കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആവാന്‍ കഴിയാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ താനില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. തനിക്ക് സീറ്റ് നിഷേധിച്ചത് പോലുള്ള അട്ടിമറികളെ ഇല്ലാതാക്കാനുള്ള പോരാട്ടം പാര്‍ട്ടുക്കുള്ളില്‍ ശക്തമാക്കുമെന്നും പി.ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ ഇടുക്കിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെങ്കിലും തനിക്കത് സ്വീകാര്യമായിരുന്നില്ലെന്നു പി.ജെ ജോസഫ് വെളിപ്പെടുത്തി.

"കോട്ടയം, ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലളിതമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതിയത്.കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഇക്കാര്യം ഉന്നയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍  മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ല. ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയ രീതിയിലാണെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തീരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. 

കോട്ടയത്തിനു പുറത്തുള്ള സ്ഥാനാര്‍ഥി പറ്റില്ല എന്നാണ് പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ പല സ്ഥലത്തും ഇത്തരത്തിലുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായിട്ടുണ്ട്. തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്താനായി പ്രാദേശികവാദം ഉയര്‍ത്തിയതാണ്. ഈ പ്രശ്‌നം യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി. അവര്‍ വെച്ച നിര്‍ദേശം ഇടുക്കി സീറ്റില്‍ തന്നെ മത്സരിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍ ജോസ് കെ മാണി ഇത് പരിഗണിക്കാന്‍ തയ്യാറായില്ല". 

പിന്നീട് സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ഇത് തനിക്ക് സ്വീകാര്യമായിരുന്നില്ല. പാര്‍ട്ടിയെ വിട്ട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ തങ്ങള്‍ രംഗത്തുണ്ടാവും. കേരള കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിത്യം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

Content Highlights: The Great Indian War 2019, General Election 2019, Battle 2019, PJ Joseph, Kerala Congress, Kottayam, Idukki Seat