തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ വിവാദമായ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യ ചിത്രത്തിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നത്. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല' എന്ന പരാമര്‍ശം സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം രംഗത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചാണ് ഇതെന്നാണ് ആരോപണം.

രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദം പരാമര്‍ശം കടന്നുവരുന്നത്. 'ഇനി ഓന്‍ പോകട്ടെ, ഓന്‍ ആണ്‍കുട്ടിയാ, പോയ കാര്യം സാധിച്ചിട്ടേ വരൂ' എന്നും ഒരു കഥാപാത്രം പറയുന്നു. തുടര്‍ന്ന് കെ. സുധാകരന് വോട്ട് ചെയ്യുക എന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. പരസ്യചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ നടപടിയുമായി രംഗത്തെത്തിയത്.

Content Highlights: case against k sudhakaran, kerala womens commission, campaign video, lok sabha election 2019