കോട്ടയം: കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജോസഫ് വിഭാഗത്തിനെതിരെ മാണി വിഭാഗത്തിന്റെ നീക്കം. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്‌ പുറത്തുനിന്നുള്ളവരെയും എം.എല്‍.എമാരെയും മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മറ്റികള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. കോട്ടയത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണവും കത്ത് നല്‍കിയിട്ടുണ്ട്. വൈക്കം മണ്ഡലം കമ്മറ്റി മാത്രമാണ് നിലവില്‍ കത്ത് നല്‍കാത്തത്.

നിലവിലെ സാഹചര്യത്തില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാവുന്നത് തടയുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പി.ജെ ജോസഫിന് മണ്ഡലത്തില്‍ പിന്തുണയില്ല എന്ന കാര്യം രേഖാമൂലം ജോസഫിനെ ബോധ്യപ്പെടുത്തുക എന്നതാണ് മാണി വിഭാഗം ലക്ഷ്യമിട്ടിരിക്കുന്നത്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയിലെ ഭൂരിപക്ഷം വെച്ച് തടയുക എന്നതാണ് മാണിയുടെ തന്ത്രം. നിലവിലെ സാഹചര്യത്തില്‍ ജോസഫിന് പിന്തുണയില്ലാതെ വരുമ്പോള്‍ മാണി ഗ്രൂപ്പില്‍ നിന്നുതന്നെ സ്ഥാനാര്‍ത്ഥി വരും എന്നതാണ് കണക്കുകൂട്ടല്‍.

മത്സരിക്കാന്‍ ആഗ്രമുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ച പി.ജെ ജോസഫ്, സീറ്റ് നിഷേധിക്കപ്പെട്ടാല്‍ ഏത് രീതിയില്‍ പ്രതികരിക്കും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. നിലവില്‍ സഭകളുടെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും പിന്തുണയുള്ളതിനാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം മാത്രം ഉപയോഗിച്ച് ജോസഫിനെ അട്ടിമറിക്കല്‍ മാണിക്ക് സാധ്യവുമല്ല. ഇടത് മുന്നണിയും ബി.ജെ.പിയും ശക്തരെ തന്നെ രംഗത്തിറക്കും എന്നുള്ളതിനാല്‍ രണ്ടാംനിര നേതാക്കള്‍ സ്ഥാനാര്‍ഥിയാകുന്നത് ഉചിതമാകില്ല എന്നതും ജോസഫിന് അനുകൂലമാണ്.

എതിര്‍പക്ഷത്ത് പി.ജെ ജോസഫാണ് എന്നതുകൊണ്ട് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ പാര്‍ട്ടി പിളരും എന്ന സാധ്യത തള്ളിക്കളയാനാകില്ല. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിലെ പ്രധാന കക്ഷികളൊന്നില്‍ പാര്‍ട്ടിയിലെ ഒന്നാമനും രണ്ടാമനും തമ്മിലുള്ള പോര് യു.ഡി.എഫ് അനുവദിച്ചുകൊടുക്കാന്‍ സാധ്യതയയില്ല. അതിനാല്‍ സമവായമെന്ന നിലയില്‍ ജോസഫിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. മറിച്ചാണ് മാണിയുടെ തീരുമാനമെങ്കില്‍ അതിനുള്ള വിലകൊടുക്കാന്‍ തയ്യാറെടുത്തുകൊണ്ടാവുമെന്നും കരുതാം. ഇനി സീറ്റ് ലഭിച്ചാലും തിരഞ്ഞെടുപ്പില്‍ പാലം വലിച്ചേക്കുമോ എന്ന ആശങ്ക ജോസഫിനുമുണ്ട്.

content highlights: Kerala Congress (M), Kottayam, PJ Joseph, KM Mani, UDF