യുവനേതാവിനെ പരീക്ഷിക്കാനുളള സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റെക്കോഡ് ഭൂരിപക്ഷത്തില്‍ ഹൈബി ഈഡന്‍ നേടിയ വിജയം. ശക്തമായ പോരാട്ടം നടന്ന എറണാകുളം മണ്ഡലം ഇത്തവണയും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും കൈവിട്ടില്ല. തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ ഹൈബി ഈഡന്‍ എറണാകുളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. കെ.വി.തോമസിന് പകരക്കാരനായി താരതമ്യേന യുവാവായ ഹൈബി ഈഡന്‍ എത്തിയത് ആവേശത്തോടെയാണ് എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം. ഇരുമുന്നണികള്‍ക്കും പ്രധാനമായ മെട്രോ സിറ്റി തങ്ങളുടെ കൈപ്പിടിയ്ക്കുള്ളില്‍ നിന്നത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 

ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കോണ്‍ഗ്രസ് എറണാകുളത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ.വി.തോമസിനു പകരം ഹൈബി ഈഡന്‍ വരുന്നത് മണ്ഡലത്തില്‍ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് പാര്‍ട്ടിയ്ക്ക് തന്നെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍, ഏറെക്കുറെ ഉറപ്പുള്ള മണ്ഡലത്തില്‍ യുവ നേതാവിനെ കൊണ്ടുവരാന്‍ തന്നെയായിരുന്നു സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് താല്‍പര്യം. അതിന്റെ ഫലം വോട്ടില്‍ പ്രതിഫലിക്കുകയും ചെയ്തു. എറണാകുളം എംഎല്‍എ കൂടിയായ ഹൈബി മണ്ഡലത്തിലുള്ളവര്‍ക്ക് ഒട്ടുംതന്നെ അപരിചിതനായിരുന്നില്ല. മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കാനും ഹൈബി ശ്രദ്ധിച്ചിരുന്നു. വികസനത്തുടര്‍ച്ചയും കേന്ദ്രത്തിലെ ഭരണമാറ്റവുമായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങള്‍. എറണാകുളത്തെയും കേരളത്തിലെയും സാഹചര്യങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രചാരണം ഫലം കണ്ടെന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതും. വോട്ടുവിഹിതം ഉയര്‍ന്നു എന്നതിനൊപ്പം കഴിഞ്ഞ വട്ടം 51517 വോട്ടു നേടിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഇത്തവണ സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല എന്നതും ഹൈബിയ്ക്ക് തുണയായി.

വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപമെത്തിയ ഹൈബിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ' എന്നുറക്കെ  മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍ ആഹ്ളാദം പങ്കുവെച്ചു. 

hIBI

യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു. കേരള സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടികള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാന്‍ സാധിച്ചു. 

പല വിഷയങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വര്‍ഗീയ ഭീകരതയ്‌ക്കെതിരെയുളള ഒരു നിലപാടും കേരളത്തില്‍ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തില്‍ നിന്നും ഉള്ള ആളുകളുടെ വോട്ടുകള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഹൈബി പറഞ്ഞു. 

മണ്ഡലത്തില്‍ സുപരിചിതനായ മികച്ച പ്രതിച്ഛായയുള്ള പി.രാജീവിനെയാണ് സിപിഎം ഇത്തവണ എറണാകുളത്ത് കളത്തിലിറക്കിയത്. പാര്‍ട്ടി പ്രഖ്യാപനത്തിനു മുമ്പേ രാജീവിനായി വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരേക്കാള്‍ ഏറെ മുമ്പേ ആരംഭിച്ച പ്രചാരണവും രാജ്യസഭാ എംപിയായുള്ള മികച്ച പ്രവര്‍ത്തനവും രാജീവിനെ മണ്ഡലത്തിലെ ശക്തനായ പോരാളിയാക്കി. സെബാസ്റ്റ്യന്‍ പോളിനു ശേഷം എറണാകുളത്തെ പ്രതിനിധീകരിക്കുന്ന ഇടത് എംപിയാകുമോ രാജീവെന്നുവരെ ചര്‍ച്ചകള്‍ കൊഴുത്തു. രാജീവിന് ലഭിച്ച 3,22,110 വോട്ടുകള്‍ തന്നെ അതിനു സാക്ഷ്യം പറയും. 2014 തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ലഭിച്ചത് 2,66,794 വോട്ടുകളായിരുന്നു.

പ്രചാരണത്തില്‍ രാജീവ് രണ്ടു ഘട്ടം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പെരുമയുമായ അല്‍ഫോണ്‍സ് കണ്ണന്താനം എന്‍ഡിഎ സ്ഥാനാര്‍ഥിയായി  ഡല്‍ഹിയില്‍നിന്ന് പറന്നിറങ്ങുന്നത്. ചാലക്കുടി മണ്ഡലത്തിലുള്‍പ്പെടുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വോട്ടുചോദിച്ച് വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ രംഗപ്രവേശം. ടൈം മാഗസിന്‍ കവര്‍ ഉള്‍പ്പെടെ വിവാദങ്ങളുടെയും സോഷ്യല്‍ മീഡിയ ട്രോളുകളും അകമ്പടിയോടെയെങ്കിലും മൂന്നാഴ്ച കൊണ്ട് കണ്ണന്താനം മണ്ഡലത്തില്‍ ഓടിനടന്ന് പ്രചാരണം നടത്തി. പ്രചാരണ രംഗത്തെ അദ്ദേഹത്തിന്റെ എനര്‍ജി എതിരാളികളില്‍ പോലും മതിപ്പുണ്ടാക്കി. എ.എന്‍.രാധാകൃഷ്ണന് എറണാകുളത്ത് കഴിഞ്ഞ തവണ ലഭിച്ച 99,003 നിന്ന് ബിജെപിയുടെ വോട്ടുവിഹിതം 1,37,749 ലേക്കുയര്‍ന്നതിന് പിന്നില്‍ ബിജെപി പ്രഭാവത്തേക്കാള്‍ കണ്ണന്താനം പ്രഭാവമാണെന്ന് പറയേണ്ടിവരും. 

5378 വോട്ടുകളാണ് നോട്ടയ്ക്ക് എറണാകുളം മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത്.

Content highlights: Hibi Eden 2019 Lok sabha Election