കെ.പി.സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഇടതുമുന്നണി കളത്തിലിറങ്ങി. പക്ഷേ, യു.ഡി.എഫും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യും പ്രഖ്യാപനം നീട്ടുന്നത് അവരെ മാത്രമല്ല ഇടതുമുന്നണിയെയും ആകാംക്ഷാഭരിതമാക്കുന്നു. എതിരാളിയെ അറിഞ്ഞാലല്ലേ തന്ത്രങ്ങള്‍ മെനയാന്‍ പറ്റൂ എന്ന് ഒരു നേതാവ് പ്രതികരിച്ചു.

'കോണ്‍ഗ്രസില്‍ ഇത് പതിവല്ലേ, അവസാനനിമിഷം ഓടിക്കിതച്ചല്ലേ സ്ഥാനാര്‍ഥികള്‍ വരുന്നത്' എന്ന് ഒരു ഡി.സി.സി. ജനറല്‍ സെക്രട്ടറി. ശരിയാണ്. 2009-ല്‍ ഷാഹിദാ കമാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് കേട്ടപ്പോള്‍ പ്രവര്‍ത്തകര്‍ അമ്പരുന്നു. വളരെ വൈകിയായിരുന്നു പ്രഖ്യാപനം എന്ന് മാത്രമല്ല, മണ്ഡലത്തില്‍ പരിചിതവുമായിരുന്നില്ല. 2014-ല്‍ ടി.സിദ്ദിഖ് അവസാന നിമിഷം രംഗപ്രവേശം ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സജീവമായിരുന്നതുകൊണ്ട് അധികം പരിചയപ്പെടുത്തല്‍ വേണ്ടിവന്നില്ല. കനത്ത മത്സരം കാഴ്ചവെയ്ക്കാനും കഴിഞ്ഞു.

ഇത്തവണ എന്ത് അത്ഭുതമാണ് ഹൈക്കമാന്‍ഡ് കാട്ടുക എന്ന് കാത്തിരിക്കുകയാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍. കല്ല്യോട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സംവിധാനങ്ങള്‍ സജീവമാണ്. അത് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെ അവര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ചതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിച്ചേക്കും. രാഹുല്‍ഗാന്ധി 14-ന് കല്ല്യോട്ട് വരുന്നുണ്ട്. ഫലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയാണ് നടക്കുക. അതിന് മുന്‍പ് സ്ഥാനാര്‍ഥിയെ കിട്ടുമോ? പലതട്ടിലും കൂട്ടലും കിഴിക്കലും നടക്കുകയാണ്.

മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന് കെ.സുധാകരനോട് ഹൈക്കമാന്‍ഡ് ആരാഞ്ഞതായി അറിയുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്ന വ്യവസ്ഥയില്‍ നില്‍ക്കുകയാണ് അദ്ദേഹം. ഇടതുമുന്നണി താരതമ്യേന മെച്ചപ്പെട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനോട് കിടപിടിക്കുന്നതാകണം പട്ടിക എന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെവന്നാല്‍ സുധാകരനും പട്ടികയിലുണ്ടാകും. പക്ഷേ, അത് കണ്ണൂരോ കാസര്‍കോട്ടോ എന്ന ചോദ്യം ബാക്കി. സാമുദായിക സമവാക്യങ്ങളും പാലിക്കേണ്ടതുണ്ട്.

നേരത്തേ ഹൈക്കമാന്‍ഡ് താത്പര്യപ്പെട്ട് നടത്തിയ സര്‍വേയില്‍ ജില്ലക്കാരില്‍ സ്വീകാര്യത ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലിനാണെന്ന് കണ്ടിരുന്നതായി ഒരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. തദ്ദേശീയനാണെങ്കില്‍ ഹക്കിമിന് നറുക്ക് വീണേക്കാം. മുന്‍ എം.പി. രാമാറായിയുടെ മകന്‍ സുബ്ബയ്യ റായി തുടക്കം മുതല്‍ പട്ടികയിലുണ്ട്. ഇരുത്തംവന്ന നേതാവെന്ന നിലയില്‍ കെ.പി.കുഞ്ഞിക്കണ്ണന്‍, കല്ല്യോട്ട് വിഷയത്തില്‍ ഓടിനടന്ന ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവരാണ് മുന്‍നിരയിലുള്ള മറ്റുള്ളവര്‍. കല്ല്യോട്ടുകാരായ യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ.ബാബുരാജ് അടക്കമുള്ളവരുടെ പേരും പറഞ്ഞുകേള്‍ക്കുന്നു.

ബി.ജെ.പി. അര്‍ഥഗര്‍ഭമായ മൗനത്തിലാണ്. മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം മാത്രം നോക്കിയല്ല അവിടെ സ്ഥാനാര്‍ഥി നിര്‍ണയം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വന്തം നിലയ്ക്കുള്ള ചില സംവിധാനങ്ങളുണ്ട്. അതിനാല്‍ ആരുടെയെങ്കിലും പേരിന് മുന്‍തൂക്കം പറയാന്‍ അവര്‍ തയ്യാറല്ല. സംസ്ഥാനതലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വടംവലി അവരെ കൂടുതല്‍ നിശ്ശബ്ദരാക്കുന്നു. മിക്കവാറും മണ്ഡലത്തിന് പുറത്തുനിന്നാകാനാണ് സാധ്യത. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ അവിടെ തദ്ദേശീയന് മുന്‍ഗണന കിട്ടിയേക്കും.

Content Highlights: KP Satheesh Chandran LDF Candidate In Kasaragod Lok Sabha Constituency