രണ്ട് തവണ എംഎല്‍എയായും പത്ത് വര്‍ഷം കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. സൗമ്യമായ പെരുമാറ്റ ശൈലികൊണ്ടും നേതൃപാടവം കൊണ്ടും ജനശ്രദ്ധ നേടിയിട്ടുള്ള കെ.പി. സതീഷ് ചന്ദ്രനാണ് എല്‍ഡിഎഫിന് വേണ്ടി കാസര്‍കോടിനെ പ്രതിനിധീകരിക്കുന്നത്. ലോക്സഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങുമ്പോള്‍ തന്റെ പ്രതീക്ഷകള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം.
ലോക്സഭയിലേക്കുള്ള കന്നിയങ്കം. പ്രതീക്ഷകളും അനുകൂല ഘടകങ്ങളും..?
- ലോക്സഭയിലേക്കുള്ള ആദ്യത്തെ മത്സരമാണെങ്കിലും 1996, 2001 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചിരുന്നു. അത് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ ടി.വി.രാജേഷാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി.കരുണാകരനാണ്. അങ്ങനെ എല്ലാ മണ്ഡലങ്ങളിലും ചുമതലപ്പെട്ട ഒരു സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ മികവിലൂടെ വളരെ ചിട്ടയോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്ന പ്രചാരണായുധങ്ങള്‍ എന്തൊക്കെയാണ്..?
- സിപിഎമ്മിനും എല്‍ഡിഎഫിനും നല്ല സ്വാധീനമുള്ള മണ്ഡലമാണ് കാസര്‍കോട്. അടുത്ത കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി ഉയര്‍ത്തുന്ന വിപത്തിനെതിരായി ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം എന്നിവ എല്‍ഡിഎഫിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പദ്ധതികള്‍ എന്നിവ മറ്റൊരു അനുകൂല ഘടകമാണ്. അതുകൂടാതെ മതേതര ജനാധിപത്യ വിശ്വാസികളും എല്‍ഡിഎഫിനൊപ്പമുണ്ട്. അങ്ങനെ രാഷ്ട്രീയ അന്തരീക്ഷവും സംഘടനാ പ്രവര്‍ത്തനങ്ങളും വളരെ ചിട്ടയായി മുന്നോട്ടുപോകുന്നു. ഇത് രണ്ടും ചേര്‍ന്നുള്ള ഒരു മെച്ചപ്പെട്ട ഫലമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പെരിയയിലെ ഇരട്ട കൊലപാതകം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ..?
- കൊലപാതക രാഷ്ട്രീയമില്ലാത്ത കേരളം എന്ന കാഴ്ചപ്പാടില്‍ എല്‍ഡിഎഫ് വളരെ തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പെരിയയിലെ സംഭവം ദൗര്‍ഭാഗ്യകരമാണ്. അതിനെ പാര്‍ട്ടി തള്ളിപ്പറയുകയും ആരോപണ വിധേയരായവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും പ്രാദേശിക ഡിസിസി നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് അത് നടക്കാതിരുന്നത്. കൊലപാതക രാഷ്ട്രീയം ഇല്ലാത്ത കേരളം എന്ന എല്‍ഡിഎഫും സിപിഎമ്മും ഉയര്‍ത്തിപ്പിടിച്ച നിലപാട് ജനങ്ങള്‍ തിരിച്ചറിയും. അതേസമയം, കോണ്‍ഗ്രസിന് ഇവിടെ മാലാഖ ചമയാനാകില്ല. കാസര്‍കോട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിമൂന്ന് പേരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസാണ്. കേരളം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രീയ കൊലപാതം ചീമേനിയിലേതാണ്. അഞ്ചുപേരെയാണ് അന്ന് കൊലപ്പെടുത്തിയത്. അതിന്റെ ഉത്തരവാദി കോണ്‍ഗ്രസാണ്. അങ്ങനെയുള്ള കോണ്‍ഗ്രസ് മാലാഖ ചമയാന്‍ ശ്രമിച്ചാല്‍ അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും.
അക്രമ രാഷ്ടീയവും വികസന മുരടിപ്പും സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചയാകുമ്പോള്‍...?
- കാസര്‍കോട് ജില്ലയില്‍ നടന്നിട്ടുള്ള രാഷ്ടീയ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന 2008-2018 കാലയളവില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. അതില്‍ മൂന്നുപേരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസാണ്. അന്നുചോരയ്ക്ക് ചോര എന്ന നിലപാട് ഞങ്ങള്‍ സ്വീകരിച്ചില്ല. അതുകൊണ്ട് കൊലപാതക രാഷ്ട്രീയത്തിന്റെ അവസ്ഥ പരിശോധിച്ചാല്‍ ഞങ്ങളാണ് ഇരയാക്കപ്പെട്ടവര്‍. അതുകൊണ്ട് കൊലപാതക രാഷ്ടീയം ചര്‍ച്ചചെയ്യപ്പെട്ടാലും അത് എല്‍ഡിഎഫിന് അനുകൂലമായി മാത്രമെ വരികയുള്ളു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഈ മണ്ഡലത്തില്‍ പ്രതിഫലിക്കുമോ...?
