കാസർകോട്ട് കെ.പി. സതീഷ് ചന്ദ്രനെ സ്ഥാനാർഥിയാക്കി കല്യോട്ട് ഇരട്ടക്കൊലയുടെ കെടുതി കുറച്ചുനിർത്തിയിരിക്കയായിരുന്നു ഇടതുമുന്നണി. അപ്പോഴാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ് നേതാവിന്റെ വരവ്. തലശ്ശേരിയിൽ സാക്ഷാൽ കോടിയേരിയെ വരിഞ്ഞുകെട്ടിയ കൊല്ലംകാരൻ; ഉജ്ജ്വല നാക്കും. യു.ഡി.എഫ്. അണികൾ ആവേശഭരിതരായി. മത്സരം കടുത്തെന്ന് സി.പി.എമ്മും ഇടതുമുന്നണിയും സമ്മതിച്ചു. ഉണ്ണിത്താന്റെ മണ്ഡലപ്രവേശം കേമമായിരുന്നു. കാസർകോട് റെയിൽവേസ്റ്റേഷനിലെ സ്വീകരണം പ്രചാരണത്തിന്റെ ഗംഭീര ഉദ്ഘാടനമായി. പക്ഷേ, കോൺഗ്രസിലെ ചേരിതിരവ് അതിന്റെ ശോഭ കുറച്ചു. പരിഭവങ്ങളുമായി ഉണ്ണിത്താൻതന്നെ മാധ്യമങ്ങൾക്കുമുന്നിൽ വന്നു. പ്രവർത്തകർ സങ്കടപ്പെട്ടു.
കോൺഗ്രസും യു.ഡി.എഫും പക്ഷേ, എന്നും ഇങ്ങനെയായിരുന്നു. പടലപ്പിണക്കങ്ങൾ ദൗർബല്യമല്ല, ശക്തിയാണതിന്. തിരഞ്ഞെടുപ്പുഫലത്തെ അത് ഏശാറില്ല. സമനിരപ്പുള്ള മൈതാനിയിൽ ഉണ്ണിത്താനും സതീഷ്ചന്ദ്രനും വീണ്ടും കളിതുടങ്ങിയപ്പോഴാണ് എൻ.ഡി.എ. സ്ഥാനാർഥിയായി ഹിന്ദു ഐക്യവേദി നേതാവും ബി.ജെ.പി. സംസ്ഥാനസമിതിയംഗവുമായ രവീശ തന്ത്രി കുണ്ടാറിന്റെ രംഗപ്രവേശം. മണ്ഡലചരിത്രവും സ്വഭാവവുംവെച്ച് നോക്കിയാൽ തന്ത്രി ജയിക്കുക ദുഷ്കരം. പക്ഷേ, ജയമോഹികളുടെ സാധ്യതയെ സ്വാധീനിക്കാൻ അതിന് കഴിയും; പ്രത്യേകിച്ച് വടക്കൻമേഖലയിൽ.
