കണ്ണൂര്‍: പോളിങ്ങിന്റെ വര്‍ധനവനുസരിച്ച് കേരളത്തില്‍ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടും സീറ്റും വര്‍ധിക്കുമെന്നും  ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ പോളിങ് രേഖപ്പെടുത്തിയിരുന്നു. അന്ന് 18 മണ്ഡലങ്ങളില്‍ വിജയിച്ചു. അതു കൊണ്ട് തന്നെ എല്‍ഡിഎഫിന് മുന്‍കാലങ്ങളേക്കാള്‍ സാധ്യത കാണുന്നുവെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ഇടതുപക്ഷത്തിന് 20ല്‍ 18സീറ്റും നേടാനായത്. അന്ന് പോളിങ് ശതമാനം വര്‍ധിച്ചതാണ് ഇത്രയധികം സീറ്റ് ലഭിക്കാന്‍ ഇടയാക്കിയത്. അതേനിലയിലുള്ള അവസ്ഥയിലേക്കാണ് പോളിങ് പുരോഗമിക്കുന്നത്. അതു കൊണ്ട് തന്നെ എല്‍ഡിഎഫിന് മുന്‍കാലങ്ങളേക്കാള്‍ സാധ്യത കാണുന്നു", കോടിയേരി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമീകരണം സമ്പൂര്‍ണ്ണമായി പാളിയെന്നും ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

"ആദ്യമായാണ് ഇത്രയധികം സമയം വരി നില്‍ക്കേണ്ട അവസ്ഥ വന്നത്. ക്രമീകരണങ്ങളിലെ അപാകത കൊണ്ടാണിത്. ചില സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രത്തില്‍ ഏതില്‍ കുത്തിയാലും താമരയ്ക്ക് വോട്ട് പോകുന്ന അവസ്ഥയുണ്ടായി. മോദിയുടെ യന്ത്രം കേരളത്തിലും വന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. എല്ലാ ബൂത്തിലും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ച നടപടിയാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കിയത്. ചൊക്ലിയിലെ കുഴഞ്ഞു വീണുള്ള മരണമടക്കം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. വൈകുന്നേരം ആറ് മണിക്ക് മുമ്പ് ക്യൂവിലെത്തുന്ന എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള ക്രമീകരണവും ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല".

വിവിപാറ്റ് സംവിധാനം വന്നതിന്റെ ഫലമായും ധാരാളം പ്രശ്‌നം കാണുന്നു. ഇത്രയധികം സമയം എടുക്കുന്നതു കണക്കിലെടുത്ത് ബൂത്തിന്റെ എണ്ണം കൂട്ടേണ്ടതായിരുന്നുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

"കലാശക്കൊട്ടിന്റെ അന്ന് എല്ലാവിധ ആക്രമണങ്ങള്‍ക്കും മുന്‍കൈയെടുത്തത് കോണ്‍ഗ്രസ്സാണ്. തിരഞ്ഞെടുപ്പ് സമാപന ദിവസം കോണ്‍ഗ്രസ്സ് ആസൂത്രിത ആക്രമണമാണ് അഴിച്ചു വിട്ടത്. ആലത്തൂര്‍ മണ്ഡലത്തില്‍ ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കി അവരുടെ സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായി എന്ന കള്ളപ്രചാരമുണ്ടായി. അക്രമമെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ആസൂത്രിതമായി അവര്‍ തന്നെ അക്രമം ചെയ്യുക. എന്നിട്ട് കമ്മ്യൂണിസ്റ്റ് അക്രമം എന്ന് പ്രചരിപ്പിക്കുക. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് വടകരയില്‍ മത്സരിക്കുന്ന പി ജയരാജന്‍. പി ജയരാജനെ ഭിന്നശേഷിക്കാരനാക്കി മാറ്റിയ യുഡിഎഫ് -ബിജെപി കൂട്ടുക്കെട്ടിനെതിരേ ഉള്ള വമ്പിച്ച മുന്നേറ്റമാണ് വടകരയില്‍ ഉണ്ടാവുക".

മുല്ലപ്പള്ളി സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ മാത്രമേ സംസാരിക്കുന്നുള്ളൂ.അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടിന് ജയിക്കുമെന്ന് പൊയ് വെടി പറയുകയാണെന്നും ഒരു സ്ഥലത്തും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും  ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

content highlights: Kodiyeri Balakrishnan responds after casting vote, Loksabha election 2019