ടുക്കിയില്‍ ചിത്രം തെളിഞ്ഞു. പോരാട്ടം ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും തമ്മില്‍. 2014ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ജോയ്‌സ് ജോര്‍ജിനൊപ്പമായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സഭയുടെ എതിര്‍പ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനവും ഒത്തുവന്നപ്പോള്‍ ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചതിലൂടെ സമര്‍ഥമായ രാഷ്ട്രീയകരുനീക്കമായിരുന്നു 2014ല്‍ ഇടതുപക്ഷം നടത്തിയത്. കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലത്തലമുള്ള ജോയ്‌സ് ജോര്‍ജിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇടതുപക്ഷം അവതരിപ്പിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജോയ്സ് ജോര്‍ജ് പാര്‍ലമെന്റിലെത്തി. 

പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍, ഇക്കുറി ഇടുക്കി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇടതുപക്ഷവും വലതുപക്ഷവും. അഞ്ചുവര്‍ഷത്തിനിപ്പുറം ഇടുക്കിയില്‍ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളും മാറിക്കഴിഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഏറെക്കുറെ അപ്രസക്തമായെന്നു തന്നെ പറയാം. ഇപ്പോള്‍ ഇടുക്കി ചര്‍ച്ച ചെയ്യുന്നത് പ്രളയാനന്തര അതിജീവനത്തെ കുറിച്ചാണ്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ ആഘാതത്തില്‍നിന്ന് ജില്ല ഇനിയും മുക്തമായിട്ടില്ല. പത്തോളം കര്‍ഷക ആത്മഹത്യകളാണ് ഈയടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല. 

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. 2016ലെ നിയമസഭാ​ തിരഞ്ഞെടുപ്പില്‍ കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു. തൊടുപുഴയിലും ഇടുക്കിയിലും മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്.

മറ്റു പേരുകള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഇട നല്‍കാതെ ഇടതുപക്ഷം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ജോയ്‌സ് ജോര്‍ജിന് രണ്ടാമൂഴം നല്‍കി. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു യുഡിഎഫിന്റെ കാര്യം. പി ജെ ജോസഫിന്റെ മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ വരെ പേരുകള്‍ ഇടുക്കി സീറ്റില്‍ ഉയര്‍ന്നു കേട്ടു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് നറുക്കുവീണു. 

പഴയ എതിരാളികള്‍ ഒരിക്കല്‍കൂടി കളത്തിലിറങ്ങുമ്പോള്‍ ഇടുക്കിയില്‍ പോരാട്ടം തീപാറും. ഇനി അറിയേണ്ടത് ബി ജെ പി സ്ഥാനാര്‍ഥി ആരെന്നാണ്. ബി ഡി ജെ എസ് നേതാക്കളില്‍ ആരെയെങ്കിലുമാകും ബി ജെ പി കളത്തിലിറക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥിത്വം നേരത്ത പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രചരണത്തില്‍ ജോയ്‌സ് ജോര്‍ജ് സജീവമാണ്. യു ഡി എഫ് അനുകൂലമണ്ഡലമായ ഇടുക്കിയെ ഇക്കുറിയും ഇടതിനൊപ്പം നിര്‍ത്താം എന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്‍ ഡി എഫ് ക്യാമ്പ്. മാറിയ സാഹചര്യത്തില്‍ ഇടുക്കിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്ന കൊട്ടക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റവിഷയങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്. സഭയുടെ എതിര്‍പ്പ് ഇല്ലാത്തതും യുഡിഎഫ് പ്രതീക്ഷയോടെ കാണുന്നു. 

content highlights: Joice George of dean kuriakose who will win idukki loksabha constituency