കളക്ടറേറ്റിനടുത്ത് ടി.ഡി.റോഡിലുള്ള എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ അതിരാവിലെ തന്നെ ഐ.ടി.സെല്‍ ആക്ടീവാണ്. 
പ്രചാരണ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ചെറുപ്പക്കാരുടെ സംഘം. ഏഴരയായപ്പോള്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്് ജി.ഗോപിനാഥും ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപുമെത്തി. 
സ്വീകരണ പര്യടന പരിപാടിയിലെ മാറ്റം സംബന്ധിച്ച ആലോചന നടക്കുന്നതിനിടെയാണ് സ്ഥാനാര്‍ഥി കെ.വി.സാബുവും ജില്ലാ വൈസ് പ്രസിഡന്റ്് എന്‍.ചന്ദ്രമോഹനും വന്നത്.
 മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അഞ്ചു മിനിറ്റ് കൊണ്ട് കമ്മിറ്റി അവസാനിച്ചു.
'കഴിഞ്ഞദിവസം തീരദേശം ഇളക്കിമറിച്ച റോഡ് ഷോയായിരുന്നു. 
നാല് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എനിക്ക് ഇത്രയും ആവേശം പകര്‍ന്ന അനുഭവം മുന്‍പുണ്ടായിട്ടില്ല'-കെ.വി.സാബു മുഷ്ടിചുരുട്ടി.
 

ബി.ജെ.പി. കൊല്ലത്ത് ശക്തി തെളിയിക്കുമോ

 ബി.ജെ.പി. ശക്തി തെളിയിക്കാനായി മത്സരിച്ച കാലം കഴിഞ്ഞു. ജയിക്കാനാണ് ഇത്തവണത്തെ മത്സരം. വിശ്വാസസംരക്ഷണത്തിന് ഒപ്പംനിന്നതും രാജ്യംഭരിക്കാന്‍ പോകുന്നതുമായ പാര്‍ട്ടിക്കായിരിക്കും കൊല്ലത്തുകാര്‍ വോട്ട് ചെയ്യുന്നത്. 
സ്വാതന്ത്ര്യം കിട്ടിയ കാലത്ത് കൊല്ലം പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. രണ്ടുമുന്നണികളുടെയും മാറിമാറിയുള്ള ഭരണം കൊല്ലത്തെ   പിന്നോട്ടടിച്ചു. കശുവണ്ടി-പരമ്പരാഗത വ്യവസായ മേഖലകളെ ഇല്ലാതാക്കി. അതുകൊണ്ട് വികസന നായകനായ പ്രധാനമന്ത്രിയുടെ മുന്നണിയാവും ഇത്തവണ കൊല്ലത്ത് വിജയിക്കുന്നത്.

 മോദി ഭരണം തുടരും എന്നുറപ്പിക്കാമോ. പലസംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യം രൂപംകൊണ്ടിട്ടുണ്ട്. ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു.

 കഴിഞ്ഞപ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ. അധികാരത്തിലെത്തും. ബി.ജെ.പി.ക്കെതിരായ സഖ്യകക്ഷികളെ നോക്കൂ. 
എല്ലാം അഴിമതിക്കാരും ദുര്‍ബലരുമാണ്. ഈ അഴിമതി സഖ്യത്തിന് വലിയ ആയുസ്സ് ഉണ്ടാവില്ല. കേരളത്തിലാകട്ടെ വലിയ തത്ത്വശാസ്ത്രം പറയുന്ന ഇടതുകക്ഷികള്‍ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കാണുന്നത്.

 രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥി ആയതോടെ ആ നിലപാടില്‍ മാറ്റമുണ്ടായിട്ടുണ്ട്
 
 ഒരു മാറ്റവുമില്ല. ഇടതുപക്ഷത്തെപ്പറ്റി ഞാന്‍ ഒരക്ഷരവും പറയില്ലെന്നാണ് കഴിഞ്ഞദിവസവും രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്വന്തം സഖ്യകക്ഷിയായി രാഹുല്‍ ഇടതുപക്ഷത്തെ കാണുന്നു എന്നല്ലേ ഇതിനര്‍ഥം. തമിഴ്‌നാട്ടില്‍ രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍വച്ചാണ് സി.പി.എമ്മും സി.പി.ഐ.യും വോട്ട് പിടിക്കുന്നത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്‍.ഡി.എഫ്. വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം. ഇപ്പോഴത്തെ മത്സരം മലയാളികളുടെ ചിന്താശേഷിയെ കളിയാക്കുന്നതാണ്.
 രാഹുല്‍ ഗാന്ധി വന്നതോടെ കേരളത്തിലെ മത്സരം മുറുകി. മൂന്നാം കക്ഷിയായ ബി.ജെ.പി.യുടെ പ്രസക്തി നഷ്ടപ്പെടില്ലേ

