എല്ലാ തിരഞ്ഞെടുപ്പുകളിലും ‘മുറിക്കല്‍’ ദ്വീപിലെ പോളിങ് നൂറ് ശതമാനമാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപിലെ ഏക വോട്ടറും 68 കാരനുമായ ജോസഫ് പറയുന്നത്. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി മുറിക്കലില്‍ ഒറ്റയ്ക്ക് കഴിയുന്ന ജോസഫിനെ തേടി ഒരു പാര്‍ട്ടിയുടെയും ആളുകള്‍ എത്താറില്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള ജോസഫ് വോട്ട് മുടക്കാറില്ല. മറുകരയിലുള്ള വലിയ കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യും. അത് ഇക്കുറിയും തെറ്റിക്കില്ലെന്നും ജോസഫ് പറയുന്നു.
ദ്വീപില്‍ മറ്റ് വോട്ടര്മാരില്ലാത്തതാകാം ആരും വരാത്തതിനുള്ള കാരണമെന്നാണ് ജോസഫ് പറയുന്നത്. ചെന്നില്ലെങ്കിലും ജോസഫ് വോട്ട് മുടക്കില്ലെന്ന ഉറപ്പും പാര്‍ട്ടിക്കാര്‍ക്കുണ്ട്. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ ആരും ദ്വീപില്‍ എത്തുന്നില്ലെങ്കിലും കാര്യങ്ങളൊക്കെ ജോസഫ് കൃത്യമായി അറിയുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
സ്ഥാനാര്‍ഥികളായവര്‍ മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നല്കിയ വാഗ്ദാനങ്ങളും അതില്‍ പലതും നിറവേറ്റാത്തതുമൊക്കെ ജോസഫ് അക്കമിട്ട് നിരത്തുന്നു. തനിക്ക് വ്യക്തിപരമായി പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെങ്കിലും ദ്വീപുകളുടെ പൊതുവായ വികസനകാര്യത്തില്‍ കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി ജോസഫിനുണ്ട്. ഗതാഗതസൗകര്യത്തിനുള്ള മാര്‍ഗം ഒരുക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചയാണതില് പ്രധാനം. പ്രകൃതിദത്തമായി കിട്ടിയ ദ്വീപുകളുടെ സൗന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ, ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാത്തത് ദ്വീപുകളുടെ പൊതുവായ വികസനത്തിന് തടസ്സമായിട്ടുണ്ടെന്നും ജോസഫ് പറയുന്നു.
ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സഞ്ചാരം ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, ഇതിനാവശ്യമായതൊന്നും ചെയ്യാന്‍ നടപടിയുണ്ടാകാത്തതും ദ്വീപുകളുടെ പുരോഗതിയെ പിന്നോട്ടു വലിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.
പുതിയ സൗകര്യങ്ങള്‍ തേടി മറ്റുള്ളവരെല്ലാം മുറിക്കലില്നിന്ന് പലപ്പോഴായി പടിയിറങ്ങിയപ്പോഴും, ജോസഫ് മാത്രം പോകാന്‍ കൂട്ടാക്കിയില്ല. ‘ജനിച്ചുവളര്‍ന്ന മുറിക്കല്‍ വിട്ടൊരു ജീവിതം തനിക്കില്ല’ എന്നാണ് ജോസഫിന്റെ പക്ഷം. കഴിയാനുള്ളതെല്ലാം പരമാവധി സ്വയം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ ഒറ്റമുറി ഷെഡ്ഡിനോട് ചേര്‍ന്ന് മത്സ്യകൃഷിയും ചുരുങ്ങിയ അളവിലെങ്കിലും പൊക്കാളി നെല്‍കൃഷിയും ചെയ്യുന്നുണ്ട്. ചെറുതല്ലാത്ത രീതിയില്‍ ജൈവ പച്ചക്കറിയുമുണ്ട്. കറിക്കുള്ള മീന്‍ ചൂണ്ടയിട്ടും വലവീശിയും പിടിക്കും. പലവ്യജ്ഞനങ്ങള്‍ക്കു മാത്രമാണ് മറ്റുള്ളവരെ ആശ്രയിക്കുന്നത്.
സ്വന്തമായി വഞ്ചിയുള്ളതിനാല് യാത്രയ്ക്കായും ആരെയും ആശ്രയിക്കേണ്ടിവരുന്നില്ല. പത്രപാരായണത്തിനായി എല്ലാ ദിവസവും മറുകരയിലുള്ള ദ്വീപിലെ ചായക്കടയില്‍ എത്തും. അവിടെയുള്ളവരുമായി സൗഹൃദം പങ്കുവയ്ക്കും. അന്നന്നത്തെ വിവരങ്ങള്‍ അറിയും. നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം, ജൈവജീവിതം പ്രോത്സാഹിപ്പിക്കുന്നവരെ തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കണമെന്നാണ് ജോസഫിന്റെ അഭിപ്രായം. കടമക്കുടി പഞ്ചായത്തിലെ ദ്വീപ് സമൂഹങ്ങളിലൊന്നാണ് ജോസഫ് മാത്രം താമസിക്കുന്ന മുറിക്കല്‍ ദ്വീപ്.