കൊല്ലം : യു.ഡി.എഫ്., എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയതോടെ കൊല്ലത്തെ തിരഞ്ഞെടുപ്പുചൂട് മീനച്ചൂടിനും മീതെയായി. ഇടതുമുന്നണിയുടെ പാര്‍ലമെന്റ്, നിയമസഭാ നിയോജകമണ്ഡലംതല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. താഴേത്തട്ടിലുള്ള കണ്‍വെന്‍ഷനുകളും യോഗങ്ങളും നടന്നുവരികയാണ്. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുശേഷം യു.ഡി.എഫ്. ബൂത്തുതല കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്. 20-നുമുന്‍പ് ബൂത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് നിയോജകമണ്ഡലം, പഞ്ചായത്തുകളെ രണ്ടായി വിഭജിച്ചുള്ള മണ്ഡലം കണ്‍വെന്‍ന്‍ഷനുകള്‍ പൂര്‍ത്തിയാക്കും.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പി. പ്രവര്‍ത്തകരും വീടുകള്‍ കയറുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖകളുമായാണ് അവര്‍ വീടുകളിലെത്തുന്നത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ ഞായറാഴ്ച വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുത്ത് കൊല്ലത്തുതന്നെ ഉണ്ടായിരുന്നു. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് കൈപ്പുഴ വേലപ്പന്‍ നായരുടെ നവതി ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം അവിടെയെത്തിയ വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തി. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജനും ചടങ്ങില്‍ പങ്കെടുത്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ അതിര്‍ത്തിഗ്രാമമായ ആര്യങ്കാവില്‍നിന്നാണ് ഞായറാഴ്ച രാവിലെ വോട്ടഭ്യര്‍ഥന തുടങ്ങിയത്. 

N K Premachandran
യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് കൈപ്പുഴ വേലപ്പന്‍ നായരുടെ നവതി ആഘോഷച്ചടങ്ങില്‍ 

തെന്മല, ഒറ്റക്കല്‍, ഉറുകുന്ന്, ഇടമണ്‍ സത്രം, കഴുതുരുട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം വോട്ട് തേടിയെത്തി. ഉച്ചയ്ക്കുശേഷം പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം കെ.രാധാകൃഷ്ണന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാല്‍, പുനലൂര്‍ ഏരിയ സെക്രട്ടറി എസ്.ബിജു, തെന്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലൈലജ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനാസംവിധാനം സജ്ജമാക്കുന്നതിനുള്ള ബി.ജെ.പി.യുടെ പ്രവര്‍ത്തകയോഗങ്ങള്‍ നടന്നുവരികയാണ്. ജില്ലാ, സംസ്ഥാന നേതാക്കള്‍ വിവിധപരിപാടികളില്‍ പങ്കെടുത്തു. 
പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളിലെ മുഴുവന്‍സമയ പ്രവര്‍ത്തകരും താഴേത്തട്ടിലുള്ള യാത്രയിലാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു. വിവിധ മോര്‍ച്ചകളുടെ കണ്‍വെന്‍ഷനുകളും നടന്നുവരുന്നു.