കഴിഞ്ഞതവണത്തെ ഇടതുസ്ഥാനാർഥി സി.പി.എമ്മിലെ പി. കരുണാകരന്റെ ഭൂരിപക്ഷത്തിൽനിന്നാണ് ഉണ്ണിത്താൻ തുടങ്ങുന്നത്. സതീഷ്ചന്ദ്രനെപ്പോലെ ഒന്നാംതവണ ഇടതുസ്ഥാനാർഥിയായി ഇറങ്ങിയ കരുണാകരൻ 2004-ൽ നേടിയത് 1,08,256 വോട്ടിന്റെ ഭൂരിപക്ഷം. 2009-ൽ 64,427 ആയി കുറഞ്ഞു. 2014-ൽ ടി.സിദ്ദിഖ് എതിരാളിയായി എത്തിയപ്പോൾ 6921 എന്ന നാലക്കത്തിലേക്ക് ചുരുങ്ങി. എന്നാൽ, മണ്ഡലത്തിന്റെ അടിസ്ഥാനസ്വഭാവം മാറിയിട്ടില്ലെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നത് 2016-ലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ പിൻബലത്തിലാണ്. ഏഴുമണ്ഡലത്തിലുംകൂടി 72,566 വോട്ടിന്റെ ഭൂരിപക്ഷമുണ്ട് അവർക്ക്. കല്യാശ്ശേരിയിൽ ടി.വി. രാജേഷിന് നാൽപ്പതിനായിരത്തിനുമേലായിരുന്നു ഭൂരിപക്ഷം. ഈ അവസ്ഥ മാറേണ്ട സംഭവങ്ങളൊന്നും രണ്ടരവർഷംകൊണ്ട് ഉണ്ടായിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു പറയുന്നു. ഇതിന് തൊട്ടുമുമ്പുനടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലപരിധിയിൽ 86,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ഇടതുമുന്നണിക്കെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, മണ്ഡലം ബാലികേറാമലയെന്ന് വെറുതേ പറയുന്നതാണെന്നാണ് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ പറയുന്നത്. 1971-ൽ നായനാരെ 28,404 വോട്ടിന് കടന്നപ്പള്ളി തോൽപ്പിച്ചില്ലേ? 1977-ൽ അദ്ദേഹം വിജയം ആവർത്തിച്ചില്ലേ? 1984-ൽ ഐ. രാമറൈ ജയിച്ചത് ഇന്ദിരാതരംഗത്തിലാണെന്ന് വാദത്തിന് സമ്മതിച്ചാലും 1989-ൽ അദ്ദേഹം തോറ്റത് കേവലം 1546 വോട്ടിനാണെന്നും കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ അപ്രതീക്ഷിതമായെത്തി 55,830 വോട്ടുനേടിയ രവീശതന്ത്രി കുണ്ടാറിന് ലോക്സഭാമണ്ഡലത്തിലേക്ക് സ്ഥാനക്കയറ്റം നൽകി ബി.ജെ.പി. പക്ഷേ, കഴിഞ്ഞതവണ കെ. സുരേന്ദ്രനെപ്പോെല വീറുറ്റ ത്രികോണമത്സരം കാഴ്ചവെക്കാൻ അദ്ദേഹത്തിനാകുമോയെന്ന് സംശയം.
“ആകുമെന്ന് മാത്രമല്ല, ജയിക്കുകയും ചെയ്യും” -ബി.െജ.പി. ജില്ലാപ്രസിഡൻറ് കെ.ശ്രീകാന്ത് പറയുന്നു. ‘‘വോട്ടിങ് രീതിയിൽ ഞങ്ങൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കന്നഡമേഖല ഞങ്ങൾ തൂത്തുവാരും’’ -അദ്ദേഹം പറയുന്നു. കന്നഡഭാഷക്കാരനായ രവീശതന്ത്രി കന്നഡമേഖലയിൽ യു.ഡി.എഫ്.-എൽ.ഡി.എഫ്. വോട്ടുകളിൽ വിള്ളൽവീഴ്ത്തുമെന്നത് തീർച്ച. അത് ആർക്ക് ഗുണകരമാകുമെന്ന് പ്രവചനം പ്രയാസം. അതേസമയം തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലേക്ക് പോകുംതോറും തന്ത്രിക്ക് സാധ്യത കുറയുന്നു. അവിടെ കഴിഞ്ഞതവണത്തെ വോട്ട് നിലനിർത്താനായിരിക്കും അവരുടെ ശ്രമം.
- ടേണിങ് പോയന്റ്
1. കല്യോട്ടെ ഇരട്ടക്കൊല
കഴിഞ്ഞ തവണത്തേക്കാൾ ഏതുനിലയ്ക്കും സജീവമാണ് യു.ഡി.എഫ്. ഇത്തവണ. കല്യോട്ട് ഇരട്ടക്കൊലയെന്ന വിഷയംതന്നെ മതി അവരുടെ സംവിധാനം അതിവേഗം ചലിപ്പിക്കാൻ. ‘‘മുമ്പും ഇടതുകേന്ദ്രങ്ങളിൽ ഞങ്ങളെ വോട്ടുചെയ്യാൻ സമ്മതിച്ചിരുന്നെങ്കിൽ ഫലം മറിച്ചായേനെ. ഇത്തവണ മനഃസാക്ഷിയുള്ള അമ്മമാർ ഞങ്ങളെ തുണയ്ക്കും. കല്യോട്ടെ കൊലക്കത്തിക്ക് അമ്മമാർ വിരലുകൊണ്ട് ബൂത്തിൽ പകരം തീർക്കും. സംശയംവേണ്ട’’ -കെ.പി. കുഞ്ഞിക്കണ്ണൻ പറയുന്നു. എന്നാൽ, കല്യോട്ട് സംഭവം പാർട്ടി അപലപിച്ചതാണെന്നും അതിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകനെ പുറത്താക്കി പാർട്ടി സത്യസന്ധത കാട്ടിയെന്നുമാണ് സി.പി.എം. നേതാവ് സി.എച്ച്. കുഞ്ഞന്പുവിന്റെ മറുപടി.
