election
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍
തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളുമായി ഷാഹുല്‍ ഹമീദ്‌

തൊടുപുഴ: അടിയന്തരാവസ്ഥയുടെ കറുത്തദിനങ്ങൾ അവസാനിച്ചതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഓർമയിൽ ഇപ്പോഴുമുള്ളതെന്ന് ഇടുക്കിയിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിലൊരാളായ മുതലക്കോടം കുപ്പശേരിൽ ഷാഹുൽ ഹമീദ്. 1977-ലെ തിരഞ്ഞെടുപ്പ് ചരിത്രം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. 

ഇടുക്കി പാർലമെന്റ് മണ്ഡലം രൂപവത്കരിച്ചതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നത്. ആ കാലഘട്ടത്തിൽ തന്നെയാണ് ക്യാമറയുമായി ഇറങ്ങുന്നതും. അതിനാൽ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടും ചൂരും നേരിട്ടനുഭവിച്ചറിയാൻ സാധിച്ചു.

ഇന്ദിരയെ തളയ്ക്കൂ, ഇന്ത്യയെ രക്ഷിക്കൂവെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം ജനങ്ങളെ സമീപിച്ചതെന്ന് ഷാഹുൽ ഓർമിക്കുന്നു. കോൺഗ്രസിനായി സി.എം.സ്റ്റീഫനും ഇടതുപക്ഷത്തിനായി എൻ.എം. ജോസഫുമായിരുന്നു പോരാടിയത്. പിന്നീടുള്ള അസംബ്ലി, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ജില്ലയെ ക്യാമറക്കണ്ണിലൂടെ തന്നെ അടുത്തറിയാൻ സാധിച്ചുവെന്നും 64-കാരനായ അദ്ദേഹം പറയുന്നു.

പ്രചാരണം അതിശക്തം

സ്ഥാനാർഥികൾ വീടുതോറും കയറിയിറങ്ങി വോട്ടുതേടുന്ന രീതി അന്നുണ്ടായിരുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ, മത-സാംസ്‌കാരിക സംഘടനകൾ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥി നേരിട്ടെത്തി വോട്ടഭ്യർഥിക്കും. കൂടാതെ കോർണർ യോഗങ്ങൾ, കൺവെൻഷനുകൾ, പ്രകടനം എന്നിവയെല്ലാമുണ്ടാകും.

പാറകളിലും മറ്റും വലിപ്പത്തിൽ ചിഹ്നങ്ങളും മറ്റും വരച്ചുവെയ്ക്കുന്നതും പതിവായിരുന്നു. ഇപ്പോൾ വാർത്താ ചാനലുകൾ ചെയ്യുന്നതുപോലെ സ്ഥാനാർഥികളെ ഒരുമിച്ച് കൂട്ടുന്നത് ഏതെങ്കിലും ഒരു ക്ലബ്ബോ മറ്റോ ആയിരിക്കും. എല്ലാ സ്ഥാനാർഥികളും അന്നെത്തും. നാട്ടുകാരും സ്ഥാനാർഥികളെ കേൾക്കാൻ ഒത്തുകൂടും. കാളവണ്ടി, കുതിരവണ്ടി എന്നിവ പ്രചാരണവാഹനങ്ങളായി നിറഞ്ഞുനിന്നൊരു കാലഘട്ടമായിരുന്നത്. വോട്ടെടുപ്പ് ദിവസം പ്രായമായവരെ കസേരകളിലും തോളിലും ഇരുത്തികൊണ്ടുവരുമായിരുന്നു.

താരപ്രചാരകരും റേഡിയോയും

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എം.ജി.ആർ. തുടങ്ങിയ താരപ്രചാരകർ ജില്ലയെ ഇളക്കിമറിക്കാനെത്തിയിട്ടുണ്ട്. നേതാക്കളെ കാണാൻ ജനങ്ങളുടെ ഒഴുക്ക് തന്നെയുണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ളവരെല്ലാം നടന്നുതന്നെയായിരുന്നു പ്രസംഗം കേൾക്കാനെത്തിയിരുന്നത്. ദൂരപ്രദേശങ്ങളിൽനിന്നുള്ളവർ നേരത്തെ തന്നെ സ്വീകരണസ്ഥലത്തേക്ക് പുറപ്പെടും.

റേഡിയോ മാത്രമായിരുന്നു അന്ന് വാർത്താവിനിമയോപാധി. ഒാരോ സ്ഥാനാർഥിക്കും വേണ്ടി അവരുടെ നേതാക്കൾ റേഡിയോയിൽ പ്രഭാഷണം നടത്തും. ആ ദിവസങ്ങളിൽ അതാത് പാർട്ടിക്കാർ കവലകളിൽ മൈക്ക് കെട്ടി റേഡിയോ പ്രഭാഷണം എല്ലാവരെയും കേൾപ്പിക്കുന്നതും ഇന്നൊരു കൗതുകകാഴ്ചയായി മനസ്സിൽ നിൽക്കുന്നു. ഫലം അറിയാൻ പിറ്റേദിവസം വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. ലീഡ് നില അറിയാനും റേഡിയോയും പത്രം ഓഫീസുകളും മാത്രമായിരുന്നു ആശ്രയം. പത്ര ഓഫീസുകളിൽ മൈക്ക് കെട്ടി ലീഡ് നില അപ്പപ്പോൾ വിളിച്ചുപറയുന്നതും അന്നത്തെ കാഴ്ചകളായിരുന്നു.

content highlights: loksabha election after 1977 emergency