കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിനായി അരയും തലയും മുറുക്കി നില്‍ക്കുന്ന പി.ജെ ജോസഫിനെ ഒഴിവാക്കാന്‍ ചാഴിക്കാടനെ ഇറക്കി മാണി ഗ്രൂപ്പിന്റെ നീക്കം, ജോസഫിന് പകരം മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന് സീറ്റ് നല്‍കാനാണ് മാണിയുടെ നീക്കം. സമവായമുണ്ടാക്കാന്‍ പി.ജെ ജോസഫിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ മാണിയെ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം പരസ്യമാക്കി സീറ്റിനായി വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുന്ന ജോസഫിന്റെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കില്ല എന്ന നിലപാടിലാണ് മാണി വിഭാഗം. ഇതിനായി പാര്‍ട്ടിയുടെ നിയമസഭാ മണ്ഡലം കമ്മറ്റികളെ രംഗത്തിറിക്കി ജോസഫിന്റെ സാധ്യത അടയ്ക്കാനുള്ള നീക്കവും നടക്കും. വൈക്കം ഒഴികെയുള്ള മണ്ഡലം കമ്മിറ്റികള്‍ ജില്ലയിലുള്ളവരെ തന്നെ മത്സരിപ്പിക്കണമെന്നും എംഎല്‍എമാരെ നിര്‍ത്തേണ്ട എന്നും ആവശ്യപ്പെട്ട് കത്ത് നല്‍കി.

മാണിയുടെ വിശ്വസ്തനും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എയുമായ തോമസ് ചാഴിക്കാടനെ മുന്‍നിര്‍ത്തി പി.ജെ ജോസഫ് സ്ഥാനാര്‍ഥായാകുന്നത് തടയുകയാണ് മാണി വിഭാഗത്തിന്റെ നീക്കം. ജോസഫിനെക്കാള്‍ മണ്ഡലത്തില്‍ വിജയസാധ്യതയും പിന്തുണയും ചാഴിക്കാടനാണെന്നാണ് മാണിയുടെ വാദം. നഈ തീരുമാനം നടപ്പിലായാല്‍ ജോസഫ് എങ്ങനെ പ്രതികരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് കിട്ടാതെ വന്നാല്‍ ജോസഫ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്

content highlights: kerala congress,  Kottayam, PJ Joseph, thomas chazhikadan