- എല്‍ഡിഎഫ് അതിനെയൊന്നും കാര്യമായി പരിഗണിക്കുന്നില്ല. കാസര്‍കോട് മണ്ഡലത്തിനെ സംബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയും പയ്യന്നൂരും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ തൃക്കരിപ്പൂര്‍, ഉദുമ എന്നിവിടങ്ങളില്‍ യുഡിഎഫിന് മുന്തൂക്കമുണ്ടായിട്ടുണ്ട്. പക്ഷെ അടുത്ത കാലത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അവിടെയും ഇടതുപക്ഷത്തിന് ശക്തിയാര്‍ജിക്കാന്‍ കഴിഞ്ഞു എന്നതാണ് വസ്തുത. ഞങ്ങളുടേത് ഒരു ദേശീയ പാര്‍ട്ടിയാണ്, അതുകൊണ്ടുതന്നെ ഒരു മണ്ഡലത്തിലെ സവിശേഷമായ രാഷ്ടീയ അന്തരീക്ഷം ഞങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കില്ല.
രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ?
- സ്ഥാനാര്‍ഥകളെ തീരുമാനിക്കുന്നത് അതാത് പാര്‍ട്ടികളും മുന്നണികളുമാണ്. അതേക്കുറിച്ച് മറ്റൊരു അഭിപ്രായം എനിക്കില്ല. രാജ്മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവാണ്. രാഷ്ട്രീയമായ ഘടകങ്ങളും എല്‍ഡിഎഫിന്റെ പ്രവര്‍ത്തനമികവും കാരണം കാസര്‍കോട് യുഡിഎഫ് ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ല.
ഭാഷാന്യൂനപക്ഷ മേഖലയിലെ ബിജെപി സ്വാധീനം വര്‍ധിക്കുന്നുണ്ടോ...?
- ഭാഷാന്യൂനപക്ഷ മേഖലകളില്‍ ബിജെപിക്ക് വോട്ടുകൂടി എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, അത് ഒരിക്കലും ഇടതുപക്ഷത്തിന് ഭീഷണിയാകില്ല. ഭാഷാന്യൂനപക്ഷങ്ങളെ നല്ല രീതിയില്‍ പരിഗണിച്ചുകൊണ്ടാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചിട്ടുള്ളത്. തുളു അക്കാദമി, ഗോവിന്ദപൈ സ്മാരകം തുടങ്ങിയവ പി.കരുണാകരന് എം.പി.യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍വന്നതാണ്.
ബി.ജെ.പി സ്ഥാനാര്‍ഥി..?
- ഒരു ക്ഷേത്ര പൂജാരിയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. ഒരു ആത്മീയ പരിവേഷത്തിലൂടെ വിശ്വാസികളുടെ വോട്ട് നേടിയെടുക്കാമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും.
ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയാകുമോ..?
- ബിജെപി ശബരിമല വിഷയത്തിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ പലരും ശബരിമല യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ആര്.ഹരി, 2017-ല്‍ അദ്ദേഹത്തിന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തില്‍ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിച്ച് എഴുതിയിരുന്നു.
എല്‍.ഡി.എഫിന് വോട്ടുകൂടുന്ന സാഹചര്യമാണോ നിലവില്‍?
- ഓരോ ഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് വോട്ടുകളില്‍ പ്രതിഫലിക്കുക. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും എല്‍ഡിഎഫിന് അനുകൂലമാണ്.
ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം എത്രത്തോളം വിജയിക്കും?
- കേന്ദ്രത്തില്‍ ബി.ജെ.പി.യെ മാറ്റിനിര്‍ത്തി, ഒരു ജനാധിപത്യ മതേതര സര്‍ക്കാര്‍ വരണമെന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇടതുപക്ഷ എം.പി മാരുടെ പിന്തുണ അതിനുണ്ടാകും എന്ന് ഞങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടിക്കുകയാണ്. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തും നില്ക്കുന്നവര് പോലും ഏതു സമയത്തും ബി.ജെ.പി.യിലേക്ക് പോകാവുന്ന അവസ്ഥയാണുള്ളത്. എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ പോയില്ലേ? എറണാകുളത്തെ സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ തോമസ് മാഷും ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ തയാറായിരുന്നില്ല. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറും വിദേശകാര്യ മന്ത്രിയുമൊക്കെയായിരുന്ന എസ്.എം.കൃഷ്ണ പോലും ബിജെപിയിലേക്ക് പോയില്ലേ? അപ്പോള്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വിശ്വാസക്കുറവുണ്ട്. ഈ യാഥാര്‍ഥ്യങ്ങളൊക്കെ ജനങ്ങളുടെ മനസ്സിലുണ്ട്.
നടപ്പിലാകാത്ത പദ്ധതികള്‍ എല്‍ഡിഎഫിന് പ്രതികൂലമാകുമോ..?
- പദ്ധതികള്‍ പലതും നടപ്പിലായില്ലെന്നത് കള്ള പ്രചാരണങ്ങള്‍ മാത്രമാണ്. ഈ മൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനം, സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
വിജയിച്ചാല്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്കു നല്കുന്ന ഉറപ്പ്..?
- പാര്‍ലമെന്റിനു അകത്തും പുറത്തും ജനങ്ങള്‍ക്കൊപ്പം നില്ക്കും. മത, രാഷ്ട്രീയ ഭേദമന്യേ വികസനത്തിന് മുന്‍ഗണന നല്‍കും, ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടും, കേന്ദ്ര തൊഴില്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പില്‍വരുത്തും. കേന്ദ്ര സ്ഥാപനങ്ങള്‍ അടക്കമുള്ളവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
Content Highlights: 2019 Lok Sabha Election, K.P Satheesh Chandran, LDF Candidate, Kasaragod Constituency