. പാര്‍ട്ടിയിലും സമൂഹത്തിലുമുള്ള ജനകീയതയാണ് വാസവനെ തുണച്ചത്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വാസവന്‍ നാലര പതിറ്റാണ്ടായി രാഷ്ട്രീയമേഖലയിലുണ്ട്.

യു.ഡി.എഫിന്റെ ഈ മേധാവിത്വം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍. കന്നിവോട്ടര്‍മാരിലും പ്രതീക്ഷയര്‍പ്പിക്കുന്നു. ഓരോ ബൂത്തിലും വോട്ട് വര്‍ധന ലക്ഷ്യമിട്ടാണ് സി.പി.എം. അങ്കത്തിനിറങ്ങുന്നത്. ലോക്സഭയില്‍ കാലാവധി പൂര്‍ത്തിയാകും മുമ്പേ ജോസ് കെ. മാണി രാജ്യസഭയിലേക്ക് ചുവട് മാറിയത് പ്രധാന പ്രചാരണായുധമായി മാറും. ജില്ലയില്‍ യു.ഡി.എഫില്‍ നിലനിന്നിരുന്ന ഭിന്നതയും ജയസാധ്യതയ്ക്കുള്ള ചേരുവയാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.