കൊല്ലം : ആമയുടെയും മുയലിന്റെയും പന്തയക്കഥപോലെ, അവസാനം എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വിജയമാണ് കൊല്ലത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.വി.സാബു ആഗ്രഹിക്കുന്നത്. നടന് സുരേഷ് ഗോപി മുതല്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന ടോം വടക്കന്റെ പേരുവരെ കൊല്ലത്തെ സ്ഥാനാര്‍ഥിയായി പറഞ്ഞുകേട്ടെങ്കിലും അവസാനം നറുക്കുവീണത് ബി.ജെ.പി.യുടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി.സാബുവിന്. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരം.
ഇത്തവണ മത്സരിക്കാനില്ലെന്നും തന്റെ രാഷ്ട്രീയ ഗുരുവായ കുമ്മനം രാജശേഖരന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും കെ.വി.സാബു അറിയിച്ചെങ്കിലും പാര്‍ട്ടി അനുവദിച്ചില്ല. ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട മൂന്ന് സ്ഥാനാര്‍ഥികള്‍ കേരളത്തില്‍ ഉണ്ടാവണമെന്നും അതിലൊരാള്‍ കെ.വി.സാബു ആകണമെന്നും പ്രധാനമന്ത്രി മോദി തീരുമാനിച്ചു.
കെ.വി.സാബുവിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോഴേക്കും മറ്റു രണ്ട് മുന്നണിസ്ഥാനാര്‍ഥികളും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ കെ.വി.സാബു പിന്നിലല്ല. ഇടം കിട്ടുന്നിടത്തെല്ലാം പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. മറ്റു പ്രചാരണങ്ങളും ശക്തമായി നടക്കുന്നു. പോസ്റ്ററുകള്‍ വീണ്ടും എത്തിയിട്ടുണ്ട്.
രണ്ട് പ്രധാന മുന്നണികളുടെ ജീവന്മരണ പോരാട്ടം നടക്കുന്ന കൊല്ലത്ത് ബി.ജെ.പി.ക്കെന്ത് വിജയസാധ്യതയെന്ന ചോദ്യത്തിന് സ്ഥാനാര്‍ഥിക്കും പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്ന ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ എം.എസ്.ശ്യാംകുമാറിനും വ്യക്തമായ ഉത്തരമുണ്ട്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ബി.ജെ.പി.ക്ക് കൊല്ലം മണ്ഡലത്തില്‍ 140000 വോട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഒരുലക്ഷം വോട്ടുകളെങ്കിലും കിട്ടും. ആദ്യമായാണ് പാര്‍ട്ടി ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. മണ്ഡലത്തില്‍ 180000 ക്രിസ്ത്യന്‍ വോട്ടര്‍മാരുണ്ട്. ഇതെല്ലാം കൂട്ടിയാല്‍ ജയിക്കാനുള്ള വോട്ടാകും. ചിലര്‍ ആരോപിക്കുന്നതുപോലെ വോട്ട് കച്ചവടവുമില്ല, ഒരു വോട്ടുപോലും ചോര്‍ന്ന് എതിര് പക്ഷത്തേക്ക് പോവുകയുമില്ല. ഇതൊക്കെ കൃത്യമായി പരിശോധിക്കാന്‍ ശക്തമായ സംഘടനാ സംവിധാനമുണ്ട്.
കെ.വി.സാബുവിന്റെ ആറാം ദിവസത്തെ പൊതുപര്യടനമായിരുന്നു ബുധനാഴ്ച. കല്ലുവാതുക്കല്‍, ചിറക്കര പഞ്ചായത്തുകളിലും പരവൂര്‍ നഗരസഭയിലുമായിരുന്നു പര്യടനം.
സ്വീകരണപരിപാടികള്‍ തുടങ്ങാന്‍ അല്‍പ്പം വൈകിയതിനാല്‍ സ്വീകരണകേന്ദ്രങ്ങളിലെത്താന് രണ്ടുമണിക്കൂര്‍വരെ വൈകി. സ്വീകരണകേന്ദ്രങ്ങളില്‍ ആളുകള്‍ ഏറിയും കുറഞ്ഞുമിരുന്നു. സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് വോട്ടര്‍മാരെയും നാട്ടുകാരെയും അഭിവാദ്യം ചെയ്ത് നീങ്ങി.
പൈലറ്റ് വാഹനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ച് പ്രസംഗിക്കുന്നതിനാല്‍ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന ഏതാനും വാക്കുകളില്‍ ഒതുങ്ങി. എനിക്ക് നിങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണ്. വികസനത്തിനുള്ള വോട്ടുകള്‍. ഞാന്‍ നിങ്ങളെപ്പോലെ സാധാരണക്കാരനാണ്. കര്‍കഷക കുടുംബത്തിലാണ് ജനിച്ചത്. വിജയിച്ചാല്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും...' വോട്ടര്‍മാര്‍ക്ക് വിഷു-ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അഭ്യര്‍ഥന അവസാനിപ്പിക്കും.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന അപ്പു മാങ്കൂട്ടത്തിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. കോണ്‍ഗ്രസിന്റെ പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം. നല്ല മീന്‍കറി ഒരുക്കിയെങ്കിലും സ്ഥാനാര്‍ഥി പൂര്‍ണ സസ്യഭുക്കാണ്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ കെ.വി.സാബുവിന്റെ അഞ്ചാമത്തെ മത്സരമാണിത്. 2006-ല്‍ പിറവം നിയമസഭാ മണ്ഡലത്തിലും 2009-ല്‍ ചാലക്കുടി നിയമസഭാ മണ്ഡലത്തിലും 2010-ല്‍ തൃപ്പൂണിത്തറ നിയമസഭാ മണ്ഡലത്തിലും 2014-ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു. ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ കെ.വി.സാബു വര്‍ഗീസ് എന്നാണ് പേരുനല്‍കിയത്. വോട്ടര്‍ പട്ടികയിലും സാബുവര്‍ഗീസ് എന്നാണ് പേര്. വിദ്യാഭ്യാസ രേഖകളില്‍ കെ.വി.സാബു എന്നും.
രാവിലെ കിഴക്കനേലയില്നിന്ന് ആരംഭിച്ച ബുധനാഴ്ചത്തെ പര്യടനം 40 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി പരവൂര്‍ ജങ്ഷനില്‍ സമാപിച്ചു.
നെടുമ്പന ഓമനക്കുട്ടന്, എ.എസ്.സുഗതന് എന്നിവരും പര്യടനപരിപാടികള്‍ക്ക് നേതൃത്വം നല്കി.