കോട്ടയത്തിന് ഒരു വലതുപക്ഷ മനസാണ്. പരമ്പരാഗതമായി വലത് കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ രാഷ്ടീയ സമവാക്യങ്ങള്‍ മാറി വന്നമുറയ്ക്ക് ഇടത്പക്ഷവും വിജയക്കൊടി പാറിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവസും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനും മുഖമുഖം വരുന്നതോടെ കോട്ടയത്ത് മത്സരം തീപാറും. ഒപ്പം എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി തോമസ് കൂടി ചേരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും കോട്ടയം സാക്ഷ്യം വഹിക്കുക.  പി.സി തോമസിന്റെ പേരിനാണ് കോട്ടയത്ത് സാധ്യത കല്‍പിക്കപ്പെടുന്നത്‌

കോട്ടയം മണ്ഡലം രൂപവത്കൃതമായശേഷം 16 തിരഞ്ഞെടുപ്പുകള്‍ നടന്നതില്‍ 11 തവണയും ജയം യു.ഡി.എഫിനൊപ്പമായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറിജയം നേടിയപ്പോള്‍ അതില്‍ മൂന്ന് പ്രാവശ്യവും ലോക്‌സഭയില്‍ എത്തിയത് സുരേഷ് കുറുപ്പായിരുന്നു. തുടര്‍ച്ചയായി മൂന്നുതവണ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്ത മണ്ഡലം 2009-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ കൂടുതല്‍ വലത്തോട്ട് ചാഞ്ഞു. അവസാനത്തെ രണ്ട് വട്ടവും വലിയ മത്സരമില്ലാതെ തന്നെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് കെ. മാണി വിജയിച്ച് ലോക്‌സഭയിലുമെത്തി. 

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം പിടിക്കാനുറച്ചാണ് ഇടതുപക്ഷത്തിന്റെ നീക്കം. അതിനായി അധികം സാഹസത്തിനു മുതിരാതെ ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെത്തന്നെ അവര്‍ കളത്തിലിറക്കി. ഘടകകക്ഷികള്‍ അവകാശവാദമുന്നയെച്ചെങ്കിലും വിട്ടുകൊടുക്കാതെ മത്സരത്തിനിറങ്ങിയ സി.പി.എം വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സ്ഥാനാര്‍ഥിയായി വി.എന്‍. വാസവനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുമുന്നണി പ്രചാരണത്തിനും തുടക്കമായി.

മുന്‍ എം.പിയും ഏറ്റുമാനൂര്‍ എം.എല്‍.എയുമായ കെ. സുരേഷ് കുറുപ്പിന്റെ ഉള്‍പ്പെടെ പേരുകള്‍ ആദ്യഘട്ടത്തില്‍ പരിഗണിച്ചെങ്കിലും വാസവനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. വനിത സ്ഥാനാര്‍ഥിയായി സിന്ധുമോള്‍ ജേക്കബ്ബിന്റെ പേരും ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നെങ്കിവും വിജയ സാധ്യത കണക്കിലെടുത്ത് വാസവനിലേക്ക് ഏത്തുകയായിരുന്നു. പാര്‍ട്ടിയിലും സമൂഹത്തിലും ജനകീയന്‍ എന്നതാണ് വാസവനെ തുണച്ചത്. നാലര പതിറ്റാണ്ടായി രാഷ്ട്രീയമേഖലയിള്ള അദ്ദേഹം 2006-ല്‍ കോട്ടയം എം.എല്‍.എയായിരുന്നു. 2011-ല്‍ മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് തലനാരിഴയ്ക്ക് തോറ്റു. 

പക്ഷേ വലത് ക്യാമ്പില്‍ സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ പുകഞ്ഞു തുടങ്ങി.  തുടക്കം മുതല്‍ തന്നെ രണ്ട് സീറ്റെന്ന് ആവകാശവാദത്തിലായിരുന്നു കേരള കോണ്‍ഗ്രസ്. പ്രത്യേകിച്ചും ജോസഫ് വിഭാഗം. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ജോസ് കെ മാണി മത്സരിച്ച കോട്ടയത്തിനു പുറമെ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി എന്ന ആവശ്യമാണ് ജോസഫ് ഉയര്‍ത്തിയത്. രണ്ട് സീറ്റിന് സാധ്യതയില്ലെന്ന് കണ്ടതോടെ കോട്ടയത്ത് മത്സരിക്കാന്‍ ആഗ്രഹമുണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ജോസഫ്. എന്നാല്‍ ജോസഫിനെ വെട്ടി ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി മാണി എത്തിക്കുകയായിരുന്നു. ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്. ലോകസഭാ മണ്ഡലത്തില്‍ നിന്നുള്ളയാളല്ല എന്നതായിരുന്നു ജോസഫിനെതിരെ പ്രയോഗിച്ച ആയുധം. 

