പയ്യന്നൂര്‍: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി,ഡി,എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഇതുസംബന്ധിച്ച് കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. തുടര്‍ന്ന് ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Content Highlights: Trikaripur Bogus Voting, Case Against CPM Worker, lok sabha election 2019, kerala election