 ബി.ജെ.പി.യുടെ പ്രസക്തി കൂടുകയേ ഉള്ളൂ. ഇനി മോദിയും രാഹുലും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്. പ്രസക്തി നഷ്ടപ്പെട്ടത് കമ്യൂണിസ്റ്റ് കക്ഷികള്‍ക്കാണ്.

 മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമുള്ള ആശങ്ക ബി.ജെ.പി.ക്ക് തിരിച്ചടിയാകുമോ

 കേരളത്തില്‍ ഇരുമുന്നണികളും കാലങ്ങളായി നടത്തിയ വ്യാജ പ്രചാരണമാണിത്. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ അറിഞ്ഞുകഴിയുമ്പോള്‍ എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന് അവര്‍ തിരിച്ചറിയും. ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി. എന്നിവിടങ്ങളിലെല്ലാം മുസ്ലിങ്ങള്‍ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുണ്ട്. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രിസ്തീയവിഭാഗങ്ങള്‍ ബി.ജെ.പി.ക്കൊപ്പമാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിങ് രീതി മാറും. 
അവര്‍ ബി.ജെ.പി.യെ സ്വീകരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ മോദിയെ ഇഷ്ടപ്പെടുന്നവരാണ്. കൊല്ലത്ത് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ യാത്രയില്‍ എനിക്കത് ബോധ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് ലോക്സഭകളിലും ഏറ്റവും കൂടുതല്‍ ദളിത് എം.പി.മാരുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. യു.പി.എ. ഭരിക്കുമ്പോള്‍ പോലും കൂടുതല്‍ ദളിത് എം.പി.മാര്‍ ഞങ്ങള്‍ക്കായിരുന്നു. ദളിത് വിഭാഗത്തില്‍നിന്ന് രാഷ്ട്രപതിയെ സൃഷ്ടിച്ച പാര്‍ട്ടിയെ ദളിത് വിരുദ്ധരായി ചിത്രീകരിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ.

 ചിലയിടങ്ങളില്‍ കെ.വി.സാബു എന്ന് ചുവരെഴുത്ത്. മറ്റുചിലയിടങ്ങളില്‍ സാബു വര്‍ഗീസെന്ന്. എന്‍.ഡി.എ.സ്ഥാനാര്‍ഥിയുടെ യഥാര്‍ത്ഥ പേരെന്താണ്
 എന്റെ ഔദ്യോഗിക പേര് കെ.വി.സാബു എന്നാണ്. പിതാവിന്റെ പേര് ചേര്‍ത്ത് സാബു വര്‍ഗീസ് എന്നാണ് വോട്ടര്‍പട്ടികയിലുള്ളത്. ആശയക്കുഴപ്പം ഒഴിവാക്കാനായി കെ.വി.സാബു എന്ന് തിരുത്താന്‍ പോവുകയാണ്.

 ഹരികൃഷ്ണന്‍സ് സിനിമയിലെ ക്ലൈമാക്‌സ്‌പോലെ, രണ്ടുപേരുകള്‍. ഇതൊരു തന്ത്രമാണെന്ന് എതിരാളികള്‍ പറയുന്നു

 ഒരു തന്ത്രവുമില്ല. ഞാന്‍ 38 വര്‍ഷമായി ബി.ജെ.പി. പ്രവര്‍ത്തകനാണ്. കോഴിക്കോട് ലോ കോളേജില്‍ പഠിക്കാന്‍പോയ കാലത്ത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതാണ്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളെ അന്നേ പരിചയമുണ്ട്. ഒരിക്കല്‍ പാവക്കുളം ക്ഷേത്രത്തിന് മുന്നില്‍വച്ച് കണ്ടപ്പോള്‍ കുമ്മനം പറഞ്ഞതനുസരിച്ചാണ് ഞാന്‍ നേതൃസ്ഥാനത്തേക്ക് വന്നത്. കുതന്ത്രങ്ങളൊന്നും എനിക്കില്ല. എന്നെ അറിയുന്നവര്‍ ഈ കള്ളപ്രചാരണങ്ങള്‍ വിശ്വസിക്കില്ല.