കൊല്ലം : കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത് 62,729 വോട്ടിന്റെ ഭൂരിപക്ഷമാണെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ബൂത്ത്, മണ്ഡലം കമ്മിറ്റികളില്‍നിന്ന് ലഭിച്ച കണക്കുകള്‍ പരിശോധിച്ചശേഷം തിങ്കളാഴ്ച ചേര്‍ന്ന അവലോകന യോഗത്തിന്റെതാണ് ഈ നിഗമനമെന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ എ.ഷാനവാസ്ഖാനും ഫിലിപ്പ് കെ.തോമസും പറഞ്ഞു.

ഏഴ് അസംബ്ലി നിയോജകമണ്ഡലത്തില്‍നിന്ന് യു.ഡി.എഫ്.സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷവും തിട്ടപ്പെടുത്തി. പുനലൂര്‍ (1987), ചടയമംഗലം (750), ചാത്തന്നൂര്‍ (1500), കുണ്ടറ (9370), ഇരവിപുരം (12,622), കൊല്ലം (17,500), ചവറ (19,000).

ബി.ജെ.പി.ക്ക് 80,000 വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് സംഘടനാ പ്രവര്‍ത്തനം നന്നായിരുന്നെങ്കിലും എന്‍.കെ.പ്രേമചന്ദ്രനെതിരേ വ്യക്തിഹത്യനടത്തിയത് അദ്ദേഹത്തിന് അനുകൂല പ്രതികരണമുണ്ടാക്കുകയാണ് ചെയ്തത്. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചതും ഗുണകരമായെന്നും നേതാക്കള്‍ പറഞ്ഞു.

അവലോകനയോഗത്തില്‍ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍, എ.എ.അസീസ്, ബിന്ദുകൃഷ്ണ, ഷിബു ബേബിജോണ്‍, ഭാരതീപുരം ശശി, കെ.സി.രാജന്‍, ശൂരനാട് രാജശേഖരന്‍, പ്രതാപവര്‍മ തമ്പാന്‍, എന്‍.അഴകേശന്‍, എ.യൂനുസ്‌കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Content Highlights:Kollam  Lok Sabha constituency, Lok Sabha Election 2019,N K Premchandran