തിരുവനന്തപുരം: കണ്ണൂര്‍ പാമ്പുരുത്തിയിലെ കള്ളവോട്ട് വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പാമ്പുരുത്തിയില്‍ ഒമ്പതുപേര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്നും മീണ തിരുവനന്തപുത്ത് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. 12 കള്ളവോട്ടുകളാണ് ഈ ഒമ്പതുപേര്‍ ചെയ്തത്.

കള്ളവോട്ട് തടയാന്‍ ഇടപെടാതിരുന്ന പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മൈക്രോ ഒബ്‌സര്‍വര്‍ക്കും എതിരെ 134-ാം വകുപ്പ് പ്രകാരം നടപടിയെടുക്കും. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം പറഞ്ഞു. 

കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കണ്ണൂര്‍ പാമ്പുരുത്തിയില്‍കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ചിലര്‍ കളക്ടറോട് മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അവര്‍ക്ക് ഇക്കാര്യം അറിയാം. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ സെക്ഷന്‍ 171 സി,ഡി,എഫ് എന്നിവ പ്രകാരം ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മീണ പറഞ്ഞു. 

ധര്‍മടത്ത് സായൂജ് എന്നയാളാണ് ബൂത്ത് നമ്പര്‍ 52ല്‍ വോട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ 47-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് സായൂജ്. സായൂജിനെ സഹായിച്ചയാളുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധര്‍മടത്ത് കള്ളവോട്ട് നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീണ പറഞ്ഞു.

content highlights: strong action against officials in connection with kannur pamparuthi bogus voting