സ്ഥാനാര്‍ഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ജോസഫിന്റെ നീക്കങ്ങള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. പാര്‍ട്ടി പിളരാനും ജോസഫ് തനിച്ചു മത്സരിക്കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. എതിര്‍മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയിട്ടുള്ള സാഹചര്യത്തില്‍ അവരുടെ പിന്തുണ ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ജോസഫ് എന്തു തീരുമാനിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കോട്ടയത്തെ തിരഞ്ഞെടുപ്പ് സാഹചര്യം മാറിമറിയുക. ഇക്കാര്യത്തില്‍ യു.ഡി.എഫിന്റെ ഇടപെടലാണ് ഇനി നിര്‍ണായകമാകുക. നിലവിലെ സാഹചര്യം വിജയസാധ്യതയെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് യു.ഡി.എഫ്. നേതൃത്വം.
   
ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവ് പി.സി. തോമസിന് കോട്ടയം സീറ്റ് നല്‍കാന്‍ എന്‍.ഡി.എ.യില്‍ തത്ത്വത്തില്‍ ധാരണയായിട്ടുണ്ട്. നേരത്തെ ബി.ജെ.പി.യുടെകൂടി പിന്തുണയോടെ പി.സി. തോമസ് മൂവാറ്റുപുഴ എം.പി.യായിരുന്നു. പി.സി. തോമസ് കൂടി എത്തുന്നതോടെ ശക്തമായ മത്സരത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്.

യു.ഡി.എഫിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ എങ്കിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണിവിഭാഗവും തമ്മിലുള്ള ഇഴയടുപ്പം നിര്‍ണായകഘടകമാകും. ഇടയ്ക്ക് യു.ഡി.എഫ് വിട്ട് ഒറ്റയ്ക്ക് നില്‍ക്കാനുള്ള മാണിയുടെ തീരുമാനം കോണ്‍ഗ്രസ് അണികളില്‍ അതൃപ്തിയുണ്ടാക്കിയുരുന്നു. മൂന്നാം തവണയും ജോസ് കെ. മാണി മത്സരിച്ചാല്‍ കോണ്‍ഗ്രസുകാര്‍ കാലുവാരും എന്ന ചിന്തയാണ് മാണിയെക്കൊണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിപ്പിച്ചതും മത്സരിപ്പിച്ചതും. ജോസ് കെ. മാണി മാറി തോമസ് ചാഴിക്കാടന്‍ എത്തുമ്പോള്‍ കൈപ്പത്തി തലോടുമോ, അതോ തല്ലുമോ എന്ന് കണ്ടുതന്നെ അറിയണം. 

ലോക്‌സഭയില്‍ കാലാവധി പൂര്‍ത്തിയാകും മണ്ഡലം അനാഥമാക്കി ജോസ് കെ. മാണി രാജ്യസഭയിലേക്ക് കുടിയേറിയത് സി.പി.എം പ്രധാന പ്രചാരണ ആയുധമാക്കി മാറ്റും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാകും യു.ഡി.എഫ് വോട്ടുപിടിക്കുക. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭിന്നത മുന്നില്‍ കണ്ടാണ് മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ പോരിനിറങ്ങാന്‍ സിപി.എമ്മിനെ പ്രേരിപ്പിച്ചത്. ജില്ലയില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് തര്‍ക്കവും സഹായിക്കുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ ഉണ്ടാക്കിയെടുത്ത വികാരത്തിനൊപ്പം പി.സി. തോമസിന്റെ പേരിൽ നിഷ്പക്ഷ വോട്ടുകളും എന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ. 

Content Highlights: Indian general election, 2019, lok sabha election 2019,  kottayam lok sabha constituency, thomas chazhikadan, v n vasavan