പൈനാവ്: ഇടുക്കി ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശ്. ഇതു സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ മുഖ്യ ഏജന്റുമാര്‍ക്ക് നോട്ടീസ് നല്‍കും.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് യു ഡി എഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ രഞ്ജിത് എന്ന വ്യക്തിയെ കളക്ടര്‍ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു.

രഞ്ജിത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നാണ് യു ഡി എഫിന്റെ ആരോപണം. എന്നാല്‍ 69-ാം നമ്പര്‍ ബൂത്തില്‍മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്ന് ഹിയറിങ്ങിന് ഹാജരായപ്പോള്‍ രഞ്ജിത് കളക്ടര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. രഞ്ജിത്തിന് രണ്ട് തിരിച്ചറിയല്‍ രേഖകളാണുണ്ടായിരുന്നത്.

മേല്‍വിലാസം മാറിപ്പോയ സമയത്ത് മറ്റൊരു തിരിച്ചറിയല്‍ രേഖയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ രേഖ മറ്റാരോ ആണ് കൈപ്പറ്റിയത്. അതിനാല്‍ തന്നെ മറ്റാരോ ആണ് വോട്ട് ചെയ്തതെന്നാണ് രഞ്ജിത്തിന്റെ വാദം. 

ബുധനാഴ്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഈ ചര്‍ച്ചയ്ക്കു ശേഷമാകും സ്‌ട്രോങ് റൂം തുറക്കണോ എന്ന കാര്യത്തില്‍ കളക്ടര്‍ അന്തിമതീരുമാനം എടുക്കുക. കള്ളവോട്ട് നടന്നെന്ന യു ഡി എഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചത്.

content highlights: bogus voting in idukki udumbanchola