തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 13 കള്ളവോട്ടു കൂടി നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പാമ്പുരുത്തിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

ധര്‍മടത്ത് ബൂത്ത് നമ്പര്‍ 53ല്‍ ഒരു കള്ളവോട്ട് കണ്ടെത്തി. പാമ്പുരുത്തിയില്‍ 12 കള്ളവോട്ട് നടന്നെന്നും സ്ഥിരീകരിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളില്‍ ഒമ്പതുപേര്‍ 12 കള്ളവോട്ടുകള്‍ ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പാമ്പുരുത്തിയില്‍ കള്ളവോട്ട് നടന്നെന്ന് കാണിച്ച് എല്‍ ഡി എഫ്, യു ഡി എഫ് ബൂത്ത് ഏജന്റുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്. പാമ്പുരുത്തിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് എല്‍ ഡി എഫ് ആരോപിച്ചിരുന്നു. ധര്‍മടത്ത് യു ഡി എഫ് ബൂത്ത് ഏജന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇവിടെ കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെയും നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

പാമ്പുരുത്തിയില്‍ പ്രിസൈഡിങ് ഓഫീസര്‍ക്കും പോളിങ് ഓഫീസര്‍ക്കും മൈക്രോ ഒബ്‌സര്‍വര്‍ക്കും ഗുരുതര വീഴ്ചയുണ്ടായിട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. കൂടാതെ വകുപ്പുതല അച്ചടക്ക നടപടിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടിടത്തും കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയത്. 

പാമ്പുരുത്തുയില്‍ ഗള്‍ഫിലുള്ളവരുടെ വോട്ടുപോലും രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിട്ടുണ്ട്. പാമ്പുരുത്തിയിലെ മാപ്പിള എ യു പി സ്‌കൂളില്‍ അബ്ദുള്‍ സലാം, മര്‍ഷദ്, ഇനിയാസ് എന്നിവര്‍ രണ്ടുതവണ വോട്ട് ചെയ്തു. കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ്, എ പി ഷമല്‍, മുബാഷര്‍ എന്നിവര്‍ ഒരോ തവണയും വോട്ട് ചെയ്തു. എന്നാല്‍ ഇവര്‍ സ്വന്തം ബൂത്തുകളിലല്ല വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് കള്ളവോട്ടാണെന്ന് സ്ഥിരീരിക്കപ്പെട്ടത്. ആരോപണ വിധേയരായ എല്ലാവരെയും വിളിച്ചു വരുത്തി ജില്ലാ കളക്ടര്‍ മൊഴി എടുത്തിരുന്നു.

content highlights: bogus voting, kannur loksabha constituency