കാസര്‍കോട് മണ്ഡലത്തെ തുടര്‍ച്ചയായ മൂന്ന് പൂര്‍ണ കാലാവധിയില്‍ പ്രതിനിധീകരിച്ചതിന്റെ റെക്കോഡുമായാണ് പി.കരുണാകരന് ലോക്സഭയുടെ പടിയിറങ്ങുന്നത്. മറ്റാര്‍ക്കും കിട്ടാത്ത അവസരം. എ.കെ.ജി. അടക്കം മറ്റ് പലരും മൂന്നുതവണ ഇവിടന്ന് മത്സരിച്ച് ജയിച്ചെങ്കിലും എല്ലാ ലോക്സഭയും കാലാവാധി തികച്ചിരുന്നില്ല. 2004, 2009, 2014 വര്‍ഷങ്ങളിലെ പാര്‍ലമെന്റ്് തിരഞ്ഞെടുപ്പുകളിലാണ് പി.കരുണാകരന് ഇവിടന്ന് ജയിച്ചത്. മൂന്ന് ലോക്സഭയും കാലാവധി തികച്ചു. മൂന്നാംതവണ സി.പി.എം. പാര്‍ലമെന്ററി പാര്ട്ടിനേതാവുമായി. ഇത്തവണ അദ്ദേഹം മത്സരിക്കാനില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം തത്കാലത്തേക്കെങ്കിലും സംഘടനാരംഗത്തായിരിക്കും.
എ.കെ.ജി.യുടെ മകള്‍ ലൈലയുടെ ഭര്‍ത്താവായ കരുണാകരന് ജീവിതത്തില്‍ മാത്രമല്ല, സംഘടനാ രംഗത്തും പലനിലയ്ക്കും എ.കെ.ജി.യുടെ പിന്‍ഗാമിയാണ്. രണ്ടുപേരും പാര്‍ട്ടിയുടെ ലോക്സഭയിലെ നേതാക്കളായിരുന്നു. രണ്ടുപേരും കാസര്‍കോടിനെ തുടര്‍ച്ചയായി മൂന്നുതവണ പ്രതിനിധീകരിച്ചു. 1957, 62, 67 വര്‍ഷങ്ങളിലാണ് എ.കെ.ജി. ഇവിടന്ന് തിരഞ്ഞെടുക്കപ്പെട്ടത്; ആദ്യ രണ്ടുതവണ സി.പി.ഐ. പ്രതിനിധി.
മൂന്നാംതവണ സി.പി.എം. 67-ലെ ലോക്സഭയ്ക്ക് 1972 മാര്‍ച്ച് വരെ കാലാവധിയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1970 ഡിസംബര്‍ 27-ന് ലോക്സഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 71 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടന്നു. എ.കെ.ജി. അത്തവണ പാലക്കാട്ടേക്ക് മാറിയപ്പോള്‍ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ് വിജയിച്ചത്.
എം.രാമണ്ണറൈ, ടി.ഗോവിന്ദന് എന്നിവര്‍ മൂന്നുതവണ കാസര്‍കോടിനെ പ്രതിനിധീകരിച്ച സി.പി.എം. നേതാക്കളാണ്. പക്ഷേ പൂര്ണകാലാവധിയും തുടര്‍ച്ചയായ വിജയവുമായിരുന്നില്ല. 1980, 89, 91 വര്‍ഷങ്ങളില്‍ വിജയിച്ച രാമണ്ണറൈ, 1985-ല്‍ കോണ്‍ഗ്രസിലെ ഐ.രാമറൈയോട് തോറ്റു. 1996, 98, 99 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ടി.ഗോവിന്ദന് വിജയിച്ചു. ഇതില്‍ 99-ലെ ലോക്സഭ മാത്രമാണ് കാലാവധി തികച്ചത്.
നേട്ടങ്ങളുടെ നീണ്ടനിര
നേട്ടങ്ങളുടെ നീണ്ടനിരയുമായാണ് പി.കരുണാകരന് 15 വര്‍ഷത്തെ ലോക്സഭാ ജീവിതത്തോട് വിടപറയുന്നത്. പെരിയയില്‍ കേന്ദ്രസര്‍വകലാശാല കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം. 17 സംസ്ഥാനങ്ങളില്‍നിന്നായി 1700-ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനം അക്ഷരാര്‍ഥത്തില്‍ രാജ്യത്തിന്റെ പരിച്ഛേദമാണ്. ഇവിടെ കേന്ദ്ര മെഡിക്കല്‍ കോളേജോ എയിംസോ സ്ഥാപിക്കാന്‍ ആഞ്ഞുശ്രമിച്ചു അദ്ദേഹം. അടുത്ത പ്രതിനിധിയുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന് ഇത് യാഥാര്‍ഥ്യമാക്കുക എന്നതായിരിക്കും.
കരിന്തളത്ത് കേന്ദ്ര നാച്ചുറോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടിന് നടപടിയായതാണ് മറ്റൊന്ന്. ഈ രംഗത്ത് ഗവേഷണവും ചികിത്സയുമുള്ള രാജ്യത്തെ ആദ്യ സ്ഥാപനമാണിത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നബാര്‍ഡിന്റെ 200 കോടിയുടെ പദ്ധതി നേടിയെടുത്തതും ഈ കാലയളവിലാണ്. ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചത് ഇതിന് സഹായമായി. പയ്യന്നൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, ബേക്കല്‍ പള്ളിക്കര, പഴയങ്ങാടി താവം എന്നിവിടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലം പൂര്‍ത്തിയായി.
അസാധ്യമെന്ന് തോന്നിയ നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിനുവേണ്ടി മൂന്നുദിവസം സത്യാഗ്രഹമിരുന്ന് അദ്ദേഹം അനുമതി വാങ്ങിയെടുത്തു. 65 കോടിയോളം രൂപയുടെ പദ്ധതിയാണിത്. ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ട്രാക്കിലാക്കിയതും രാജധാനി, അന്ത്യോദയ തുടങ്ങിയ സുപ്രധാന തീവണ്ടികള്‍ക്ക് കാസര്‍കോട്ടും ഗാന്ധിധാമിന് കാഞ്ഞങ്ങാട്ടും അടക്കം പലവണ്ടികള്‍ക്കും കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചതും മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഏഴ് കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയതും നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ഹൊസ്ദുര്‍ഗ് -ബാഗമണ്ഡലം ദേശീയപാത, ചെര്‍ക്കള-ജോഡ്കല്‍ ദേശീയപാത പദ്ധതി തുടങ്ങി പട്ടിക നീളുന്നു. എം.പി. ഫണ്ടില്‍ കുടുതല്‍ ചെലവിട്ട സംസ്ഥാനത്തെ രണ്ടാമത്തെ എം.പി.യാണ് പി.കരുണാകരന്. 98 ശതമാനത്തോളം ചെലവഴിക്കാനായി.
Content Highlights: P.Karunakaran, Kasaragod MP