കോട്ടയം: പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫില്‍ തുടരാമെന്ന നിര്‍ദേശവുമായി പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നില്‍. മാണി ഗ്രൂപ്പില്‍ നിന്ന് മാന്യമായി പുറത്ത് വരുന്നതിന് അവസരമൊരുക്കണം. കോട്ടയം ഇടുക്കി സീറ്റുകള്‍ വെച്ചുമാറാമെന്ന നിര്‍ദേശവും ജോസഫ് മുന്നോട്ട് വെക്കുന്നു. ഏതു സാഹചര്യത്തിലും യു.ഡി.എഫില്‍ തുടരുമെന്നും പി.ജെ ജോസഫ് യു.ഡി.എഫ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍.ഡി.എഫ് പ്രവേശനം തടഞ്ഞതില്‍ മാണി പ്രതികാരം ചെയ്യുന്നു എന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായാണ് ഈ ഉപാധികള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സീറ്റ് വെച്ചുമാറിയാല്‍ ഇടുക്കിയില്‍ പൊതുസമ്മതനെ മത്സരിപ്പിക്കാനും മാണി തയ്യാറാവണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയില്ല. പരാജയപ്പെട്ടാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ജോസഫ് നിലപാടെടുത്തു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജോസഫ് ഇത് നിഷേധിച്ചു. എന്നാല്‍ സീറ്റ് വെച്ചുമാറ്റം പ്രായോഗികമല്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. കോട്ടയത്ത് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും അറിയിച്ചു. 

കെ.എം മാണിയുമായും ജോസ് കെ മാണിയുമായും സസാരിച്ച് കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രതിസന്ധി രൂക്ഷമാക്കരുതെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര കലഹം കേരളകോണ്‍ഗ്രസിലാണെങ്കിലും പ്രതിസന്ധിയിലായത് കോണ്‍ഗ്രസാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് പരിഹാരം കൊണ്ടുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

content highlights: PJ Joseph, KM Mani, Jose K Mani, Kerala Congress, Congress, UDF