കൊല്ലം: ഇടതുമുന്നണിയും എന്‍.കെ പ്രേമചന്ദ്രനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കൊല്ലം ലോക്‌സഭമണ്ഡലത്തില്‍ എന്‍.കെ പ്രേമചന്ദ്രന് തിളക്കമാര്‍ന്ന വിജയം. എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ കെ.എന്‍.ബാലഗോപാലിനെ 1,48,856 വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥി കെ.വി സാബുവിന് 1,02,319 വോട്ട് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും കൂടുതല്‍ പ്രചരണ പരിപാടികളില്‍ പങ്കെടുത്ത ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്ന് കൊല്ലമായിരുന്നു. പ്രേമചന്ദ്രനെതിരെ കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന മുഖവുരയോടെയാണ് മണ്ഡലത്തില്‍ കെ.എന്‍ ബാലഗോപാലിനെ സി.പി.എം അവതരിപ്പിച്ചത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സ്വാധീനം ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണ്ണായക ഘടകമായിരുന്നു.  

ഇടതുപക്ഷത്തിന്റെ അഭിമാനപോരാട്ടം നടന്ന മണ്ഡലമായതു കൊണ്ട് തന്നെ പ്രചരണത്തിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കൂടാതെ പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്‍ വിജയിച്ചത്.  എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന ചവറയടക്കം ഏഴുസീറ്റുകളും ഇടതുമുന്നണി നേടി. ഈ വോട്ടുവിഹിതം ഇടതുപക്ഷത്തിന്റെ പ്രതീക്ഷ അങ്ങേയറ്റം വര്‍ധിപ്പിക്കുന്നതായിരുന്നു. ആ പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയുമെല്ലാം തകിടം മറിച്ചാണ് ചരിത്ര ഭൂരിപക്ഷവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് എത്തുന്നത്. 

ഇരുമുന്നണിയെയും മാറിമാറി തുണയ്ക്കാന്‍ മടിയില്ലാതിരുന്ന കൊല്ലം ലോക്്‌സഭമണ്ഡലം ദീര്‍ഘകാലം ആര്‍.എസ്.പി.യുടെ കുത്തകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അഞ്ചുതവണ മണ്ഡലം പിടിച്ചു. ആര്‍.എസ്.പി.യിലെ പിളര്‍പ്പിനെ തുടര്‍ന്ന് 1999-ല്‍ സി.പി.എം.സീറ്റ് പിടിച്ചെടുത്തു. രണ്ടുവട്ടം വിജയിച്ചു. എന്നാല്‍ 2009-ല്‍ പീതാംബരക്കുറുപ്പിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കൊല്ലം സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന്
 കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇടതുപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തി ആര്‍.എസ്.പി. ഇടതുപാളയം വിട്ട് യു.ഡി.എഫില്‍ കുടിയേറിയത്. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും അന്നത്തെ സിറ്റിങ് എം.എല്‍.എ.യുമായ എം.എ.ബേബിയെയായിരുന്നു ആര്‍.എസ്.പി.യുടെ എന്‍.കെ. പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇക്കുറി പ്രേമചന്ദ്രനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടം ഏറെ നിര്‍ണായകവുമായിരുന്നു. 

മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്ന ശേഷം തിരഞ്ഞെടുപ്പില്‍ സി പി എം പി.ബി അംഗത്തെ പരാജയപ്പെടുത്തിയ പ്രേമചന്ദ്രനെ തോല്‍പ്പിക്കാനായി ഇടതുപക്ഷം വളരെ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ മണ്ഡലത്തില്‍ ഉടനീളം നടത്തി. പ്രേമചന്ദ്രന്‍ സംഘിയാണെന്നതുള്‍പ്പെടെ ശക്തമായ ആരോപണങ്ങളായിരുന്നു എതിര്‍പക്ഷം പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. ഇത്തവണ വ്യക്തിപരമായി സി.പി.എം ഒരാളെ നേരിട്ടിട്ടുണ്ടെങ്കില്‍ അത് പ്രേമചന്ദ്രനെ മാത്രമായിരിക്കും. എം.എ.ബേബി മത്സരിച്ചപ്പോള്‍ പ്രേമചന്ദ്രനെതിരെ വിവാദ പരാമര്‍ശം നടത്തിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇക്കുറി പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ട് ഇടപെട്ടു. സാമുദായിക വോട്ടുകള്‍ ലക്ഷ്യം വെച്ചായിരുന്നു ഇടതുപക്ഷത്തിന്റെ  പ്രധാന പ്രചരണം.  എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം  ഇടതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു.

മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന പ്രവര്‍ത്തനമായിരുന്നു പ്രേമചന്ദ്രന്റേത്. ഒപ്പം മികച്ച പാര്‍ലമെന്റേറിയനെന്ന ബഹുമതിയും നേടിയെടുക്കാനായി. റെയില്‍വേ, ബൈപ്പാസ് തുടങ്ങിയ അഞ്ചുവര്‍ഷത്തെ വികസനങ്ങളും ഇ.പി.എഫ്. പെന്‍ഷന്‍കാരുടെ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ ഇടപെടലും പ്രേമചന്ദ്രന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളായി മാറി. മാത്രമല്ല പ്രേമചന്ദ്രന്റെ വോട്ട്ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള നീക്കത്തിനെതിരെ കനത്ത ജാഗ്രതയിലായിരുന്നു യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രേമചന്ദ്രന്റെ ജനകീയ പരിവേഷവും ശബരിമല വിഷയവും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടികളും തീരദേശത്തെ വറുതിയുമൊക്കെ ചൂണ്ടിക്കാട്ടിയുള്ള യുഡിഎഫിന്റെ പ്രചരണവും ഫലം കണ്ടു. അതുകൊണ്ട് തന്നെയാണ് കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ വിജയം കേരളത്തില്‍ അലയടിച്ച യു.ഡി.എഫ് തരംഗത്തിലെ തിളക്കമാര്‍ന്ന വിജയങ്ങളില്‍ ഒന്നാകുന്നതും.

ontent Highlights: Lok Sabha Elections 2019: Kollam Lok Sabha constituency ,N K Premachandran won