ചവറ/അഞ്ചാലുംമൂട് : നേരും നെറിയുമുള്ളവർക്ക് വോട്ട് കൊടുക്കണമെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കെ.എൻ.ബാലഗോപാൽ ഒരിക്കലും മറുകണ്ടം ചാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പന്മന ഇടപ്പള്ളിക്കോട്ടയിലും അഞ്ചാലുംമൂട്ടിലും നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്ഥാനാർഥിക്ക് വോട്ട്‌ ചെയ്യുകയെന്നാൽ അയാളിൽ വിശ്വാസമർപ്പിക്കുകയെന്നാണർഥം. നമ്മുടെ കൂടെനിന്ന് ഒരു സുപ്രഭാതത്തിൽ യു.ഡി.എഫിലേക്ക് പോയ ആൾ യു.ഡി.എഫിൽത്തന്നെ നിൽക്കുമെന്നെന്താണ് ഉറപ്പ്. ബി.ജെ.പി.യെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാത്തയാളാണ് എതിർ സ്ഥാനാർഥി. കേരളത്തിലെ ചില കോൺഗ്രസുകാർ ഒറ്റദിവസംകൊണ്ട് ബി.ജെ.പി.യായി. അങ്ങനെയുള്ള ചിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുമുണ്ട്. ആട്ടിൻകുട്ടികളെ പ്ലാവില കാട്ടി കൊണ്ടുപോകുന്നതുപോലെയാണ് കോൺഗ്രസുകാരെ ബി.ജെ.പി.യിലേക്ക്‌ കൊണ്ടുപോകുന്നത്. പ്ലാവിലയ്ക്കുപകരം വേറെ കെട്ടാണെന്നുമാത്രം.

പല കോൺഗ്രസ് നേതാക്കളും ബി.ജെ.പി.യുടെ പാളയത്തിലേക്ക് കൂട്ടത്തോടെ പോകുന്നു. ത്രിപുരയിൽ മരുന്നിനുമില്ലാത്ത പാർട്ടിയായിരുന്നു ബി.ജെ.പി. എന്നാൽ അവിടെ കോൺഗ്രസിന്റെ സംസ്ഥാന ഘടകം അതേപടി ബി.ജെ.പി.യായി. മഹാരാഷ്ടയിലെ പ്രതിപക്ഷ നേതാവ് ബി.ജെ.പി.യിൽപ്പോയി തിരിച്ചുവന്നു. ഏത് കോൺഗ്രസുകാരനും ഏതുനിമിഷവും ബി.ജെ.പി.യാവാൻ പറ്റുമെന്ന അവസ്ഥ നിലനിൽക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഇതിൽനിന്ന് വിഭിന്നരല്ല.

എല്ലാ അർഥത്തിലും ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പി.ക്കെതിരായി പോരാടുന്ന രാഹുൽ ഗാന്ധി ബി.ജെ.പി.ക്ക് സ്ഥാനാർഥിപോലുമില്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരേയാണ്. ബി.ജെ.പി. അധികാരത്തിലെത്തിയത് കോൺഗ്രിസിന്റെ ജനദ്രോഹപരമായ നയങ്ങൾ കാരണമാണ്.

ബി.ജെ.പി.ക്ക് രാജ്യത്ത് വളരാനുള്ള വിത്തും വളവും നൽകിയത് കോൺഗ്രസാണ്. മതനിരപേക്ഷതയെ തകർക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്ത് ആർ.എസ്.എസ്. അജൻഡ കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പി.യുടേത്.

2016-നുമുൻപുവരെ കേരളത്തിൽ ജീർണതയായിരുന്നു. ടെലിവിഷൻപോലും അന്ന് കാണാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇന്ന് അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളം മാറി.

ഇടപ്പള്ളിക്കോട്ടയിൽ ഐ.ഷിഹാബ് അധ്യക്ഷത വഹിച്ചു. ടി.മനോഹരൻ, പി.ബി.രാജു, ജി.മുരളി, കെ.വരദരാജൻ, സൂസൻ കോടി, കെ.സുദേവൻ, കെ.തങ്കമണിപ്പിള്ള, കെ.എ.നിയാസ്, ആർ.മുരളി, എം.എൽ.എ.മാരായ എൻ.വിജയൻ പിള്ള, കോവൂർ കുഞ്ഞുമോൻ, ആർ.രാമചന്ദ്രൻ എന്നിവരും സംസാരിച്ചു.

അഞ്ചാലുംമൂട്ടിൽ ഡി.സുകേശൻ അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ., മുൻമന്ത്രി പി.കെ.ഗുരുദാസൻ, മേയർ വി.രാജേന്ദ്രബാബു, സുദേവൻ, എൻ.എസ്.പ്രസന്നകുമാർ, എൻ.പദ്‌മലോചനൻ, ജെ.ചിഞ്ചുറാണി, വി.കെ.അനിരുദ്ധൻ. രാജഗോപാൽ, കെ.വരദരാജൻ, ബി.ജയന്തി തുടങ്ങിയവർ പ്രസംഗിച്ചു.