2. മണ്ഡലത്തിന്റെ ചരിത്രം
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി എന്നീ ഏഴ് നിയസമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കാസർകോട്. ഇതിൽ മഞ്ചേശ്വരത്തും കാസർകോട്ടും യു.ഡി.എഫ്. ഒന്നാമതും ബി.ജെ.പി. രണ്ടാമതുമാണ്. ഉദുമയിൽ എത്തുമ്പോൾ സ്ഥിതിമാറി.
യു.ഡി.എഫും എൽ.ഡി.എഫും ഇഞ്ചോടിഞ്ചാണ്. ബി.ജെ.പി. ബഹുദൂരം പിന്നിൽ. കാഞ്ഞങ്ങാടുമുതൽ കല്യാശ്ശേരി വരെയുള്ള നാലുമണ്ഡലത്തിൽ ബഹുദൂരം പിന്നിൽ നിൽക്കുന്ന യു.ഡി.എഫിന്റെയും പിന്നിലാണ് ബി.ജെ.പി.
ഇടതുകോട്ടകളാണ് നാലും. ഇതരമണ്ഡലങ്ങളിലെ പിന്നാക്കാവസ്ഥ ഇവിടംകൊണ്ട് മറികടന്ന് ഭൂരിപക്ഷത്തിലേക്ക് അവർ കുതിക്കുന്നതാണ് കാലങ്ങളായി കണ്ടുവരുന്നത്. കഴിഞ്ഞ 15 തിരഞ്ഞെടുപ്പുകളിൽ 12-ലും ഇതാവർത്തിച്ചു. കോൺഗ്രസ് ജയിച്ചത് 1971-ലും ‘77-ലും ‘84-ലും മാത്രം. ഈ അവസ്ഥയ്ക്ക് വലിയ കോട്ടമില്ലാത്തതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന് കാരണം.
ശക്തി:
ഇടതുമുന്നണി: നാട്ടുകാരനായ സ്ഥാനാർഥി, ക്ലീൻ ഇമേജ്, പരമ്പരാഗതമായി ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലം
ഐക്യമുന്നണി: സ്ഥാനാർഥി കരുത്തൻ, ഉജ്ജ്വല പ്രാസംഗികൻ, കല്യോട്ട് സംഭവം സൃഷ്ടിക്കുന്ന അനുകൂലവികാരം, ശബരിമല.
എൻ.ഡി.എ.: നാട്ടുകാരനായ സ്ഥാനാർഥി, കന്നഡമേഖലയിലെ നിർണായക സ്വാധീനം
ദൗർബല്യം
ഇടതുമുന്നണി: കല്യോട്ട് സംഭവം, ശബരിമലവിഷയം, കന്നഡ മേഖലയിലെ പിന്നോട്ടടി
ഐക്യമുന്നണി: സ്ഥാനാർഥി പുറംനാട്ടുകാരൻ, സ്ഥാനാർഥിക്ക് കന്നഡ മേഖലയിലെ പരിചയക്കുറവ്, കോൺഗ്രസിലെ പടലപ്പിണക്കം.
എൻ.ഡി.എ.: കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങൾക്കുപുറത്ത് അറിയപ്പെടുന്നില്ല. പൊതുരംഗത്ത് സാന്നിധ്യമില്ല.
content highlights: kasargod loksabha constituency analysis